ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീം കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ല. ചൊവ്വാഴ്ച ചേർന്ന സുന്നി വഖഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകേണ്ടതില്ലെന്നാണ്
യോഗത്തിലെ ഭൂരിപക്ഷ തീരുമാനമെന്ന് സുന്നി വഖഫ് ബോർഡ് പ്രതിനിധി അബ്ദുൽ റസാഖ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
"ബാബറി മസ്ജിദ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം ബോർഡ് പരിഗണിച്ചു. നിലപാട് സുന്നി വഖഫ് ബോർഡ് വീണ്ടും ആവർത്തിച്ചു. പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്യില്ല" ബോർഡ് ചെയർമാൻ സുഫർ ഫറൂഖി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സുന്നി വഖഫ് ബോർഡിലെ ആകെയുള്ള എട്ട് അംഗങ്ങളിൽ ഏഴു പേരും യോഗത്തിൽ പങ്കെടുത്തു.
അയോധ്യയിൽ മോസ്ക് പണിയുന്നതിന് കോടതി പകരമായി നൽകിയ അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ശരിയത്ത് അനുസരിച്ച് ഇത് സ്വീകരിക്കുന്നത് ശരിയാണോ എന്ന് തീരുമാനിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ബോർഡ് അംഗങ്ങൾ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഉദ്ധവ് താക്കറെ; മുഖ്യമന്ത്രി കസേരയിൽ എത്തുന്ന ആദ്യ 'താക്കറെ'
സുപ്രീം കോടതി അനുവദിച്ചു നൽകിയ അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അംഗങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുത്തു കഴിഞ്ഞാൽ അത് പ്രത്യേകമായി തന്നെ അറിയിക്കുമെന്നും സുന്നി വഖഫ് ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.