കുടുംബത്തിന്റെ സമ്മതമില്ലാതെയുള്ള പ്രണയവിവാഹങ്ങള്‍ പഞ്ചാബിലെ പഞ്ചായത്ത് നിരോധിച്ചു; ഈ ഒറ്റക്കാരണത്താൽ

Last Updated:

26 വയസ്സുള്ള ദാവീന്ദര്‍ എന്ന വ്യക്തി 24 വയസ്സുള്ള തന്റെ മരുമകളെ വിവാഹം ചെയ്ത സംഭവമാണ് ഈ നീക്കത്തിന് പ്രേരിപ്പിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പഞ്ചാബിലെ (Punjab) മൊഹാലി ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് പ്രണയവിവാഹങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തികൊണ്ട് പ്രമേയം പാസാക്കി. കുടുംബാംഗങ്ങളുടെയോ സമൂഹത്തിലെ അംഗങ്ങളുടെയോ അനുമതിയില്ലാതെയുള്ള പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ടുള്ളതാണ് പ്രമേയം. തീരുമാനം വിവാദത്തിനു വഴിയൊരുക്കി. രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ചണ്ഡീഗഡില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള മനക്പൂര്‍ ഷരീഫ് ഗ്രാമപഞ്ചായത്താണ് ജൂലായ് 31-ന് ഇതുസംബന്ധിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തത്. മാതാപിതാക്കളുടെയോ സമൂഹത്തിന്റെയോ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ പരിസരപ്രദേശങ്ങളിലോ താമസിക്കാന്‍ അനുവദിക്കില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിവാഹിതരാകുന്നവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന ഗ്രാമീണര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതൊരു ശിക്ഷയല്ലെന്നും മറിച്ച് നമ്മുടെ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണെന്നും ഗ്രാമ സര്‍പഞ്ച് ദല്‍വീര്‍ സിംഗ് പറഞ്ഞു. 26 വയസ്സുള്ള ദാവീന്ദര്‍ എന്ന വ്യക്തി 24 വയസ്സുള്ള തന്റെ മരുമകളെ വിവാഹം ചെയ്ത സംഭവമാണ് ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്നും സിംഗ് വിശദീകരിച്ചു. ദമ്പതികള്‍ ഗ്രാമം വിട്ടുപോയി. എന്നാല്‍ സംഭവം പ്രദേശവാസികളെ വളരെയധികം ബാധിച്ചുവെന്ന് സിംഗ് അവകാശപ്പെട്ടു. ഗ്രാമത്തില്‍ താമസിക്കുന്ന 2,000 പേരെ ഇത് ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു.
advertisement
പ്രമേയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ഗ്രാമം പ്രണയ വിവാഹങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ എതിരല്ലെന്നും സിംഗ് വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ പഞ്ചായത്തില്‍ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒത്തുച്ചേരലുകള്‍ തടയുന്നതിനുള്ള ഉത്തരവാദിത്തം മുഴുവന്‍ സമൂഹവും ഏറ്റെടുത്തുവെന്നും സാംസ്‌കാരിക മാനദണ്ഡങ്ങള്‍ സംരക്ഷിക്കുന്നതിന് സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ അയല്‍ഗ്രാമങ്ങളോടും ആഹ്വാനം ചെയ്യുന്നതായും പ്രമേയം പ്രഖ്യാപിച്ചു.
രാഷ്ട്രീയക്കാരും മനുഷ്യാവകാശ സംഘടനകളും പ്രമേയത്തിനെതിരെ പ്രതിഷേധവുമായെത്തി. പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ധരംവീര ഗാന്ധി പ്രമേയത്തെ അപലപിച്ചു. 'താലിബാനി ആജ്ഞ' എന്നാണ് എംപി ഇതിനെ വിശേഷിപ്പിച്ചത്. "ഒരാളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ മുതിര്‍ന്ന വ്യക്തിയുടെയും മൗലികാവകാശമാണ്. പഞ്ചായത്തിന്റെ തീരുമാനത്തില്‍ സംസ്ഥാനം ഇടപെടുകയും വിചിത്രമായ മനോഭാവങ്ങളില്‍ നിന്ന് ദമ്പതികളെ സംരക്ഷിക്കുകയും വേണം", ധരംവീര ഗാന്ധി പറഞ്ഞു.
advertisement
അതേസമയം, ചില ഗ്രാമവാസികള്‍ പഞ്ചായത്തിന്റെ നിലപാടിനെ പിന്തുണച്ചു. തീരുമാനത്തില്‍ തങ്ങള്‍ ഗ്രാമ സര്‍പഞ്ചിനൊപ്പമാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഗ്രാമവാസി ഇന്ത്യ ടുഡേയോട് പറഞ്ഞു. "അതിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് മാത്രമേ അധികാരമുള്ളൂ. എന്നാല്‍ ഞങ്ങള്‍ കരുതലോടെ പെരുമാറേണ്ട ഒരു പാരമ്പര്യവും പ്രശസ്തിയും ഞങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ലോകം ആധുനികമാണ്, പക്ഷേ നമ്മുടെ ബന്ധങ്ങളെയും സംസ്‌കാരത്തെയും ഗ്രാമങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്", ഗ്രാമവാസി പറഞ്ഞു.
അതേസമയം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചതെന്നും ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മൊഹാലിയിലെ അഡീഷ്ണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ സോനം ചൗധരി പറഞ്ഞു. വ്യക്തികള്‍ മുതിര്‍ന്നവരാണെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനുള്ള നിയമ സ്വാതന്ത്ര്യം ഉണ്ടെന്നും ഭാവിയില്‍ ഉണ്ടാകുന്ന ഏതൊരു പരാതിയും നിയമപ്രകാരം പരിഗണിക്കുമെന്നും ചൗധരി വ്യക്തമാക്കി.
advertisement
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ കുറിച്ച് മൊഹാലി പോലീസ് സൂപ്രണ്ട് മോഹിത് അഗര്‍വാളും വിശദീകരിച്ചു. പോലീസ് നിയമത്തിനും ഭരണഘാടനാ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുമെന്നും പരാതി ലഭിച്ചാല്‍ നിയമപരമായി പ്രവര്‍ത്തിക്കുമെന്നും കാര്യങ്ങള്‍ സ്വന്തം കൈകളിലേക്ക് എടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രാജ് ലല്ലി ഗില്ലും പ്രമേയത്തെ അപലപിച്ചു. പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നും പഞ്ചായത്തിന്റെ തീരുമാനം അര്‍ത്ഥശൂന്യമാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
കുടുംബത്തിന്റെ സമ്മതമില്ലാതെയുള്ള പ്രണയവിവാഹങ്ങള്‍ പഞ്ചാബിലെ പഞ്ചായത്ത് നിരോധിച്ചു; ഈ ഒറ്റക്കാരണത്താൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement