• HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടിൽ ഭീതി പരത്തിയതെന്ന് കരുതുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്ടിൽ ഭീതി പരത്തിയതെന്ന് കരുതുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ഈ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

  • Share this:

    കൽപ്പറ്റ: വയനാട് പൊൻമുടി കോട്ട ഭാഗത്ത് ഭീതിപരത്തിയതെന്നു കരുതുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നെൻമേനി പാടി പറമ്പിൽ സ്വകാര്യ ത്തോട്ടത്തിൽ കുരുക്കിൽ പെട്ട് ചത്ത നിലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവാ ഭീതിയിലായിരുന്നു വയനാട്ടിലെ പൊൻമുടി കോട്ട പ്രദേശം.

    ഈ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

    അതേസമയം കടുവശല്യം രൂക്ഷമായ പൊന്‍മുടിക്കോട്ടയില്‍ കൂടുതല്‍ വനപാലകരെയും ആര്‍.ആര്‍.ടി. സംഘത്തെയും ഉടന്‍ എത്തിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊന്മുടി കോട്ട, അമ്പുകുത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറേ നാളുകളായി കടുവാ സാന്നിദ്ധ്യമുള്ളത്. രണ്ടു കടുവകള്‍ പ്രദേശത്തുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ കടുവകളെ പിടിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുവരികയായിരുന്നു.

    ജനുവരിയിൽ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിൽ തോമസ് എന്നയാളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി 12നായിരുന്നു സംഭവം. കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു.

    കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. സാലുവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

    Also read- വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണം? ‘പ്രോജക്ട് ടൈഗർ’ പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചയോ?

    അതേസമയം കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര്‍ മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വന്യജീവി ആക്രമണത്തെപ്പറ്റി വിശദമാക്കുന്നുണ്ട്.

    Published by:Anuraj GR
    First published: