നടൻ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
'നീ നടൻ വിനായകന്റെ ചേട്ടനല്ലേ' എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്ന് വിക്രമൻ ആരോപിച്ചു
കൊച്ചി: നടൻ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. വിനായകന്റെ ചേട്ടനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷയാണ് നിസാര കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസെടുത്തത്.
‘നീ നടൻ വിനായകന്റെ ചേട്ടനല്ലേ’ എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്ന് വിക്രമൻ ആരോപിച്ചു. എന്നാൽ വിക്രമൻ വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ പൊലീസുകാർ, നടൻ വിനായകന്റെ ജേഷ്ഠനാണ് അദ്ദേഹമെന്ന് അറിഞ്ഞത് പിന്നീടാണെന്നും പറഞ്ഞു. ഐപിസി 283-ാം വകുപ്പും, മോട്ടോർ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്ഐആർ. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്.
advertisement
‘തന്റെ ഭാര്യയുടെ പേരിലുള്ളതാണ് KL-07-CN-8099 നമ്പർ സിഎൻജി ഓട്ടോറിക്ഷ. ഈ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഇന്നലെ പകൽ 11.25 ഓടെ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പിഴയടച്ച് വിടാവുന്ന കുറ്റത്തിന് മുൻവൈരാഗ്യത്തോടെ പൊലീസ് ഇടപെടുകയായിരുന്നു. മുളവുകാട് പഞ്ചായത്തിലെ വല്ലാർപാടത്ത് ഹാൾട്ടിങ് സ്റ്റേഷനുള്ള ഓട്ടോറിക്ഷയ്ക്ക് കൊച്ചി നഗരത്തിലേക്ക് സർവീസ് നടത്തുന്നതിന് നിയമപരമായി യാതൊരു തടസവുമില്ല, വിക്രമൻ പറഞ്ഞു.
‘യാത്രക്കാരുമായി എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് വന്നതായിരുന്നു. യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസെത്തിയത്. നീ വിനായകന്റെ ചേട്ടനല്ലേയെന്ന് ചോദിച്ച പൊലീസുകാർ ഒരു 15 ദിവസം വണ്ടി സ്റ്റേഷനിൽ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചുവെക്കുകയായിരുന്നു. കമ്മട്ടിപാടത്താണ് എന്റെ വീട്. യൂണിയന്‍ ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഭാര്യയുടെ പേരിൽ സിഎൻജി ഓട്ടോറിക്ഷ വാങ്ങിയത്. നാല് വശത്തും റെയിൽവെ ട്രാക്കായതിനാൽ ഓട്ടോറിക്ഷ വീട്ടിൽ കൊണ്ടുപോകാനും കഴിയില്ല. അതിനിടെയാണ് പൊലീസ് സഹോദരനോടുള്ള പക തീർക്കാൻ തന്നെയും കരുവാക്കുന്നത്’ – വിക്രമൻ പറഞ്ഞു.
advertisement
അതേസമയം, വിക്രമനെതിരെ ചുമത്തിയ കേസ് സ്വാഭാവിക നടപടിക്രമമെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് പൊലീസ് വ്യക്തമാക്കി. എംസി റോഡ് മെട്രോ സ്റ്റേഷൻ റോഡ് തിരക്കേറിയ പാതയാണെന്നും ഇന്നലെ പട്രോളിംഗ് സംഘം അതുവഴി പോയപ്പോൾ അവിടെ നാല് ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നുവെന്നും സിഐ ഹണി പറഞ്ഞു. നാല് ഓട്ടോറിക്ഷകൾക്കും പിഴയടക്കാൻ ചലാൻ നൽകി. എന്നാൽ ഈ ഒരു ഓട്ടോറിക്ഷാ തൊഴിലാളി മാത്രം അതിന് തയ്യാറായില്ല, പൊലീസിനോട് തട്ടിക്കയറി.
advertisement
അതുകൊണ്ടാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്തതിനും പെർമിറ്റില്ലാത്ത സ്ഥലത്ത് സർവീസ് നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം പട്രോളിങ് സമയത്ത് കസ്റ്റഡിയിലെടുക്കുമ്പോൾ വിക്രമൻ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എസ്ഐ വിനോദ് പറഞ്ഞു. പിന്നീട് ഓട്ടോറിക്ഷ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിക്രമൻ നടൻ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 15, 2023 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടൻ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു