മകളെ തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയ പിതാവിന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവെച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു കുട്ടി സ്വന്തം പിതാവിന്റെ കൈകളാല്‍ പീഡനത്തിന് ഇരയാകുമ്പോള്‍ നിയമം വിട്ടുവീഴ്ചയില്ലാത്തും ഉറച്ചതുമായ ശബ്ദത്തില്‍ സംസാരിക്കണമെന്ന് കോടതി പറഞ്ഞു
മാതാപിതാക്കളില്‍ നിന്ന് മക്കള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് കുടുംബവിശ്വാസത്തിന്റെ അടിസ്ഥാന ഘടനയെ കീറിമുറിക്കുന്ന കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി. ഈ കുറ്റകൃത്യത്തിന് കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
''മകള്‍ക്ക് പരിചയും സംരക്ഷകനും ഒരു ധാര്‍മിക ദിശാസൂചികയുമാകേണ്ട പിതാവ് കുട്ടിയുടെ ശാരീരിക സമഗ്രതയുടെയും അന്തസ്സിന്റെയും ഏറ്റവും ഗുരുതരമായ ലംഘനത്തിന് കാരണമായി. ഈ വഞ്ചന വ്യക്തിപരം മാത്രമല്ല, മറിച്ച് സ്ഥാപനപരവുമാണ്. സംരക്ഷണത്തിന്റെയും പരിഷ്‌കാരത്തിന്റെയും മറവില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികളെ നിയമം അംഗീകരിക്കുന്നില്ല, അംഗീകരിക്കാനും കഴിയില്ല,'' കോടതി പറഞ്ഞു.
advertisement
2024ല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ യുവാവ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. കൂടാതെ പെണ്‍കുട്ടിക്ക് 10.50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തു.
''നീതി എന്നത് പ്രതി ശിക്ഷിക്കപ്പെടുന്നതില്‍ മാത്രം ഒതുങ്ങരുത്. നിയമം അനുവദിക്കുന്നിടത്ത് അതില്‍ നഷ്ടപരിഹാരം കൂടി ഉള്‍പ്പെടുത്തണം. ഈ നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കുട്ടികളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനും നീതി നടപ്പാക്കുന്നത് അനുകമ്പയോടെയും പൂര്‍ണ്ണവുമാണെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഭരണഘടനാപരമായ പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പാക്കുകയാണ്,'' ബെഞ്ച് പറഞ്ഞു.
advertisement
പിതാവ് ചെയ്ത പ്രവര്‍ത്തി ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് ഓരോ കുട്ടിയും സംരക്ഷണം പ്രതീക്ഷിക്കുന്ന ഒരു സ്ഥലമായ വീടിന്റെ സുരക്ഷയ്ക്കുള്ളില്‍ നിരന്തരമായതും മനഃപൂര്‍വമായതുമായ ആക്രമണങ്ങളാണ് കുട്ടി നേരിട്ടതെന്നും ഓഗസ്റ്റ് നാലിന് പുറപ്പെടുവിച്ച വിധിയിൽ കോടതി പറഞ്ഞു.
''കുട്ടികൾക്ക് ഒരു സങ്കേതമായിരിക്കേണ്ട വീട് പറഞ്ഞറിയിക്കാനാവാത്ത ആഘാതത്തിന്റെ സ്ഥലമായി മാറാന്‍ അനുവദിക്കരുത്. കൂടാതെ അത്തരം കുറ്റകൃത്യങ്ങള്‍ക്ക് അതേ നാണയത്തിൽ നിയമ നടപടികള്‍ സ്വീകരിക്കുമെന്നതിന്റെ വ്യക്തമായ സൂചന കോടതികള്‍ നൽകണം,'' യുവാവിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു.
advertisement
സ്ത്രീകളുടെ അന്തസ്സിന് വിലപേശാന്‍ കഴിയില്ല. തെറ്റായ സഹതാപത്തിന്റെയോ നീതിയുടെയോ മറവില്‍ ആ അന്തസ്സിലേക്ക് ആവര്‍ത്തിച്ച് കടന്നുകയറ്റം നടത്താന്‍ നിയമവ്യവസ്ഥ അനുവദിക്കരുതെന്നും ബെഞ്ച് എടുത്തുപറഞ്ഞു
കേസില്‍ ഇരയുടെ സാക്ഷ്യം അചഞ്ചലവും വൈദ്യശാസ്ത്രപരമായി സ്ഥിരീകരിക്കപ്പെട്ടതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വൈകിയാണെങ്കിലും പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത് സത്യസന്ധവും അവര്‍ അനുഭവിച്ച ആഘാതത്തില്‍ നിന്നും ഭീഷണികളില്‍ നിന്നും ഉരുത്തിരിഞ്ഞതുമാണെന്ന് കോടതി പറഞ്ഞു.
''ഒരു കുട്ടി സ്വന്തം പിതാവിന്റെ കൈകളാല്‍ പീഡനത്തിന് ഇരയാകുമ്പോള്‍ നിയമം വിട്ടുവീഴ്ചയില്ലാത്തും ഉറച്ചതുമായ ശബ്ദത്തില്‍ സംസാരിക്കണം. കുട്ടിയായ ഇരയുടെ സാക്ഷ്യം വിശ്വസനീയമാണെന്ന് കണ്ടെത്തിയാല്‍ അതിന് സ്ഥിരീകരണമൊന്നും ആവശ്യമില്ലെന്ന് ഇപ്പോള്‍ നന്നായി ബോധ്യപ്പെട്ടിരിക്കുന്നു,'' ബെഞ്ച് ചൂണ്ടിക്കാട്ടി.
advertisement
ഡിഎന്‍എ റിപ്പോര്‍ട്ട് തെളിവുകള്‍ ശരിയാണെന്ന് സാധൂകരിക്കുകയും കേസിലെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
''പോക്‌സോ നിയമപ്രകാരമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍, പ്രത്യേകിച്ച് കുടുംബത്തില്‍ നിന്നുള്ള വിശ്വാസ വഞ്ചന ഉള്‍പ്പെടുന്നവയില്‍ ആശ്വാസം നല്‍കാന്‍ കഴിയില്ല, രണ്ട് കോടതികള്‍ ഒരേ സമയം കുറ്റക്കാരനാണൈന്ന് കണ്ടെത്തിയിട്ടും ഈ കേസില്‍ ആര്‍ട്ടിക്കിള്‍ 136 പ്രകാരമുള്ള ഇടപെടല്‍ ന്യായീകരിക്കപ്പെടുന്നില്ല,'' സുപ്രീം കോടതി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
August 08, 2025 10:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മകളെ തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയ പിതാവിന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവെച്ചു