ചിത്രം പകർത്തിയ ആളുടെ ഫോൺ തട്ടിപ്പറിച്ചു: സല്‍മാൻ ഖാനെതിരെ പരാതി
Last Updated:
ചിത്രം പകർത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് നേരത്തെ തന്നെ അനുമതി വാങ്ങിയിരുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്.
മുംബൈ : ചിത്രം പകർത്താൻ ശ്രമിച്ച ആളുടെ ഫോൺ തട്ടിപ്പറിച്ച ബോളിവുഡ് താരം സൽമാൻ ഖാനെതിരെ പരാതി. അശോക് ശ്യാം ലാല്‍ പാണ്ഡെ എന്ന മാധ്യമ പ്രവർത്തകനാണ് താരം ഫോൺ തട്ടിപ്പറിച്ചുവെന്ന് കാട്ടി പരാതി നല്‍കിയതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. തന്റെ പുതിയ ചിത്രമായ ഭരതിന്റെ പ്രൊമോഷൻ വീഡിയോ ഷൂട്ടുകള്‍ക്കായി സ്റ്റുഡിയോയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സൈക്കിളിൽ പോവുകയായിരുന്ന താരം അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയതിന് പാണ്ഡെയും അയാളുടെ ക്യാമറാമാനും ആയി വാക്കുതര്‍ക്കത്തിലേർപ്പെടുകയും ഫോൺ തട്ടിപ്പറിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സല്‍മാന്റെ ബോഡി ഗാർഡ്സും തങ്ങളോട് മോശമായി പെരുമാറിയെന്നും ഡിഎന്‍ നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലുണ്ട്.
advertisement
താരത്തിന്റെ ചിത്രം പകർത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് നേരത്തെ തന്നെ അനുമതി വാങ്ങിയിരുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്. അതേസമയം സൽമാന്റെ അനുമതിയില്ലാതെ ചിത്രം പകർത്താൻ ശ്രമിച്ചുവെന്ന് കാട്ടി താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പരാതി നൽകിയിട്ടുണ്ട്.
മുംബൈയിലെ സബ്അർബൻ സ്റ്റുഡിയോയിലെ ഷൂട്ട് കഴിഞ്ഞ് സൈക്കിളിൽ മടങ്ങി വരികയായിരുന്ന സൽമാനെ തിരക്കുള്ള റോഡിൽ പിന്തുടർന്ന് ചിത്രം പകര്‍ത്താൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 26, 2019 8:37 AM IST