'മണിപ്പൂരിൽ ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ല; ഗോത്രവർഗങ്ങൾ തമ്മിലുള്ളത്': ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ്
- Published by:Rajesh V
- trending desk
Last Updated:
മണിപ്പൂരിൽ നടക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘട്ടനമല്ല, മറിച്ച് ചരിത്രപരമായി പരസ്പരം ശത്രുത പുലർത്തുന്ന രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു
മുംബൈ: മണിപ്പൂരിൽ നടക്കുന്നത് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള സംഘർഷമല്ലെന്നും അത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ”പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ പുനർനിർമിക്കാൻ ഞങ്ങൾ ആവശ്യമായ സഹായം ചെയ്യും”, എന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ സംഭവിച്ചതും സംഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഏറെ വേദനാജനകമാണെന്ന് വീഡിയോ പ്രസ്താവനയിൽ ആർച്ച് ബിഷപ്പ് പറഞ്ഞു. അതിന് ചിലർ മതപരമായ മാനങ്ങൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിൽ നടക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘട്ടനമല്ല, മറിച്ച് ചരിത്രപരമായി പരസ്പരം ശത്രുത പുലർത്തുന്ന രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.
advertisement
”പല കാരണങ്ങൾ കൊണ്ട് മണിപ്പൂർ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. നിരവധി അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറി. നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടു. ധാരാളം പേരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. എന്നാൽ ഈ സംഭവം മാധ്യമങ്ങളിൽ എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. ഇന്ത്യയിൽ ഇത് സംഭവിച്ചു എന്നതിൽ നമ്മൾ ലജ്ജിച്ചു തല താഴ്ത്തണം”, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.
advertisement
സർക്കാർ ഈ വിഷയത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ ഈ രാജ്യത്ത് ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സിബിസിഐ (കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ) പ്രസിഡന്റുമായി താൻ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നതായും സംഘടനയ്ക്കും സഭയ്ക്കും മണിപ്പൂരിൽ എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയും എന്നതിനെക്കുറിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
advertisement
ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലൂമൺ തുടങ്ങിയവരുമായെല്ലം ഈ വിഷയം ചർച്ച ചെയ്തിരുന്നു എന്നും അതിനു ശേഷമാണ് ഈ വീഡിയോ സന്ദേശം പുറത്തിറക്കിയത് എന്നും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.
“ഇത് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ്, ചരിത്രപരമായി നോക്കിയാൽ, പരസ്പരം ശത്രുത പുലർത്തി വന്നിരുന്നവരാണ് ഇവർ. ഇപ്പോൾ പാസാക്കിയ ചില നിയമങ്ങൾ അക്രമത്തിലേക്ക് നയിച്ചു. അതിന് മതപരമായ മാനങ്ങൾ ചിലർ നൽകിയിട്ടുണ്ടെങ്കിലും അതൊരു മത സംഘർഷമല്ല”, എന്നും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. മണിപ്പൂരിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ബിഷപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ആരും ഒന്നും ചെയ്യരുതെന്നും ഐക്യവും സമാധാനവും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
മണിപ്പൂരിന്റെ സമാധാനത്തിനായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായും സംഭാവന നൽകണം എന്നും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ പ്രത്യേക യോഗം സംഘടിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മണിപ്പൂരിനായി പ്രാർത്ഥിക്കണമെന്നും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 29, 2023 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മണിപ്പൂരിൽ ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ല; ഗോത്രവർഗങ്ങൾ തമ്മിലുള്ളത്': ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ്