പാലക്കാട് ദുരന്തം; മടക്കവും ഒരുമിച്ച്; നാലുപേര്‍ക്കും അടുത്തടുത്ത് ഖബർ; വിടചൊല്ലി നാട്
- Published by:Rajesh V
- news18-malayalam
Last Updated:
അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അധ്യാപകരുമടക്കം ആയിരക്കണക്കിനാളുകൾ തുപ്പനാട് കരിമ്പനയ്‌ക്കൽ ഓഡിറ്റോറിയത്തിൽ എത്തി
പാലക്കാട് പനയമ്പാടത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് മരിച്ച നാലു വിദ്യാർത്ഥിനികൾക്ക് നാട് വിട ചൊല്ലി. തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ അടുത്തടുത്ത ഖബറുകളിലാണ് ഉറ്റസുഹൃത്തുക്കളുടെ അന്ത്യവിശ്രമം.
പുലർച്ചെയോടെയാണ് കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ ഇർഫാന ഷെറിൻ (13), റിദ ഫാത്തിമ (13), നിദ ഫാത്തിമ (13), ആയിഷ (13) എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ചത്. രണ്ട് മണിക്കൂർ വീടുകളിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്‌ക്കൽ ഓഡിറ്റോറിയത്തിൽ എത്തിച്ചത്.
അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അധ്യാപകരുമടക്കം ആയിരക്കണക്കിനാളുകൾ ഇവിടെയെത്തി. ഹൃദയഭേദകമായിരുന്നു ഇവിടത്തെ കാഴ്ചകൾ. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനികളുടെ ഭൗതികശരീരം കണ്ട് സഹപാഠികളടക്കം നിയന്ത്രണം വിട്ട് കരഞ്ഞത് കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എത്തി പ്രാർത്ഥനകൾക്ക് നേതൃത്വം നല്‍കി.
advertisement
മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി, കെ ശാന്തകുമാരി എംഎൽഎ തുടങ്ങിയവർ കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർത്ഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ.
പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. അപകടസമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. പരിക്കേറ്റ ഡ്രൈവർ കാസർഗോഡ് സ്വദേശി വർഗീസ് (52), ക്ലീനർ മഹേന്ദ്ര പ്രസാദ് (28) എന്നിവർ മണ്ണാർക്കാട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
advertisement
അതേസമയം, പാലക്കാട് പനയമ്പാടത്തെ അപകടത്തിൽ ഒരാൾ അറസ്റ്റിലായി. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്‍റ് ലോറി വിദ്യാർത്ഥിനികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
December 13, 2024 11:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ദുരന്തം; മടക്കവും ഒരുമിച്ച്; നാലുപേര്‍ക്കും അടുത്തടുത്ത് ഖബർ; വിടചൊല്ലി നാട്