1999ല്‍ ലഡാക്കിലെ പ്രധാന മേഖലകളുടെ നിയന്ത്രണം ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്ത ഓപ്പറേഷന് വിജയ് കാമ്പെയ്നിന്റെ ഓർമ്മ പുതുക്കി കാര്‍ഗില്‍ വിജയ് ദിവസ്. പോരാട്ടത്തിൽ വീര്യമൃത്യു വരിച്ച ധീര ജവാന്മാരുടെ ഓര്‍മ്മക്കായാണ് വിജയ് ദിവസ് ആചരിക്കുന്നത്.
കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് ടോളോലിംഗ് താഴ്വരയില് സ്ഥിതി ചെയ്യുന്ന സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനോടൊപ്പം ഡിഫന്‍സ് സ്റ്റാഫ് മേധാവി (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തും എത്തുമെന്ന് ഏജന്‍സികള്‍ അറിയിച്ചു. പ്രധാനമന്ത്രി എല്ലാ വര്‍ഷവും ഈ ദിവസം ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ സായുധ സേനയ്ക്ക് ആദരം അര്‍പ്പിക്കും.
കാര്‍ഗിലിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 60 ദിവസത്തോളം നടന്ന പാകിസ്താനെതിരായ ഇന്ത്യന്‍ സൈന്യത്തിന്റെ സായുധ പോരാട്ടത്തിന്റെ ഓര്‍മ്മക്കായാണ് ജൂലൈ 26നു കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കുന്നത്.
ഓപ്പറേഷന് വിജയ് കാമ്പയിനിന്റെ ഭാഗമായി പാകിസ്താന് പട്ടാളക്കാര്‍ക്കു പുറമേ വിമതസേനകളേയും പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം കാര്‍ഗിലില്‍ ദേശീയ പതാക സ്ഥാപിച്ചു. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ മരിച്ചതായും 1,300 ലധികം പേര്‍ക്ക് പരിക്കേറ്റതായും കണക്കാക്കപ്പെടുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ സംഭാവനകളെ അനുസ്മരിച്ച് കാര്‍ഗില്‍ മേഖലയിലും രാജ്യത്തുടനീളവും ആഘോഷങ്ങള്‍ നടത്താറുണ്ട്. കാര്‍ഗില്‍ യുദ്ധത്തിന്റെ 22 വര്‍ഷത്തെ വിജയാഘോഷങ്ങളുടെ ഭാഗമായി കോവിഡ് -19 പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ജമ്മു കശ്മീരിലെ ഉധംപൂരില്‍ ചടങ്ങ് സംഘടിപ്പിച്ചു.
ടോളോലിംഗ്, ടൈഗര്‍ ഹില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഐതിഹാസിക പോരാട്ടങ്ങത്തിന്റെ സ്മരണാര്‍ത്ഥം 599 വിളക്കുകള്‍ ലഡാക്കിലെ ഡ്രാസ് ഏരിയയിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ തെളിയിച്ചു. ചടങ്ങില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും സൈനികരുടെ കുടുംബാംഗങ്ങളും മറ്റുള്ളവരും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.