വ്യാജകേസുകളിൽ ഭര്‍ത്താവിനെയും അച്ഛനെയും ജയിലിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീംകോടതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ദമ്പതികളുടെ വിവാഹബന്ധം വേര്‍പ്പെടുത്തിയ കോടതി ഇരുകക്ഷികള്‍ക്കുമിടയില്‍ നിലനിന്നിരുന്ന എല്ലാ കേസുകളും റദ്ദാക്കുകയും ചെയ്തു
ദാമ്പത്യതര്‍ക്കവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വ്യാജ ക്രിമിനല്‍ കേസുകളില്‍ കുടക്കിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കർശന നിർദ്ദേശങ്ങളുമായി സുപ്രീം കോടതി. വ്യാജ ക്രിമിനല്‍ കേസുകള്‍ കാരണം ഭര്‍ത്താവിനും കുടുംബത്തിനുമുണ്ടായ ദുരിതത്തിന് നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്ന് ഐപിഎസ് ഉദ്യോഗസ്ഥയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ദമ്പതികളുടെ വിവാഹബന്ധം വേര്‍പ്പെടുത്തിയ കോടതി ഇരുകക്ഷികള്‍ക്കുമിടയില്‍ നിലനിന്നിരുന്ന എല്ലാ കേസുകളും റദ്ദാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് എജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 2018 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ദമ്പതികള്‍ക്കിടയില്‍ ഒത്തുതീര്‍പ്പ് അന്തിമമാക്കുന്നതിനിടെയായിരുന്നു കോടതിയുടെ തീരുമാനം.
ദമ്പതികളുടെ മകളുടെ സംരക്ഷണം കോടതി അമ്മയ്ക്കു നല്‍കി. അച്ഛനും കുടുംബത്തിനും സന്ദര്‍ശന അവകാശം അനുവദിച്ചുകൊണ്ടുള്ളതാണ് വിധി.
ദാമ്പത്യ തര്‍ക്കവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഫയല്‍ ചെയ്ത കേസുകള്‍ കാരണം ഭര്‍ത്താവ് 109 ദിവസവും അദ്ദേഹത്തിന്റെ അച്ഛന്‍ 103 ദിവസവും ജയിലില്‍ കഴിഞ്ഞതായി സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുകാരണം അവര്‍ അനുഭവിച്ച ദുരിതത്തിന് ഒരിക്കലും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു ഇംഗ്ലീഷ് പത്രത്തിന്റെയും ഒരു ഹിന്ദി പത്രത്തിന്റെയും ദേശീയ എഡിഷനുകളില്‍ ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
advertisement
കൂടാതെ ഉത്തരവ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ക്ഷമാപണം ഷെയര്‍ ചെയ്യണം. എന്നാല്‍ ക്ഷമാപണം കുറ്റസമ്മതമായി കാണാന്‍ സാധിക്കില്ലെന്നും ഭാവിയില്‍ നിയമപരമായോ ഭരണപരമായ കാര്യങ്ങളിലോ ഇത് അവര്‍ക്കെതിരെ ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഉദ്യോഗസ്ഥ തന്റെ പദവി ദുരുപയോഗം ചെയ്യരുതെന്നും മുന്‍ ഭര്‍ത്താവിനും അച്ഛനുമെതിരെ ഔദ്യോഗിക നടപടി സ്വീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭര്‍ത്താവിനും കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഈ ക്ഷമാപണം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് കോടതി അദ്ദേഹത്തോട് പറഞ്ഞു.
advertisement
വിവാഹമോചനം, ജീവനാംശം നടപടികള്‍ എന്നിവയുള്‍പ്പെടെ ദമ്പതികള്‍ പരസ്പരം ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. കൂടാതെ കാര്യങ്ങള്‍ അവരുടെ അധികാരപരിധിയിലേക്ക് മാറ്റാനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്ത്രീധന പീഡന കേസുകളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498എ പ്രകാരം ഉടനടി അറസ്റ്റ് ചെയ്യരുതെന്ന് പ്രസ്താവിക്കുന്ന 2022-ലെ അലഹബാദ് ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുപ്രീം കോടതി ശരിവച്ചു. ഇത്തരത്തിലുള്ള ഏതെങ്കിലും അറസ്റ്റ് നടത്തുന്നതിനു മുമ്പ് കുടുംബക്ഷേമ സമിതിയുടെ പ്രാഥമിക അന്വേഷണത്തിനും ഇടപ്പെടലിനുമായി രണ്ട് മാസത്തെ സമയം അനുവദിക്കണമെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
advertisement
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 498എയുടെയും അനുബന്ധ വ്യവസ്ഥയായ സെക്ഷന്‍ 85ന്റെയും ദുരുപയോഗത്തെകുറിച്ചുള്ള ആശങ്കകളും കോടതി ആവര്‍ത്തിച്ചു. ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും നീതി ഉറപ്പാക്കാന്‍ ശരിയായ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 23, 2025 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വ്യാജകേസുകളിൽ ഭര്‍ത്താവിനെയും അച്ഛനെയും ജയിലിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീംകോടതി