ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജി എന്തു കൊണ്ട്? ആരോഗ്യപ്രശ്‌നങ്ങള്‍ക്കപ്പുറവും കാരണമുണ്ടോ?
- Published by:meera_57
- news18-malayalam
Last Updated:
2022ല്‍ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായാണ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2022 ഓഗസ്റ്റ് 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു
ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുമുള്ള ജഗ്ദീപ് ധന്‍കറിന്റെ (Jagdeep Dhankar) രാജി തികച്ചും അപ്രതീക്ഷിതമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസില്‍ നാല് ദിവസത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം വൈകാതെ തന്നെ ഓഫീസില്‍ തിരിച്ചെത്തി.
ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞ 74കാരനായ ധന്‍കര്‍ ചികിത്സ തുടരുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ചേര്‍ന്ന് നടത്തിയ ഒരു ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജി. രാജിക്കുപിന്നില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കപ്പുറം ചില കാരണങ്ങളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏകദേശം മൂന്ന് വര്‍ഷത്തോളമാണ് രാജ്യസഭാ അധ്യക്ഷനായി ധന്‍കര്‍ സേവനമനുഷ്ഠിച്ചത്. ജൂലൈ 23ന് ജയ്പൂരിലേക്ക് നടത്തുന്ന തന്റെ ഔദ്യോഗിക യാത്രയെക്കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 50ല്‍ അധികം എംപിമാര്‍ ഒപ്പിട്ട കത്ത് ലഭിച്ചതായി ധന്‍കര്‍ തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. രാജ്യസഭയില്‍ ലഭിച്ച കത്ത് പ്രതിപക്ഷ എംപിമാര്‍ മാത്രമാണ് ഒപ്പിട്ടിരുന്നത്. അതിനാൽ ഈ നീക്കം കേന്ദ്രസർക്കാരിന് അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് വിഷയത്തില്‍ മുന്നോട്ട് പോകാന്‍ അദ്ദേഹം സെക്രട്ടറി ജനറലിനോട് നിര്‍ദേശിച്ചു.
advertisement
വൈകിട്ട് നാലുമണി വരെ അദ്ദേഹം സഭ നിയന്ത്രിച്ചിരുന്നു. തുടര്‍ന്ന് വളരെ അപ്രതീക്ഷിതമായി രാഷ്ട്രപതി ഭവനില്‍ എത്തിയ ഉപരാഷ്ട്രപതി മുന്‍കൂര്‍ അനുമതിയില്ലാതെ രാഷ്ട്രപതിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നുവെന്ന് സ്രോതസ്സുകള്‍ സൂചിപ്പിച്ചു.
കോണ്‍ഗ്രസിലെ നിരവധി നേതാക്കളുമായി ധന്‍കറിന് അടുപ്പമുള്ളതായി അടുത്തിടെ ചില സംസാരം ഉയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച വൈസ് പ്രസിഡന്റ് എന്‍ക്ലേവില്‍ വെച്ച് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണുകയും ഞായറാഴ്ച അരവിന്ദ് കെജ്രിവാറിനെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. നീതിന്യായ വ്യവസ്ഥയിലെ അഴിമതി തടയുന്നതിനായി എന്‍ജെസി പോലെയുള്ള ഒരു സ്ഥാപനം തിരികെ കൊണ്ടുവരണമെന്ന് ധന്‍കര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ പിന്തുണച്ചില്ല.
advertisement
1951ല്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ ജാട്ട് സമുദായത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ധന്‍കര്‍ ജനിച്ചത്. 1979ല്‍ അദ്ദേഹം രാജസ്ഥാന്‍ ബാറില്‍ ചേര്‍ന്നു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും പ്രാക്ട്രീസ് ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
1990കളിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നത്. ജനതാദളിനൊപ്പമാണ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. ജുന്‍ജുനുവില്‍ നിന്ന് ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2003ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. 2019ല്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിതനായി. ഇതിന് പിന്നാലെ മമത ബാനര്‍ജി സര്‍ക്കാരുമായി ചില തര്‍ക്കങ്ങളുമുണ്ടായി.
advertisement
2022ല്‍ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായാണ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2022 ഓഗസ്റ്റ് 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ ഉറച്ച നിലപാടുകളുടെ പേരില്‍ അദ്ദേഹം പേരുകേട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരേ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണവും ഉയര്‍ന്നു. 2024 ഡിസംബറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ ധന്‍കര്‍ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതില്‍ തനിക്ക് വേദന തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
ധന്‍കര്‍ രാജിവെച്ചതോടെ അടുത്ത 60 ദിവസത്തിനുള്ളില്‍ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ചുമതല കേന്ദ്രസര്‍ക്കാരിനാണ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ചര്‍ച്ചകളും ജസ്റ്റിസ് വര്‍മ്മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികളും നടക്കുന്ന പാര്‍ലമെന്റിലെ പ്രധാനപ്പെട്ട മണ്‍സൂണ്‍ സമ്മേളനം നടന്നുവരികയാണ്. സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ധന്‍കാര്‍ രാജിവെച്ചതും വലിയ ചര്‍ച്ചയായിട്ടുണ്ട്.
advertisement
മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സഭയെ നയിക്കും. ഉപരാഷ്ട്രപതിയെ തിരിഞ്ഞെടുക്കുന്ന തീയതിയും സമയവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ തന്നെ അറിയിക്കും. രഹസ്യബാലറ്റും ആനുപാതിക സംവിധാനവും ഉപയോഗിച്ച് ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കുക. അടുത്ത ഉപരാഷ്ട്രപതിയായി കേന്ദ്രസര്‍ക്കാര്‍ ആരെ തിരഞ്ഞെടുക്കുമെന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 22, 2025 9:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജി എന്തു കൊണ്ട്? ആരോഗ്യപ്രശ്‌നങ്ങള്‍ക്കപ്പുറവും കാരണമുണ്ടോ?