Samudrayan ഇന്ത്യയുടെ ആഴക്കടല്‍ പര്യവേഷണ മനുഷ്യ ദൗത്യം; സമുദ്രയാനിന് മുന്നോടിയായി അറ്റാലാന്റിക് സമുദ്രത്തില്‍ ശാസ്ത്രജ്ഞര്‍ പരിശീലനം നേടി
- Published by:Sarika N
- news18-malayalam
Last Updated:
ഇന്തോ-ഫ്രഞ്ച് പങ്കാളിത്തത്തിന്റെ ഭാഗമായി ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഫ്രാന്‍സില്‍ സമുദ്ര പര്യവേഷണത്തിനായുള്ള പരിശീലനം പൂര്‍ത്തിയാക്കി
സമുദ്രത്തിന്റെ അടിത്തട്ടിലെ രഹസ്യങ്ങള്‍ തേടി മനുഷ്യരെ അയക്കാനുള്ള 'സമുദ്രയാന്‍' ദൗത്യത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂർത്തിയാക്കി ഇന്ത്യ. എണ്ണയ്ക്കും ധാതുക്കള്‍ക്കും വേണ്ടിയുള്ള ആഴക്കടല്‍ പര്യവേഷണ മനുഷ്യ ദൗത്യം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇതിനായുള്ള തയ്യാറെടുപ്പുകളും ഇന്ത്യ തുടങ്ങിക്കഴിഞ്ഞു.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ദൗത്യത്തിനായുള്ള അന്താരാഷ്ട്ര പരിശീലനം നേടുന്നതിനായി ഇന്ത്യ ഫ്രാന്‍സിലേക്ക് ശാസ്ത്രജ്ഞരെ അയച്ചു. ഇന്തോ-ഫ്രഞ്ച് പങ്കാളിത്തത്തിന്റെ ഭാഗമായി ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ (എന്‍ഐഒടി) ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഫ്രാന്‍സില്‍ സമുദ്ര പര്യവേഷണത്തിനായുള്ള പരിശീലനം പൂര്‍ത്തിയാക്കി. ഫ്രഞ്ച് മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇഫ്രിമെര്‍ (IFREMER) വികസിപ്പിച്ചെടുത്ത സബ്‌മേഴ്‌സിബിള്‍ വാഹനമായ 'നോട്ടൈലി'ലാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് പോയത്.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 5,000 മീറ്റര്‍ വരെ ആഴത്തില്‍ സഞ്ചരിച്ച് സമുദ്ര പര്യവേഷണത്തിനുള്ള പ്രവര്‍ത്തന പരിചയം നേടാനും പ്രവര്‍ത്തനങ്ങള്‍ നടത്താനും അതുവഴി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു.
advertisement
ദേശീയ ആഴക്കടല്‍ ദൗത്യത്തിനായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യരെയും വഹിച്ചുകൊണ്ടുപോകുന്നതിനുള്ള സബ്‌മേഴ്‌സിബിള്‍ വാഹനം ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 'മത്സ്യ-6000' എന്നാണ് അതിന് പേര് നല്‍കിയിരിക്കുന്നത്. സമുദ്രത്തിന്റെ അടിയിലേക്ക് 6,000 മീറ്റര്‍ ആഴത്തില്‍ മൂന്ന് പേരെ വഹിച്ചുകൊണ്ടുപോകാന്‍ ശേഷിയുള്ള ഇന്ത്യന്‍ നിര്‍മ്മിത പേടകമാണിത്. മുങ്ങിക്കപ്പല്‍ മാതൃകയിലാണ് ഇതിന്റെ രൂപകല്‍പ്പന. സമുദ്രാന്തര്‍ ഭാഗത്ത് ഇന്ത്യയുടെ ശാസ്ത്രീയ പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന പേലോഡുകള്‍ ഉള്‍പ്പെടുത്തുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ മത്സ്യ-6000ന്റെ വെറ്റ് ഹാര്‍ബര്‍ പരീക്ഷണങ്ങള്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. തമിഴ്‌നാടിനടുത്തുള്ളു കടുപ്പള്ളിയിലുള്ള എല്‍ ആന്‍ഡ് ടി ഷിപ്പ് ബില്‍ഡിംഗ് ഫെസിലിറ്റിയിലാണ് വാഹനത്തിന്റെ പരീക്ഷണങ്ങള്‍ നടത്തിയത്.
advertisement
നിരവധി സാങ്കേതിക സജ്ജീകരണങ്ങളോടെയാണ് മത്സ്യ-6000 വികസിപ്പിച്ചിട്ടുള്ളത്. തത്സമയം ക്രൂ അംഗങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ഒരു ബയോ വെസ്റ്റ്, അടിയന്തിര സാഹചര്യങ്ങളില്‍ പിന്തുണയ്ക്കുന്നതിനുള്ള ഒരു കോഗ്നിറ്റീവ് ഡിജിറ്റല്‍ ട്വിന്‍, അണ്ടര്‍വാട്ടര്‍ അക്കോസ്റ്റിക് ടെലിഫോണ്‍, സബ്‌മേഴ്‌സിബിളിലും കപ്പലിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ബാലസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, വെല്‍ഡഡ് ടൈറ്റാനിയം അലോയ് എക്‌സോസ്ട്രക്ചര്‍, മള്‍ട്ടിറിംഗ് കോണ്‍ഫിഗറേഷനോടുകൂടിയ 80 മില്ലീമീറ്റര്‍ കട്ടിയുള്ള ഇലക്ട്രോണ്‍ ബീം വെല്‍ഡഡ് ടൈറ്റാനിയം അലോയ് പേഴ്‌സണല്‍ സ്ഫിയര്‍, കാര്യക്ഷമമായ സബ്‌സിസ്റ്റങ്ങള്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ മത്സ്യ-6000-ല്‍ ഉണ്ട്.
advertisement
ഇതില്‍ ടൈറ്റാനിയം പേഴ്‌സണല്‍ സ്ഫിയർ ഐഎസ്ആര്‍ഒയുമായി ചേര്‍ന്നാണ് സജ്ജമാക്കിയിട്ടുള്ളത്. ബേസ് ഫ്രെയിം, പ്രഷര്‍ കേസുകള്‍ തുടങ്ങിയ ഉപഘടകങ്ങള്‍ രാജ്യത്തെ വ്യവസായ പങ്കാളികളുമായി ചേര്‍ന്നും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റംസ്, ഡോപ്ലര്‍ വെലോസിറ്റി ലോഗുകള്‍, ഡെപ്ത് ആന്‍ഡ് അക്കോസ്റ്റിക് പൊസിഷനിംഗ് സിസ്റ്റംസ്, അണ്ടര്‍വാട്ടര്‍ അക്കോസ്റ്റിക് ടെലിഫോണ്‍ എന്നിവ ഡിആര്‍ഡിഒയുമായി ചേര്‍ന്നും സജ്ജമാക്കിയവയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 21, 2025 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Samudrayan ഇന്ത്യയുടെ ആഴക്കടല്‍ പര്യവേഷണ മനുഷ്യ ദൗത്യം; സമുദ്രയാനിന് മുന്നോടിയായി അറ്റാലാന്റിക് സമുദ്രത്തില്‍ ശാസ്ത്രജ്ഞര്‍ പരിശീലനം നേടി