ഉത്തരാഖണ്ഡിൽ (Uttarakhand) ആദ്യമായി തുടർഭരണം ലഭിച്ച പാർട്ടിയാണ് ബി.ജെ.പി. സംസ്ഥാനം നിലവിൽ വന്നതിന് ശേഷമുള്ള കഴിഞ്ഞ 22 വർഷവും കോൺഗ്രസും (Congress) ബിജെപിയും (BJP) മാറി മാറി സംസ്ഥാനം ഭരിച്ചു. ബി.ജെ.പി. ചരിത്രവിജയം കൊയ്ത ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണം നയിച്ചത് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയായിരുന്നു (Pushkar Singh Dhami). ചരിത്രം തിരുത്തി പാർട്ടി അധികാരത്തിൽ വന്നെങ്കിലും, മുഖ്യമന്ത്രി തോറ്റു! സിറ്റിംഗ് സീറ്റായ ഖട്ടിമയിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻ ചന്ദ്ര കാപ്രിയോട് 6,500 വോട്ടുകൾക്ക് ധാമി പരാജയം ഏറ്റുവാങ്ങി.
തോറ്റെങ്കിലും പുഷ്‌കർ ധാമിയിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു ബി.ജെ.പി. ഡെറാഡൂണിൽ ചേർന്ന നിയമസഭ കക്ഷി യോഗം ധാമിയെ തന്നെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തു.
ധാമിയ്ക്ക് മുൻപേ മമത
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മൂന്നാമതും അധികാരത്തിൽ വന്ന തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. സീറ്റുകളുടെ എണ്ണവും വോട്ട് വിഹിതവും കൂടിയെങ്കിലും പാർട്ടിയെ നയിച്ച മമത ബാനർജി നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് തോറ്റു. 1900 ലധികം വോട്ടുകൾക്കായിരുന്നു മമതയുടെ പരാജയം. മുഖ്യമന്ത്രി കസേരയിൽ തുടർന്ന മമത ആറുമാസത്തിനുള്ളിൽ ഭവാനിപുർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ജയിച്ച് നിയമസഭയിൽ അംഗമായി.
പാർട്ടി ജയിച്ചപ്പോൾ തോറ്റ നേതാക്കൾ
പ്രേം കുമാർ ധുമലിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാണ് ബിജെപി 2017ലെ ഹിമാചൽ പ്രദേശ് തെരെഞ്ഞെടുപ്പിലേക്ക് പോയത്. കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി. തിരിച്ചു വന്നെങ്കിലും സുജൻപുർ മണ്ഡലത്തിൽ പ്രേം കുമാർ ധുമൽ തോറ്റു. പകരം ജയ്റാം താക്കൂർ മുഖ്യമന്ത്രിയായി.
ഗോവ മുഖ്യമന്ത്രിയായ ലക്ഷ്മികാന്ത് പർസേക്കറിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പർസേക്കരിന്റെ നേതൃത്വത്തിലായിരുന്നു 2017ൽ ബിജെപി പ്രചാരണം നടത്തിയത്. ചെറു പാർട്ടികളെ ഒപ്പം നിർത്തി ബി.ജെ.പി. അധികാരം നിലനിർത്തിയെങ്കിലും പർസേക്കർ തോറ്റു. ഒടുവിൽ ബിജെപിയിൽ നിന്നു പുറത്തുപോയ പർസേക്കർ ഇത്തവണ സ്വതന്ത്രനായാണ് മത്സരിച്ചത്.
ഉപതെരഞ്ഞെടുപ്പിൽ തോറ്റ മുഖ്യമന്ത്രിമാർ
ഉപതെരഞ്ഞെടുപ്പിൽ തോറ്റ മുഖ്യമന്ത്രിമാരാണ് ഷിബു സോറനും തൃഭുവൻ നാരായൺ സിംഗും. 2008 ഓഗസ്റ്റിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഷിബു സോറൻ നിയമസഭയിൽ അംഗമല്ലായിരുന്നു. ആറു മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടന്നെങ്കിലും സോറൻ തോറ്റു. പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണവും നിലവിൽ വന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന തൃഭുവൻ നാരായൺ സിംഗിനും ഉപതെരഞ്ഞെടുപ്പ് തോൽവിയോടെ രാജിവെച്ചു ഒഴിയേണ്ടിവന്നു. പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിമാരാകാൻ സാധ്യത ഉണ്ടായിരുന്ന നേതാക്കൾക്കും തെരഞ്ഞെടുപ്പിൽ അടിതെറ്റിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനും അർജുൻ മുണ്ടെയുമാണ് ആ നേതാക്കൾ.
കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്ന 1996ലെ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്തു പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. തലശ്ശേരിയിൽ നിന്നു ഉപതെരഞ്ഞെടുപ്പ് ജയിച്ച് നായനാർ സഭയിലെത്തി.
2014ലെ ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി. അധികാരത്തിൽ വന്നെങ്കിലും അർജുനൻ മുണ്ടെ തോറ്റു. ബി.ജെ.പി. ദേശീയ നേതൃത്വം പകരം രഘുബർദാസിനെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister of Uttarakhand, Pushkar Singh Dhami, Uttarakhand, Uttarakhand CM