ഭൂമി തട്ടിപ്പ്; പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വാദ്രയുടെ 36 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി
മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 36 കോടി രൂപയിലധികം വിലമതിക്കുന്ന 43 വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഹരിയാനയിലെ ഷിക്കോപൂര്‍ ഗ്രാമത്തിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഭൂമി തട്ടിപ്പ് കേസില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. റോബര്‍ട്ട് വാദ്രയ്ക്കും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഇതാദ്യമായാണ് 56-കാരനായ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ ക്രിമിനല്‍ കേസില്‍ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി പ്രോസിക്യൂഷന്‍ പരാതി ഫയൽ ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിനുകീഴില്‍ റോബര്‍ട്ട് വാദ്രയ്ക്കും മറ്റുചിലര്‍ക്കുമെതിരെ പ്രാദേശിക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായാണ് വിവരം.
advertisement
ഏപ്രിലില്‍ വാദ്രയെ തുടര്‍ച്ചയായി മൂന്ന് ദിവസം ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി ചോദ്യം ചെയ്തിരുന്നു.
2008-ലാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി ഷിക്കോപൂരില്‍ ഏകദേശം മൂന്ന് ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്. പിന്നീട് ഹരിയാന നഗാരാസൂത്രണ വകുപ്പ് ഈ ഭൂമിയുടെ ഒരു ഭാഗത്ത് ഒരു വാണിജ്യ കോളനി വികസിപ്പിക്കുന്നതിനുള്ള താല്‍പ്പര്യ പത്രം ക്ഷണിച്ചു.
വാദ്രയുടെ സ്‌കൈലൈറ്റ് പിന്നീട് ഈ ഭൂമി 58 കോടി രൂപയ്ക്ക് വില്‍ക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണകമ്പനിയായ ഡിഎല്‍എഫുമായി കരാറിലെത്തി. ഡിഎല്‍എഫിന്റെ പേരിലാണ് ഈ ഇടപാട് രജിസ്റ്റര്‍ ചെയ്തത്. 2012-ലാണ് ഭൂമി ഡിഎല്‍എഫിന് വിറ്റത്. ഭൂമിയിടപാടില്‍ 50 കോടി രൂപയിലധികം വാദ്ര അനധികൃതമായി ലാഭം നേടിയതായാണ് ഇഡിയുടെ ആരോപണം.
advertisement
ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് അന്ന് ഹരിയാനയില്‍ അധികാരത്തിലുണ്ടായിരുന്നത്. നിയമപരമായ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 2012-ല്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംക ഭൂമി ഉടമസ്ഥാവകാശം മാറ്റുന്നത് റദ്ദാക്കിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. മറ്റ് രണ്ട് കേസുകളിലും റോബര്‍ട്ട് വാദ്രയ്ക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 18, 2025 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭൂമി തട്ടിപ്പ്; പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വാദ്രയുടെ 36 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി