• HOME
 • »
 • NEWS
 • »
 • india
 • »
 • നോയിഡയിലെ ഇരട്ട ടവർ പൊളിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന ഉത്കർഷ് മേത്ത

നോയിഡയിലെ ഇരട്ട ടവർ പൊളിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന ഉത്കർഷ് മേത്ത

ഉത്കർഷ് മേത്ത അനൗദ്യോഗികമായി അറിയപ്പെടുന്നത് 'ഡോക്ടർ' എന്നാണ്. കാരണം ഒരു സർജന്റെ ഏകാ​ഗ്രതയോടെയും കൃത്യതയോടെയും ആണ് അദ്ദേഹം ഓരോ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.

 • Last Updated :
 • Share this:
  സെക്ടർ 93 എ (Sector 93A) യിലെ ഇരട്ട ഗോപുരങ്ങൾ (twin tower) തകർന്നു വീഴുന്നതിന് നോയിഡ (Noida) ഉടൻ സാക്ഷ്യം വഹിക്കും. നൂറ് മീറ്ററിൽ അധികം ഉയരമുള്ള ഇരട്ട ടവറുകൾ സുരക്ഷിതമായി പൊളിച്ച് മാറ്റുക, അതും നോയിഡയിലെ സെക്ടർ 93 എ പോലെയുള്ള ജനസാന്ദ്രതയേറിയ ഒരു പ്രദേശത്തിന് നടുവിൽ, ഏറ്റവും പരിചയസമ്പന്നരായ പൊളിക്കൽ വിദഗ്ധർക്ക് (demolition expert) പോലും കടുത്ത വെല്ലുവിളി ഉയർത്തുന്ന കാര്യമാണിത്. എന്നാൽ, ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഉത്കർഷ് മേത്തയും (Uttkarsh Mehta) അദ്ദേഹത്തിന്റെ സംഘവും. കഴിഞ്ഞ ആറുമാസത്തോളമായി ഇതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണ് ഇവർ.

  റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്പർടെക് അനധികൃതമായി നിർമ്മിച്ച ഇരട്ട ​ടവർ പൊളിച്ചുമാറ്റാനുള്ള ചുമതല ഔദ്യോ​ഗികമായി നൽകിയിരിക്കുന്നത് മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എഞ്ചിനീയറിങ് എന്ന കമ്പനിയ്ക്കാണ്. ഈ കമ്പനിയുടെ പങ്കാളിയാണ് ഉത്കർഷ് മേത്ത. ഇദ്ദേഹമാണ് ഈ ഇരട്ട ​ഗോപുരങ്ങൾ പൊളിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


  മഹാരാഷ്ട്രയിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയർ ആണ് ഉത്കർഷ് മേത്ത. ഫിനാൻസ്, മാർക്കറ്റിങ്, വിദേശ വ്യാപാരം എന്നിവയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മേത്ത അനൗദ്യോഗികമായി അറിയപ്പെടുന്നത് 'ഡോക്ടർ' എന്നാണ്. കാരണം ഒരു സർജന്റെ ഏകാ​ഗ്രതയോടെയും കൃത്യതയോടെയും ആണ് അദ്ദേഹം ഓരോ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.

  “കെട്ടിടം പൊളിക്കൽ ഒരു ശാസ്ത്രവും കലയുമാണ്. കെട്ടിടങ്ങൾ വളരെ കൃത്യതയോടെ നിലംപതിക്കണം," തൈസെൻക്രപ്പ്, ഹിൽറ്റി തുടങ്ങിയ വ്യാവസായിക എഞ്ചിനീയറിങ്, നിർമ്മാണ കമ്പനികളിൽ ഒരു ദശാബ്ദത്തിലേറെ ചെലവഴിച്ച മേത്ത പറയുന്നു. " ദക്ഷിണാഫ്രിക്കൻ പങ്കാളികളായ ജെറ്റ് ഡെമോളിഷൻസുമായി സഹകരിച്ചാണ് ഞങ്ങൾ ഇത് ചെയ്യുന്നത്," മേത്ത പറയുന്നു.

  2012ൽ ആണ് മേത്ത ജിഗർ ഛേദയുമായി ചേർന്ന് എഡിഫൈസ് എഞ്ചിനീയറിങ് എന്ന കമ്പനി ആരംഭിച്ചത്. ഫാക്ടറികൾ, അണക്കെട്ടുകൾ, സ്റ്റേഡിയങ്ങൾ, കെട്ടിടങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഘടനകൾ തകർക്കുന്ന ചുമതല കമ്പനി ഏറ്റെടുക്കുന്നുണ്ട്. പൊളിക്കലിന് നെഗറ്റീവായ ഒരു അർത്ഥമുണ്ടെന്ന് അദ്ദേഹം എടുത്തു പറയുന്നു. അതുകൊണ്ടാണ് കമ്പനിയുടെ പേര് എഡിഫിസ് എഞ്ചിനീയറിങ് (Edifice Engineering) എന്നാക്കിയതെന്ന് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു.

  read also : നോയ്ഡയിലെ ഫ്ളാറ്റ് പൊളിക്കൽ മരട് മോഡലിൽ; അവശിഷ്ടങ്ങൾ എന്തു ചെയ്യും?

  "ഇത് ബോംബിട്ട് നശിപ്പിക്കുന്നതു പോലെ ലളിതമല്ല," കെട്ടിടങ്ങൾ തകർക്കുന്ന ജോലിയെക്കുറിച്ച് ആളുകൾക്കുള്ള പൊതുവായ ധാരണ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. “ഇത് രോഹിത് ഷെട്ടിയുടെ സിനിമയല്ല, അവിടെ കാറുകളും കെട്ടിടങ്ങളും വായുവിൽ പറക്കുന്നതായി നിങ്ങൾ കാണും,” അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിചേർത്തു. എല്ലാ കെട്ടിടങ്ങളും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കേണ്ടതില്ല. എന്നാൽ 2020 ജനുവരിയിൽ എഡിഫൈസും ജെറ്റും ചേർന്ന് പൊളിച്ചുമാറ്റിയ കൊച്ചിയിലെ 19 നില കെട്ടിടത്തിന്റെ കാര്യത്തിലും ഇതാവശ്യമായിരുന്നു. ഇത്തരത്തിൽ എവിടെയൊക്കെ ആവശ്യമുണ്ടോ അവിടെയെല്ലാം നിയന്ത്രിത സ്ഫോടനം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. അത് തികച്ചും കൃത്യതയോടെ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.
  "ഒരു സർജന്റെ കത്തി ഒരു ഇഞ്ച് അല്ലെങ്കിൽ അതിലും താഴെ ലക്ഷ്യം തെറ്റി കയറിയാൽ എന്താണ് സംഭവിക്കുക, കനത്ത രക്തനഷ്ടത്തിന് അത് കാരണമാവുകയും, ഓപ്പറേഷൻ പരാജയപ്പെടുകയും ചെയ്യും. അതുപോലെ തന്നെയാണ് കെട്ടിടം തകർക്കുമ്പോഴും സംഭവിക്കുക. പൊളിക്കലിന്റെ ആഘാതം പരമാവധി ഇല്ലാതാക്കാൻ ശ്രമിക്കേണ്ടതുണ്ട്. മാത്രമല്ല ഇത് മൂലം അധികം നാശനഷ്ടങ്ങൾ‌ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം," അദ്ദേഹം പറയുന്നു.

  അച്ഛന്റെ സ്പെയർ പാർട്സ് ബിസിനസിൽ ആകൃഷ്ടനായിരുന്ന മേത്ത ഒരു ദശാബ്ദം മുമ്പാണ് ഈ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നതിന്റെ വലിയ നേട്ടം മനസിലാക്കിയത്. "ഞാൻ ഒരു ഗുജറാത്തിയാണ്. പണവും അവസരങ്ങളും എവിടെയാണെന്ന് എനിക്ക് കണ്ടെത്താൻ കഴിയും, ” അദ്ദേഹം പറഞ്ഞു. അധ്യാപികയായിരുന്നു മേത്തയുടെ അമ്മ. മകൻ പഠനം തുടരണമെന്നും അയാൾക്ക് താൽപ്പര്യമുള്ളതെന്തും പിന്തുടരണമെന്നും ആ​ഗ്രഹിച്ചിരുന്നു. തനിക്ക് എഞ്ചിനീയറിങ് എപ്പോഴും ഇഷ്ടമായിരുന്നു എന്ന് മേത്ത പറയുന്നു. സ്കൂൾ കാലഘട്ടത്തിൽ താൻ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്, എഞ്ചിനീയറിങ് പൂർത്തിയാക്കി ഒരു പതിറ്റാണ്ട് ഉദ്യോ​ഗസ്ഥനായി തുടർന്നതിന് ശേഷമാണ് പലരും ചെയ്യാത്ത എന്തെങ്കിലും ചെയ്യാനാണ് മേത്തയും ഛേദയും ആഗ്രഹിച്ചത്. “എല്ലാവരും നിർമ്മിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഞങ്ങൾ ആകട്ടെ നശിപ്പിക്കാൻ തീരുമാനിച്ചു, ”അദ്ദേഹം പറയുന്നു.

  എന്നാൽ, പ്രവർത്തനം ആരംഭിച്ച ആദ്യ വർഷം എഡിഫൈസിന് കാര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. ധാരാളം ജോലികൾ ലഭിക്കുന്നുണ്ടായിരുന്നു, എന്നാൽ ഇതൊന്നും അത്ര വലിയ പ്രോജക്ടുകൾ അല്ലായിരുന്നു. പലതും വളരെ ചെറുതായിരുന്നു, അതാകട്ടെ സാമ്പത്തികമായി അധികം മെച്ചമുള്ളതും അല്ലായിരുന്നു. ആദ്യ വർഷം കമ്പനിക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മേത്ത പറയുന്നു.
  അടുത്ത ഏതാനും മാസങ്ങളിലും ഈ സ്ഥിതി തുടർന്നു. കഠിനമായി തളർന്നുപോയെങ്കിലും ഈ സംരംഭക ജോഡികളുടെ ആവേശത്തെ ഈ നഷ്ടം തളർത്തിയില്ല. ക്രമേണ, കെട്ടിടം പൊളിക്കൽ ബിസിനസിൽ ഈ പ്രൊഫഷണലുകളുടെ വൈ​ദ​ഗ്ധ്യത്തെ കുറിച്ച് കൂടുതൽ അറിയപ്പെടാൻ തുടങ്ങി. പിന്നെ ഇവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ വെല്ലുവിളി നിറഞ്ഞ നിരവധി പദ്ധതികൾ എഡിഫൈസ് നടപ്പിലാക്കിയിട്ടുണ്ട്. ബിഹാറിലെ പട്‌നയിലെ 11 കിലോമീറ്റർ ദൈർഘ്യമുള്ള പാലം പൊളിക്കുന്നത് മുതൽ തെലങ്കാന സെക്രട്ടേറിയറ്റും പഴയ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയവും ഇടിച്ചു നിരത്തുന്നത് വരെ ഇതിൽ ഉൾപ്പെടും.
  തങ്ങളുടെ ദക്ഷിണാഫ്രിക്കൻ പങ്കാളിയായ ജെറ്റ് ഡെമോളിഷൻസ് പ്രൈവറ്റ് ലിമിറ്റഡും ഈ രം​ഗത്തെ അതികായരാണെന്ന് മേത്ത ചൂണ്ടികാട്ടി. 2019-ൽ ജോഹന്നാസ്ബർഗിലെ 108 മീറ്റർ ഉയരമുള്ള ബാങ്ക് ഓഫ് ലിസ്ബൺ കെട്ടിടം വളരെ സുരക്ഷിതമായി പൊളിച്ച് മാറ്റിയത് ജെറ്റ് ഡെമോളിഷൻസിന്റെ മേൽനോട്ടത്തിലാണ്. “ഒരു കെട്ടിടം നിലംപതിക്കാൻ മിനിട്ടുകളോ സെക്കൻഡുകളോ മാത്രമാണ് എടുക്കുന്നതെന്നാണ് ആളുകൾ കരുതുന്നത്” അദ്ദേഹം പറഞ്ഞു. "എന്നാൽ അതങ്ങനെയല്ലെന്നും തിരശ്ശീലയ്ക്ക് പിന്നിൽ ഇതിന് വേണ്ടി ധാരാളം വിയർപ്പും രക്തവും ഒഴുകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  നോയിഡയിലെ ഇരട്ട കെട്ടിടങ്ങളുടെ കാര്യത്തിൽ ഈ വർഷം ഫെബ്രുവരിയിലാണ് ഒരുക്കങ്ങൾ തുടങ്ങിയത്. “ആറു മാസം കൊണ്ട് നിങ്ങൾ എന്താണ് ചെയ്തത്? ഞങ്ങൾക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്നാണ് ആളുകൾ പറയുന്നത്.” പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് പിന്നിലെ വിശദമായ ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങൾ മേത്ത വിശദീകരിച്ചു.

  ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മാസ്റ്റർ ബ്ലാസ്‌റ്ററായ ജോസഫ് റോബർട്ട് ബ്രിങ്ക്‌മാനും അദ്ദേഹത്തിന്റെ ടീമും ഇന്ത്യൻ പങ്കാളികളും മണിക്കൂറുകളോളം എടുത്താണ് പൊളിക്കേണ്ട ടവറുകൾ വിശകലനം ചെയ്തത്. 32 നിലകളുള്ള അപക്‌സും 30 നിലകളുള്ള സെയാനുമാണ് പൊളിക്കുന്ന ടവറുകൾ. ഏകദേശം 14 കിലോമീറ്റർ നീളത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കാൻ മുന്നോറോളം തൊഴിലാളികളാണ് പ്രവർത്തിച്ചത്. ഏകദേശം 9,400 ദ്വാരങ്ങളിലായി 3,500 കിലോയിലധികം സ്ഫോടകവസ്തുക്കളാണ് നിറച്ചത്. കാറ്റിനെ പ്രതിരോധിക്കുന്ന ഷിയർ വോളും ലിഫ്റ്റ് ഷാഫ്റ്റും ശ്രദ്ധിക്കേണ്ടതുണ്ട്. ടവറുകൾക്കുള്ളിലെ എല്ലാ ഇഷ്ടികകളും ഇടഭിത്തികളും ചെറിയ ഘടനകളും പൊളിച്ചുമാറ്റുകയും ഗോവണി ദുർബലപ്പെടുത്തുകയും വേണം. “ഈ കാര്യങ്ങൾ ഒറ്റരാത്രികൊണ്ട് ചെയ്യാൻ കഴിയില്ല,” അദ്ദേഹം പറയുന്നു.

  മേത്തയെ ഈ ‘നശീകരണ’ ബിസിനസ്സിൽ നിലനിർത്താൻ സഹായിക്കുന്നത് അദ്ദേഹത്തിന്റെ അഭിനിവേശമാണ്. "നാശമില്ലാതെ ഒരു സൃഷ്ടിയുമില്ല," എന്ന് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. തന്റെ ജോലിയിൽ സന്തോഷവാനാണ് മേത്ത. തന്റെ പ്രയത്നങ്ങൾ അദ്ദേഹത്തിന് സംതൃപ്തി നൽകുന്നുണ്ട്. “എഡിഫൈസ് ഇപ്പോൾ 150 കോടി രൂപയുടെ കമ്പനിയാണ്. ഇത് ഒരു തമാശയല്ല, ”അദ്ദേഹം പറയുന്നു.
  കെട്ടിടങ്ങൾ പൊളിക്കുന്ന ബിസിനസ്, ഉയർന്ന സമ്മർദ്ദമുള്ള ജോലിയാണെന്ന് അദ്ദേഹം അടിവരയിടുന്നു.
  “നിങ്ങൾക്ക് ചൂട് കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അടുക്കളയിൽ പ്രവേശിക്കരുത്. നിങ്ങൾക്ക് സമ്മർദ്ദങ്ങൾ താങ്ങാൻ കഴിയില്ലെങ്കിൽ ഈ ജോലി ആസ്വദിക്കാൻ കഴിയില്ല, ഉറക്കമില്ലാത്ത രാത്രികളായിരിക്കും പലപ്പോഴും. ഒരു മൈക്രോ ഇഞ്ച് മാറി പോയാൽ, എല്ലാം മാറിമറിയും, ”അദ്ദേഹം പറയുന്നു. ഉത്കർഷ് മേത്തയ്ക്ക് ആത്മവിശ്വാസം പകരുന്നത് അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിലുള്ള വിശ്വാസവും കെട്ടിടങ്ങൾ 'നിയന്ത്രിതസ്ഫോടനത്തിലൂടെ തകർക്കുന്നതിൽ' അദ്ദേഹത്തിന്റെ വിദേശ പങ്കാളിയ്ക്കുള്ള ട്രാക്ക് റെക്കോർഡുമാണ്.
  Published by:Amal Surendran
  First published: