കസ്റ്റഡിയില്‍ പീഡനത്തിനിരയായ പോലീസ് കോണ്‍സ്റ്റബിളിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി; സിബിഐ അന്വേഷണം
- Published by:meera_57
- news18-malayalam
Last Updated:
മൗലികാവകാശ ലംഘനവും പീഡനവും ഗൗരവത്തോടെയെടുത്ത സുപ്രീം കോടതി ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു
നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിക്കുകയും ക്രൂരമായ കസ്റ്റഡി പീഡനത്തിന് ഇരയാകുകയും ചെയ്ത ജമ്മു കശ്മീര്‍ പോലീസ് കോണ്‍സ്റ്റബിളിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. കൂടാതെ കേസില്‍ സിബിഐ അനേഷണം നടത്താനും ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 309 (ആത്മഹത്യാശ്രമം) പ്രകാരം തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി വിസമ്മതിച്ചതിനെതിരേയാണ് പോലീസ് കോണ്‍സ്റ്റബിള്‍ സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്.
2023 ഫെബ്രുവരി 20 മുതല്‍ 26 വരെ കുപ്‌വാരയിലെ ജോയിന്റ് ഇന്ററോഗേഷന്‍ സെന്ററില്‍(ജെഐസി) ആറ് ദിവസം നിയമവിരുദ്ധ തടങ്കലിലായിരുന്നു താന്‍ എന്ന് കോണ്‍സ്റ്റബിള്‍ സുപ്രീം കോടതിയെ അറിയിച്ചു. തടങ്കലില്‍ വെച്ച് മനുഷ്യത്വരഹിതമായ പീഡനത്തിന് താന്‍ വിധേയനായതായി അദ്ദേഹം കോടതിയെ അറിയിച്ചു. പീഡനത്തിൽ തന്റെ സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കിയതായും അദ്ദേഹം പറഞ്ഞു.
മൗലികാവകാശ ലംഘനവും പീഡനവും ഗൗരവത്തോടെയെടുത്ത സുപ്രീം കോടതി ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. പോലീസ് കോൺസ്റ്റബിളിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും ജമ്മു കശ്മീര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
advertisement
കസ്റ്റഡി പീഡന ആരോപണങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ച സുപ്രീം കോടതി കുപ്‌വാരയിലെ ജോയിന്റ് ഇന്ററോഗേഷന്‍ സെന്ററിലെ (ജെഐസി) പ്രശ്‌നങ്ങളെക്കുറിച്ച് വിശാലമായ അന്വേഷണം നടത്താന്‍ സിബിഐയോട് നിര്‍ദേശിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ സംഭവിക്കുന്നതിന് കാരണമായ അടിസ്ഥാനപരമായ ഘടകങ്ങളും സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ പരാജയവും പരിശോധിക്കേണ്ടതിന്റെ ആവശ്യകത സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.
കസ്റ്റഡി പീഡനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 21, 2025 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കസ്റ്റഡിയില്‍ പീഡനത്തിനിരയായ പോലീസ് കോണ്‍സ്റ്റബിളിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി; സിബിഐ അന്വേഷണം