ഇ ആർ രാഗേഷ്
പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് ഇപ്പോൾ പ്രായം 94 കഴിഞ്ഞു. അഞ്ചു തവണ സംസ്ഥാന മുഖ്യമന്ത്രിയായി .ഇത്തവണയും പഞ്ചാബ് നിയസഭയിലേക്ക് മൽസര രംഗത്തുണ്ട് ബാദൽ സീനിയർ. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയായല്ല ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിർന്ന സ്ഥാനാർഥിയുടെ ഇത്തവണത്തെ പോരാട്ടം. മകൻ സുഖ്ബീർ സിംഗ് ബാദൽ ആണ് അകാലിദൾ -ബിഎസ്പി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. പ്രചാരണം നയിക്കുന്നതും സുഖ്ബീർ തന്നെ. ആദ്യ ഘട്ടത്തിൽ പേര് പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ജനകീയനായ പ്രകാശ് സിംഗ് ബാദലിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിൽ മത്സരിക്കണമെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തിച്ചേരുകയായിരുന്നു
# പ്രായം കൂടിയ സ്ഥാനാർഥി
2016 മെയ് മാസത്തിൽ കേരള, തമിഴ്നാട് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വിഎസ് അച്യുതാനന്ദന് 92ഉം എം കരുണാനിധിക്ക് 91 ഉം വയസായിരുന്നു. മലമ്പുഴയിൽ നിന്ന് വിഎസും തിരുവാരൂരിൽ നിന്നു കലൈജ്ഞറും വിജയിച്ചു. സഭാകാലാവധി തീരും മുൻപേ 2018 ൽ കരുണാനിധി അന്തരിച്ചു.. 2021 ൽ മത്സരിക്കാതിരുന്ന വിഎസ് ഇപ്പോൾ വിശ്രമ ജീവിതത്തിലും. 94 ആം വയസിൽ തന്റെ തട്ടകമായ ലംബി നിലനിര്ത്താനുള്ള പോരാട്ടത്തിലാണ് പ്രകാശ് സിംഗ് ബാദൽ.
# ബാദലിന്റെ പതിമൂന്നാം നിയമസഭാ പോരാട്ടം
പഞ്ചാബ് നിയസഭയിലേക്ക് സീനിയർ ബാദലിന്റെ പതിമൂന്നാമത്തെ മത്സരമാണ് ഇത്തവണത്തേത്. ഇതിൽ 11 തവണ വിജയിച്ചപ്പോൾ തോറ്റത് ഒരു തവണ മാത്രം. 1957ൽ മലോട്ടിൽ നിന്നായിരുന്നു ആദ്യം ജയം.1967 ഗിദ്ദർബഹ മണ്ഡലത്തിലേക്ക് മാറിയ ബാദലിനെ ജയം തുണച്ചില്ല.57 വോട്ടുകൾക്കായിരുന്നു തോൽവി. എന്നാൽ 69ൽ മണ്ഡലം തിരുച്ചുപിടിച്ച ബാദൽ സീനിയർ 1969,1972,1977,1980 ,1985 വർഷങ്ങളിൽ ഗിദ്ദർബയെ പ്രതിനിധീകരിച്ചു. 1997 മുതൽ ലംബി എംഎൽഎയാണ് പ്രകാശ് സിംഗ് ബാദൽ.
#ബാദൽ ഗ്രാമം ഉൾപ്പെട്ട ലംബി
പഞ്ചാബിലെ മുക്തസർ ജില്ലയിലെ ഒരു ഗ്രാമമാണ് പ്രകാശ് സിംഗ് പേരിനൊപ്പം ചേർത്തിരിക്കുന്ന ബാദൽ. ലംബി മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശം.ലംബിക്കാർക്ക് പ്രകാശ് സിംഗ് ബാദൽ മണ്ണിന്റെ മകനാണ്.1997ലായിരുന്നു ബാദൽ സീനിയറിന്റെ ലംബിയിൽ നിന്നുള്ള ആദ്യ ജയം. 2002,2007,2012,2017 തെരെഞ്ഞെടുപ്പുകളിൽ സ്വന്തം തട്ടകത്തിൽ നിന്നു ബാദൽ ജയം ആവർത്തിച്ചു.
Also Read-
Buddhadeb No to Padma Bhushan: കമ്മ്യൂണിസ്റ്റ് നേതാക്കൾ ദേശീയ ബഹുമതികൾ നിരസിക്കുകയും മറ്റ് അവാർഡുകൾ സ്വീകരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
#എതിരാളികൾ പുതുമുഖങ്ങൾ
ലംബിയിൽ പ്രകാശ് സിംഗ് ബാദൽ ഏറ്റവും വലിയ പരീക്ഷണം നേരിട്ടത് 2017 ലായിരുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് തന്നെ പ്രകാശ് സിംഗ് ബാദലിനെ നേരിടാൻ എത്തി. പട്യാലയ്ക്ക് പുറമെ ആയിരുന്നു ക്യാപ്റ്റന്റെ ലംബിയിലെ പോരാട്ടം. ആം ആദ്മി സ്ഥാനാർഥിയായി ജർണൈയിൽ സിംഗും വന്നതോടെ ത്രികോണ പോരാട്ടത്തിന്റെ പ്രതീതി ഉണ്ടായിരുന്നു ലംബിയിൽ. എന്നാൽ ഫലം വന്നപ്പോൾ 22,000 ലധികം വോട്ടുകൾക്ക് ബാദൽ ജയിച്ചു. ഇത്തവണ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും മണ്ഡലത്തിൽ പുതുമുഖ സ്ഥാനാർഥികളാണ്. കോൺഗ്രസ്സിന് ജഗ്പാൽ സിംഗ് അബുൾഖുറാനയും,ആം ആദ്മിക്ക് ഗുർമീത് സിംഗ് ഖുഡിയയും .. ശിരോമണി അകാലിദൾ ബഹിഷ്കരിച്ച 1992 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മണ്ഡലത്തിൽ നിന്നു ജയിച്ചത് ജഗ്പാൽ സിംഗിന്റെ അച്ഛൻ ഗുർണാം സിംഗ് അബുൾ ഖുറാന ആയിരുന്നു.അകാലി എംപിയായിരുന്ന ജഗ്ദേവ് സിംഗ് ഖുഡിയയുടെ മകനാണ് ഗുർമീത് സിംഗ്.
#പ്രചാരണം നേരത്തെ തുടങ്ങി ബാദൽ
പഞ്ചാബിൽ ഇപ്പോൾ ശൈത്യകാലമാണ്. കൊടുംതണുപ്പ് വകവയ്ക്കാതെ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് മുൻപ് തന്നെ തട്ടകമായ ലംബിയിൽ വീടുതോറുമുള്ള പ്രചാരണം ആരംഭിച്ചിരുന്നു ബാദൽ. ഈ മാസം 19 ന് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഉടൻ തന്നെ പ്രചാരണം തുടങ്ങുമെന്നാണ് അകാലിദൾ വൃത്തങ്ങൾ നൽകുന്ന സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.