അഗർത്തല: ത്രിപുരയിൽ നാളെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനം. 60 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. ബിജെപി ഐപിഎഫ്ടി സഖ്യത്തിനും സിപിഎം -കോൺഗ്രസ് സഖ്യത്തിനും പുറമെ ടിപ്ര മോത പാർട്ടിയും പ്രചാരണ രംഗത്ത് ശക്തമായിരുന്നു. അൻപതിൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം.
കഴിഞ്ഞ തവണ ബിജെപിയ്ക്ക് പോയ കോൺഗ്രസ് വോട്ടുകൾ മടങ്ങി വരുമെന്നും ഇടത് കോൺഗ്രസ് വോട്ടുകൾ ഒപ്പം നിർത്താൻ ആയാൽ ബിജെപിയെ പരാജയപ്പെടുത്താൻ ആകുമെന്നുമാണ് കോൺഗ്രസ് സിപിഎം നേതാക്കളുടെ പ്രതീക്ഷ.
എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. കാരണങ്ങൾ ഇതാ
ആകെയുള്ള 60 സീറ്റുകളിൽ ബിജെപി മത്സരിക്കുന്നത് 55 എണ്ണത്തിൽ. ബാക്കി അഞ്ച് സീറ്റുകളിൽ സഖ്യകക്ഷിയായ ഐപിഎഫ്ടി മത്സരിക്കുന്നു. 2018ൽ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഇടതുമുന്നണി സർക്കാരിനെ അട്ടിമറിച്ചാണ് ബിജെ പി അധികാരം പിടിച്ചത്. ഭരണവിരുദ്ധ വികാരം അന്ന് ബി ജെ പിക്ക് ഏറെ അനുകൂല ഘടകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും ജനപ്രീതിയും വോട്ടർമാരെ മാറ്റത്തിന്റെ ഏജന്റായി ബിജെപിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇത്തവണ അധികാരം നിലനിർത്തേണ്ടത് അഭിമാന പ്രശ്നമായാണ് ബിജെപി കാണുന്നത്. അതുകൊണ്ടുതന്നെ പ്രചാരണത്തിന് സകല തന്ത്രങ്ങളും ബിജെപി പയറ്റി.
ഭരണം പിടിക്കാന്‍ സാധിച്ചാല്‍ സിപിഎമ്മിന് മുഖ്യമന്ത്രിയുള്ള രണ്ടാമത്തെ സംസ്ഥാനമായി ത്രിപുര മാറും. വിജയിച്ചാല്‍ മുഖ്യമന്ത്രി സിപിഎമ്മില്‍ നിന്നായിരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. 2018ൽ സിപിഎം 16 സീറ്റിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചിരുന്നില്ല. സീറ്റ് നിലയില്‍ വലിയ വ്യത്യാസം ഉണ്ടായെങ്കിലും വോട്ട് വിഹിതത്തിലേക്ക് വരുമ്പോള്‍ സിപിഎമ്മിന് 42 ശതമാനവും ബിജെപിക്ക് 44 ശതമാനവും വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് ആവട്ടെ 2013ലെ 37 ശതമാനത്തിൽ നിന്ന് 2 ശതമാനം വോട്ട് വിഹിതത്തിലേക്ക് കൂപ്പു കുത്തി. ഇത്തവണ കോൺഗ്രസ് വോട്ടുകൾ കൂടി കിട്ടിയാൽ ബിജെപിയെ തോൽപിക്കാനാകുമെന്നാണ് സിപിഎം പ്രതീക്ഷ.
ബിജെപി ഇതര വോട്ടുകളുടെ ഭിന്നിപ്പ് തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ, ഇടതു-കോൺഗ്രസ് സഖ്യം തൃണമൂൽ കോൺഗ്രസിനെ ബിജെപിയുടെ ബി ടീമെന്നാണ് വിശേഷിപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപണം ശക്തമായി നിഷേധിക്കുന്നു. എന്നിരുന്നാലും, ടിഎംസിയുടെ സ്വാധീനം വളരെ പരിമിതമായിരിക്കും, മിക്ക സർവേക്കാരും അവർ മത്സരിക്കുന്ന 28 സീറ്റുകളിൽ ഒരു സീറ്റിലും വിജയം പ്രവചിക്കുന്നില്ല.
ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിന് സഖ്യം രൂപീകൃതമായെങ്കിലും ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാമെന്ന് വാദിക്കുന്നവരുണ്ട്. 2018ൽ സിപിഎം ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയെ പിന്തുണച്ച പല കോൺഗ്രസ് വോട്ടർമാരും സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. തൃണമൂൽ കോൺഗ്രസ് ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും അതേ വോട്ടുകളാണ് ലക്ഷ്യമിടുന്നത്. ബംഗാളി ആധിപത്യമുള്ള പ്രദേശങ്ങളിലെ മറ്റ് പാർട്ടികളുടെ വോട്ടുകളിലാണ് ഇവർ കണ്ണുവയ്ക്കുന്നത്.
ഇടതുപക്ഷ വോട്ടർമാരേക്കാൾ കൂടുതൽ കോൺഗ്രസ് വോട്ടർമാരാണ് ഇടതുപക്ഷ മേധാവിത്വം അവസാനിപ്പിക്കാൻ 2018 ല്‍ ബിജെപിയിലേക്ക് മാറിയതെന്ന് വ്യക്തം. പുതിയ സഖ്യത്തില്‍ സിപിഎം 46 സീറ്റുകളിലും കോൺഗ്രസ് 13 സീറ്റുകളിലും മത്സരിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് വിഹിതം രണ്ടിൽ നിന്ന് 25 ശതമാനമായി ഉയർത്താന്‍ സാധിച്ചതും കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
ടിപ്ര മോതയുടെ സാന്നിധ്യം മറ്റ് കക്ഷികളെല്ലാം ആശങ്കയോടെയാണ് കാണുന്നത്. ജനസംഖ്യയുടെ 30 ശതമാനം വരുന്ന തദ്ദേശീയ ഗോത്രവർഗക്കാരുടെ മുഖമായി പാർട്ടി സ്ഥാനം പിടിച്ചു. കഴിഞ്ഞ വർഷം, ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ (ടിടിഎഎഡിസി) തിരഞ്ഞെടുപ്പിൽ മോതയുടെ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരിയിരുന്നു. മോതയുമായി സഖ്യമുണ്ടാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും ടിടിഎഡിസിയുടെ കീഴിലുള്ള നിലവിലെ പ്രദേശവും മറ്റ് 36 പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സംസ്ഥാനമായ ഗ്രേറ്റർ ടിപ്രലാൻഡ് രൂപീകരിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പാണ് അവർ ആവശ്യപ്പെട്ടത്. ഗോത്രസഖ്യത്തിനായി ഐപിഎഫ്ടിയുമായി ടിപ്ര മോത ചർച്ച നടത്തിയിരുന്നുവെങ്കിലും സഖ്യകക്ഷിയെ നിലനിർത്താൻ ബിജെപിക്ക് സാധിച്ചത് അനുകൂല ഘടകമാണ്. അതിനിടിയിലാണ് തിരഞ്ഞെടുപ്പിന് ശേഷം ട്രിപ മോതയുമായി സഖ്യമാവാമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസും രംഗത്ത് വന്നത്.
അധികാരത്തിലേറിയ അഞ്ച് വർഷം ബിജെപിയെ സംബന്ധിച്ചും ഒട്ടും സുഖകരമായിരുന്നില്ല. മുഖ്യമന്ത്രിയെ അടക്കം മാറ്റി പരീക്ഷിക്കേണ്ടി വന്നു. ഭരണ വിരുദ്ധത, ഉയർന്നുവരുന്ന പ്രതിപക്ഷ സഖ്യങ്ങൾ, പുതിയ ഗോത്രവർഗ ശക്തിയുടെ ഉദയം എന്നിങ്ങനെ ഒന്നിലധികം വെല്ലുവിളികൾ ഭരണകക്ഷിയായ ബിജെപി നിലവില്‍ അഭിമുഖീകരിക്കുന്നു. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രാഷ്ട്രീയ അക്രമങ്ങൾ വർധിച്ചുവെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചപ്പോൾ, നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മുമ്പാണ് ബിപ്ലബ് ദേബിനെ മാറ്റി മണിക് സാഹയെ ബി ജെ പി മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടു വരുന്നത്. തലപ്പത്തുണ്ടായ മാറ്റം വിജയം കൊണ്ടുവരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാന നിമിഷവും പ്രചാരണത്തിന് എത്തിയതിന്റെ ആവേശത്തിലാണ് ബിജെപി പ്രവർത്തകർ. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും സർക്കാരുകളുടെ നേട്ടം ഉയർത്തിക്കാട്ടുമ്പോൾ തന്നെ, സിപിഎം- കോൺഗ്രസ് സഖ്യത്തെ കടന്നാക്രമിക്കാനും പ്രധാനമന്ത്രി തയാറായി. സിപിഎം-കോൺഗ്രസ് സഖ്യത്തിനെതിരേ ‘‘കേരളത്തിൽ ഗുസ്തി, ത്രിപുരയിൽ കൂട്ടുകെട്ട്’’ (കേരൾ മേം ഗുസ്തി, ത്രിപുരാ മേം ദോസ്തി) പ്രയോഗം നരേന്ദ്ര മോദി ആവർത്തിച്ചു.
ഒരുമിച്ച് നിൽക്കുമ്പോഴും സഖ്യത്തെ കുറിച്ച് സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ വ്യത്യസ്തമായ അഭിപ്രായങ്ങൾ ദോഷമാകുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. സിപിഎമ്മും കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ലെന്ന് നേതാക്കൾ ആവർത്തിക്കുന്നു. എന്നാൽ, 2018 വരെ പരസ്പരം എതിർത്തിരുന്ന സിപിഎമ്മും കോൺഗ്രസും തമ്മിൽ പൊട്ടിമുളച്ച ബന്ധം ബിജെപി വിരുദ്ധരായ എല്ലാ വോട്ടർമാർക്കും അംഗീകരിക്കാനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ജനസംഖ്യയുടെ അഞ്ചിലൊന്നു സർക്കാർ ജീവനക്കാരായതിനാൽ പഴയ പെൻഷൻ രീതിയിലേക്ക് മടങ്ങി പോകുമെന്നതടക്കമുള്ള പ്രഖ്യാപനം ഗുണം ചെയ്യുമെന്നാണ് സിപിഎം – കോൺഗ്രസ് മുന്നണി കണക്കുകൂട്ടുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.