'നോട്ട് നിരോധനം നിയമവിരുദ്ധം'; ജസ്റ്റിസ് നാഗരത്‌ന സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച 10 പോയിന്റ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'വസ്തുക്കളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ നോട്ടു നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടി നിയമവിരുദ്ധമാണ്' ജസ്റ്റിസ് നാഗരത്‌നയുടെ വിധിപ്രസ്താവത്തിൽ പറയുന്നു
കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന. ജസ്റ്റിസ് എസ് എ നസീർ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാർ നോട്ടുനിരോധനത്തെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. നോട്ടുനിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. 2016 നവംബർ 8 നാണ് 500 ന്റെയും, 1000 ന്റെയും നോട്ടുകൾ റദ്ദാക്കിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
തീവ്രവാദ ഫണ്ടിംഗ്, കള്ളപ്പണം തുടങ്ങിയവയെ ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നോട്ടുനിരോധനം നടപ്പിലാക്കിയതെങ്കിലും കേന്ദ്രത്തിന് ഒരു നിയമനിർമാണത്തിലൂടെയോ ഓർഡിനൻസിലൂടെയോ നടപ്പിലാക്കാമായിരുന്നുവെന്നും ഈ വിഷയത്തിൽ ആർബിഐ സ്വതന്ത്ര മനസോടെ ആയിരിക്കില്ല സമ്മതം നൽകിയിട്ടുണ്ടാകുകയെന്നും ജസ്റ്റിസ് നാഗരത്‌ന വിധിന്യായത്തിൽ പറഞ്ഞു.
ജസ്റ്റിസ് നാഗരത്‌നയുടെ വിധിപ്രസ്താവത്തിലെ പ്രധാനപ്പെട്ട 10 പോയിന്റുകൾ
- നോട്ടുനിരോധനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചപ്പോൾ തന്നെ അത് ഓർഡിനൻസു വഴിയാണ് നടപ്പിലാക്കേണ്ടതെന്ന് എന്നും ആർബിഐയുടെ 26(2) വകുപ്പിന് കീഴിലല്ലെന്നും കേന്ദ്രം ഓർക്കേണ്ടതായിരുന്നു. രഹസ്യസ്വഭാവമുള്ള തീരുമാനങ്ങൾ നടപ്പിലാക്കണണെങ്കിൽ അത് കൊണ്ടുവരാനുള്ള വഴി ഓർഡിനൻസാണ്.
- നോട്ടുകൾ അസാധുവാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്, എന്നാൽ അത് നിയമനിർമാണത്തിലൂടെയോ ഓർഡിനൻസ് വഴിയോ ആണ് ചെയ്യേണ്ടത്.
- ഇത്തരം ഗൗരവമേറിയ തീരുമാനങ്ങൾ പാർലമെന്റ് അംഗങ്ങളെ അറിയിക്കേണ്ടതാണ്.
- 24 മണിക്കൂറിനുള്ളിൽ വിജ്ഞാപനം പാസായതിനാൽ ആർബിഐക്ക് അത് പഠിക്കാനുള്ള സമയം ലഭിച്ചില്ല.
- നോട്ട് അസാധുവാക്കൽ നടപടികൾ ആരംഭിക്കാനുള്ള നിർദേശം കേന്ദ്രം പെട്ടെന്ന് മുന്നോട്ടു വെച്ചപ്പോൾ ആർബിഐക്ക് മറ്റൊന്നും പറയാനായില്ല.
- 2016 നവംബർ 8-ലെ വിജ്ഞാപനം വഴി കേന്ദ്രസർക്കാർ നോട്ട് നിരോധനിച്ചത് നിയമപരമായി തെറ്റാണ്.
- രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ 86 ശതമാനവും അസാധുവാക്കിയതായി ഹർജിക്കാർ പറയുന്നു. അതിന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആർബിഐ ചിന്തിച്ചിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.
- 2016 നവംബർ 8ലെ വിജ്ഞാപനം നിയമവിരുദ്ധമാണ്. അതേ തുടർന്നുള്ള 2016ലെ ഓർഡിനൻസും 2017ലെ നിയമനിർമാണവും നിയമവിരുദ്ധമാണ്.
- തീവ്രവാദ ഫണ്ടിംഗ്, കള്ളപ്പണം തുടങ്ങിയ സാമൂഹ്യ തിൻമകൾ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നോട്ടുനിരോധനം നടപ്പിലാക്കിയത്. അത്തരം കാര്യങ്ങൾ ഇല്ലാതാക്കുക എന്നത് നല്ല കാര്യം തന്നെയാണ്
- വസ്തുക്കളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ നോട്ടു നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടി നിയമവിരുദ്ധമാണ്.
advertisement
നോട്ടുനിരോധനത്തോട് വിയോജിച്ചു കൊണ്ടുള്ള ഈ വിധി ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രസിദ്ധമായ വിയോജിപ്പു വിധികളുടെ കൂട്ടത്തിൽ സ്ഥാനം പിടിക്കുമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ പി ചിദംബരം ട്വീറ്റ് ചെയ്തു. ”നോട്ട് നിരോധനത്തിലെ നിയമവിരുദ്ധതയും ക്രമക്കേടുകളും ഈ ന്യൂനപക്ഷ വിധിയിലൂടെ ചൂണ്ടിക്കാണിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് സർക്കാരിന്റെ മുഖത്തേറ്റ അടിയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2023 5:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'നോട്ട് നിരോധനം നിയമവിരുദ്ധം'; ജസ്റ്റിസ് നാഗരത്‌ന സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച 10 പോയിന്റ്