• HOME
  • »
  • NEWS
  • »
  • india
  • »
  • Ayodhya Verdict | ഇനിയും വരാനുണ്ട് സുപ്രധാന വിധി; ബാബറി മസ്ജിദ് തകർത്ത കേസിലും വിധി കാത്ത് പ്രമുഖർ

Ayodhya Verdict | ഇനിയും വരാനുണ്ട് സുപ്രധാന വിധി; ബാബറി മസ്ജിദ് തകർത്ത കേസിലും വിധി കാത്ത് പ്രമുഖർ

ആരോപണ വിധേയരായവരിൽ 49 പേർ ഇതിനോടകം മരിച്ചു. കേസിൽ ഉൾപ്പെട്ട മറ്റു ചിലരാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നപദവിയിൽ തുടരുന്നവരും. മുൻ ഉപപ്രധാനമന്ത്രി, മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രിമാർ, നിലവിലെ ചില പാർലമെന്റംഗങ്ങൾ എന്നിവർ ‌കേസിൽ കുറ്റാരോപിതരാണ്.

News18 Malayalam

News18 Malayalam

  • Share this:
    അയോധ്യ തർക്കഭൂമി കേസിൽ സുപ്രീംകോടതിയുടെ ചരിത്രവിധി വരുമ്പോൾ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ലഖ്നൗ കോടതിയിലേക്ക്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതും ഇതിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുമുള്ള കേസുകളിലാണ് ഇനി വിധി വരാനുള്ളത്. 27 വർഷം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം ലഖ്നൗ പ്രത്യേക സിബിഐ കോടതിയിൽ നടപടികൾ അന്തിമഘട്ടത്തിലാണ്.

    മൂന്നു പതിറ്റാണ്ട് നീണ്ട കേസിന്റെ ചുരുക്കം ഇങ്ങനെ. ആരോപണ വിധേയരായവരിൽ 49 പേർ ഇതിനോടകം മരിച്ചു. കേസിൽ ഉൾപ്പെട്ട മറ്റു ചിലരാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നപദവിയിൽ തുടരുന്നവരും. മുൻ ഉപപ്രധാനമന്ത്രി, മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രിമാർ, നിലവിലെ ചില പാർലമെന്റംഗങ്ങൾ എന്നിവർ ‌കേസിൽ കുറ്റാരോപിതരാണ്.

    പള്ളിതകർക്കലും മൂന്ന് വ്യത്യസ്ത എഫ്ഐആറുകളും

    1992 ഡിസംബർ 6 ന് ബാബറി പള്ളി പൊളിച്ച് മിനിറ്റുകൾക്ക് ശേഷം ആദ്യത്തെ എഫ്ഐആർ (നം. 197/92) രജിസ്റ്റർ ചെയ്തു. 'അജ്ഞാതരായ' കർസേവകര്‍ക്കെതിരെയായിരുന്നു വൈകിട്ട് 5.15ന് എഫ്ഐആർ എടുത്തത്. ഐപിസി 395, 397, 332, 337, 338, 295, 297,153 എ, ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ സെക്ഷൻ 7 എന്നിവ പ്രകാരമായിരുന്നു കേസെടുത്തത്.

    പത്ത് മിനിറ്റിനുശേഷം എൽ‌കെ അദ്വാനി, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, വിഷ്ണു ഹരി ഡാൽമിയ, സാധ്‌വി ഋതംബര എന്നിവർക്കെതിരെ രണ്ടാമത്തെ എഫ്ഐആർ (നം. 198/92) രജിസ്റ്റർ ചെയ്തു. ഐപിസിയുടെ 153 എ, 153 ബി, 505 വകുപ്പുകളാണ് ചുമത്തിയത്. വിദ്വേഷംജനിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസംഗം നടത്തിയതിനെതിരെയായിരുന്നു കേസ്.

    മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണം, ക്യാമറകൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട മറ്റ് 47എഫ്‌ഐ‌ആറുകളും രജിസ്റ്റർ ചെയ്തു. എല്ലാ എഫ്‌ഐ‌ആറുകളും അയോധ്യയിലെ താന രാമജന്മഭൂമിയിലായിരുന്നു രജിസ്റ്റർ ചെയ്തത്.

    കേസുകൾ സിബിഐക്ക്

    എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയുള്ള ദിവസങ്ങളിൽ, അന്നത്തെ സർക്കാർ കൗതുകരമായ ഒരു നീക്കം നടത്തി. 197ാം നമ്പർ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. രാഷ്ട്രീയ നേതാക്കൾക്കെതിരായ കേസ് (നം .198)ഉത്തർപ്രദേശ് പോലീസിന്റെ സിബി-സിഐഡി വിഭാഗത്തിന് കൈമാറി. 1993 ഓഗസ്റ്റ് 27 ന് 198ാം നമ്പർ കേസ് ഉൾപ്പെടെ മറ്റ് 48 കേസുകളിലും ഉത്തർപ്രദേശ് സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടു.

    ബാബറി മസ്ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സിബിഐ അന്വേഷണം ഏറ്റെടുക്കുകയും 49 കേസുകളിൽ 40 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 1993 ഒക്ടോബർ 5നാണ് ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

    രണ്ടുവർഷത്തിനുശേഷം 1996 ജനുവരി 11 ന് സിബിഐ മറ്റ് 9 പ്രമുഖർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പ്രതികളുടെ എണ്ണം ഇതോടെ 49 ആയി.

    ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

    കേസിലെ പ്രാഥമിക എഫ്‌ഐ‌ആറുകൾ‌ക്ക് വിരുദ്ധമായി, പള്ളി തകർത്തതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കി. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും സിബിഐ അവകാശപ്പെട്ടു. രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനത്തിന്റെ കരുത്തരായ ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും മുൻനിര തോക്കുകളും ഇതിൽ പ്രതികളായി. 120 (ബി) വകുപ്പ് പ്രകാരമുള്ള ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.

    നിയമപോരാട്ടവും സങ്കീർണതകളും

    ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും മുൻനിര തോക്കുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതോടെ കേസിൽ വിചാരണ ആരംഭിക്കാൻ വേദിയൊരുങ്ങി. എന്നിരുന്നാലും ഈ വിഷയം നിയമപരമായ സങ്കീർണതകളിൽ കുടുങ്ങി.

    1997 സെപ്റ്റംബർ 9

    കുറ്റാരോപിതർക്കെതിരെ സെക്ഷൻ 120 (ബി) പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന ഉത്തരവ് സ്പെഷ്യൽ ജഡ്ജി പാസാക്കി. ഇത് ക്രിമിനൽ ഗൂഢാലോചനയാണെന്നും അടുത്ത വാദംകേൾക്കലിന് എത്തുമ്പോൾ ഔദ്യോഗികമായി കുറ്റങ്ങൾ ചുമത്തണമെന്നും കോടതി ഉത്തരവിട്ടു. കുറ്റം ചുമത്താനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ പ്രതികളിൽ ചിലർ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിനെ സമീപിച്ചു.

    2001 ഫെബ്രുവരി 12

    അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് ജഗദീഷ് ഭല്ല വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ എഫ്ഐആറുകളും ചേർത്ത് ഒറ്റ കുറ്റപത്രം സമർപ്പിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും ഉത്തർപ്രദേശ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി എൽകെ അദ്വാനിക്കും മറ്റുള്ളവര്‍ക്കും എതിരായ വിചാരണ ഹൈക്കോടതി തടഞ്ഞു.

    2001 മെയ് 4

    ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കല്യാണ്‍സിംഗ് ഉള്‍പ്പൈടെ മറ്റ് 13 പേര്‍ക്കെതിരായ വിചാരണ നടപടികള്‍ ലഖ്നൗ കോടതി തടഞ്ഞു.

    2001 ജൂണ്‍ 16

    ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപ്രകാരം തെറ്റുതിരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഉത്തർപ്രദേശ് സർക്കാരിന് കത്തെഴുതി. അന്ന് യുപി മുഖ്യമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ വിജ്ഞാപനം ഇറക്കേണ്ട എന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

    ലഖ്നൗവിലെയും റായ്ബറേലിയിലെയും വ്യത്യസ്ത വിചാരണ

    2003 ജനുവരി 27

    അദ്വാനി അടക്കമുള്ളവർക്കെതിരായ വിദ്വേഷ പ്രസംഗത്തിനെതിരായ കേസിൽ നിയമനടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ റായ്ബറേലി കോടതിയെ സമീപിച്ചു.

    2003 സെപ്റ്റംബർ 19

    റായ്ബറേലി സ്പെഷ്യൽ മജിസ്ട്രേറ്റ് കേസിൽ അദ്വാനിയെ കുറ്റവിമുക്തനാക്കി മറ്റുള്ള പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ടു. അദ്വാനി അന്ന് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നു.

    2005 ജൂലൈ ആറ്

    2005 ജൂലൈ 6 ന് അദ്വാനിയെ കുറ്റവിമുക്തനാക്കാനുള്ള റായ്ബറേലി കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ഹൈക്കോടതി, അദ്ദേഹത്തിനും മറ്റ് എല്ലാ പ്രതികൾക്കുമെതിരെ കുറ്റങ്ങൾ ചുമത്താൻ ഉത്തരവിട്ടു. തുടർന്ന് ജൂലൈ 26ന് റായ്ബറേലി കോടതി എല്ലാ പ്രതികൾക്കെതിരെയും കുറ്റം ചുമത്തി.

    2012 മാർച്ച് 20

    ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ 2011 ൽ സിബിഐ സുപ്രീം കോടതിയിലെത്തി. പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു‌പി‌എ സർക്കാരിന്റെ കാലത്ത് 2012 മാർച്ച് 20 ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. 49 കേസുകളുടെയും പൊതുവായ വിചാരണയ്ക്കായി സിബിഐ ശക്തിയുക്തം വാദിച്ചു. സിബിഐയുടെ വാദം ഇങ്ങനെ-

    1. പള്ളി പൊളിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്നും 49 പേർക്കും ഇതിൽ പങ്കുണ്ടെന്ന് കേസുകളുടെ അന്വേഷണത്തിൽ തെളിഞ്ഞതായി സിബിഐ വ്യക്തമാക്കി.

    2. എല്ലാ കുറ്റാരോപിതരും ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളായി.

    3. ഒഴിവാക്കപ്പെട്ട 21 പേരും ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളാണ്.

    4. ഇതുവരെ ഏതെങ്കിലും കോടതിയിൽ കുറ്റങ്ങൾക്ക് വിചാരണ ചെയ്യപ്പെടാത്ത 13 പ്രതികളും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു.

    5) അതിനാൽ, ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളായ മുഴുവൻ പേരും ലഖ്നൗവിലെ പ്രത്യേക കോടതിയിൽ വിചാരണ നേരിടണം.

    2017 ഏപ്രിൽ 19

    സുപ്രീംകോടതിയിൽ ഏകദേശം അഞ്ച് വർഷത്തിന് ശേഷം ഒരു പ്രധാന വഴിത്തിരിവുണ്ടായി. 2017 ഏപ്രിൽ 19 നായിരുന്നു ഇത്. ഗൂഢാലോചന കുറ്റം ഒഴിവാക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ പരമോന്നത കോടതി വിധി പ്രസ്താവിച്ചു. എൽ‌കെ അദ്വാനി ഉൾപ്പെടെയുള്ള 20 പേർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. എല്ലാ കേസുകളുടെയും വിചാരണ ലഖ്‌നൗ കോടതിയിലേക്ക് തിരികെ കൊണ്ടുവന്നു.

    നിലവിലെ സ്ഥിതി

    2017 മുതൽ സംയുക്ത കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ വിചാരണ നടന്നു. ഇതിനിടെ, കല്യാൺ സിംഗ് രാജസ്ഥാൻ ഗവർണറായതോടെ ഭരണഘടനാ പദവി വഹിക്കുന്നതിനാൽ അദ്ദേഹത്തിനെതിരായ വിചാരണ നിർത്തിവച്ചു. അടുത്തിടെ ഗവർണർ പദവി ഒഴിഞ്ഞതോടെ അദ്ദേഹത്തിനെതിരായ വിചാരണ പുനഃരാരംഭിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഏതാനും മാസങ്ങൾക്ക് മുമ്പ് സ്പെഷ്യൽ ജഡ്ജി സുരേന്ദ്ര കുമാർ യാദവിന് കേസിന്റെ വാദം പൂർത്തിയാകുന്നതുവരെ കാലാവധി നീട്ടിനൽകിയിരുന്നു.

    ഒട്ടേറെ കുറ്റാരോപിതരും സാക്ഷികളും മരിച്ചു

    27 വർഷത്തിനിടയിൽ, വിചാരണക്കിടെ നിരവധി പ്രതികൾ മരിച്ചു: ബാൽ താക്കറെ, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ തുടങ്ങി നിരവധി പേരാണ് വിചാരണക്കിടെ മരിച്ചത്.

    കേസിൽ ഇതുവരെ 300 ഓളം സാക്ഷികളെ വിസ്തരിച്ചു. ഇവരിൽ 50 ഓളം പേർ മരിച്ചു. കൂടാതെ, രേഖാമൂലമുള്ള പ്രസ്താവനകൾ, പത്ര റിപ്പോർട്ടുകൾ, സർക്കാർ ഉത്തരവുകൾ എന്നിവയും തെളിവുകളുടെ ഭാഗമാണ്.

    നിരവധി പ്രതികൾക്ക് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ ഐ ബി സിംഗ് പറയുന്നത് ഇങ്ങനെ- “വിചാരണ ഇപ്പോൾ അവസാന ഘട്ടത്തിലാണ്, കുറച്ച് സാക്ഷികളെ കൂടി വിസ്തരിക്കേണ്ടതുണ്ട്, കൂടുതലും കല്യാൺ സിംഗിനെതിരെ. കേസിൽ വിചാരണ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ”

    27 വർഷംകഴിഞ്ഞിട്ടും സിബിഐ കോടതിയിൽ വിധിന്യായത്തിനായി കാത്തിരിക്കുന്നുവെന്ന ചോദ്യത്തിന്, സിംഗ് പറഞ്ഞത് ഇങ്ങനെ- “കേസിൽ ആദ്യ ദിവസം മുതൽ തന്നെ വലിയ പോരായ്മകളാണ് സംഭവിച്ചത്. ഒരേ സംഭവവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് വ്യത്യസ്ത എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്തുകൊണ്ടാണ്? കുറ്റകൃത്യത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുന്നതിനേക്കാൾ രാഷ്ട്രീയ വേട്ടക്കായാണ് ഇതിനെ ഉപയോഗിച്ചത്.”

    Also Read- അയോധ്യ കേസ്; ചരിത്രവിധിക്ക് പിന്നിൽ ഈ 5 ന്യായാധിപർ

    Published by:Rajesh V
    First published: