തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിലാണ് എല്ലാം ശുഭമായി അവസാനിച്ചത്. 182 പേരുമായി കോഴിക്കോട് നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയർഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്.
അടിയന്തര ലാൻഡിങ്ങിനായി തിരുവനന്തപുരത്തിന് സമീപം കടലിന് മുകളിലായി എട്ട് തവണയാണ് വിമാനം ആകാശത്ത് ചുറ്റിപ്പറന്നത്. നേരത്തെ കോഴിക്കോട് നിന്ന് പറന്നുയർന്ന ശേഷം കരിപ്പൂർ വിമാനത്താവളത്തിന് മുകളിലും മുന്നുതവണയും വിമാനം വട്ടമിട്ട് പറന്നു. സുരക്ഷിത ലാൻഡിങ്ങിന് മുന്നോടിയായി ഇന്ധനം ഒഴിവാക്കുന്നതിനുവേണ്ടിയാണ് വിമാനം ആകാശത്ത് ചുറ്റിപ്പറന്നത്. അപകടസാധ്യത ഒഴിവാക്കാന്‍ കോവളം ഭാഗത്ത് ഇന്ധനം കടലിലൊഴുക്കുകയും ചെയ്തു.
ഇന്ന് രാവിലെ 9.45ഓടെയാണ് കരിപ്പൂരിൽനിന്ന് വിമാനം പറന്നുയർന്നത്. എന്നാൽ ടേക്കോഫിനിടെ വിമാനത്തിന്‍റെ പിൻഭാഗം റൺവേയിൽ ഉരസി തകരാർ സംഭവിക്കുകയായിരുന്നു. ഇത് മനസിലാക്കിയതോടെയാണ് വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിടാൻ തീരുമാനമായത്. വിമാനത്തിൽ 168 യാത്രക്കാർ ഉൾപ്പടെ 182 പേരാണ് ഉണ്ടായിരുന്നത്.
11.30ഓടെ തിരുവനന്തപുരത്തിന് സമീപം വിഴിഞ്ഞ മേഖലയിലായി കടലിന് മുകളിൽ ആകാശത്ത് വിമാനം ചുറ്റിപ്പറന്നു. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിത ലാൻഡിങ്ങിന് വേണ്ടിയുള്ള അടിയന്തര സംവിധാനങ്ങൾ ഒരുക്കുകയായിരുന്നു. വിമാനത്താവളത്തിന്‍റെ റൺവേ ഒഴിപ്പിക്കുകയും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. ആംബുലൻസ്, ഫയർ എഞ്ചിൻ തുടങ്ങിയ സംവിധാനങ്ങളും വിമാനത്താവളത്തിനകത്ത് സജ്ജമാക്കിയിരുന്നു.
ഏകദേശം 12.15ഓെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 168 യാത്രക്കാർ ഉൾപ്പടെയുള്ളവർ സുരക്ഷിതരായിരുന്നു. ഇവരെ പിന്നീട് ട്രാൻസിറ്റ് ലോഞ്ചിലേക്ക് മാറ്റി. വിമാനത്തിലെ ജീവനക്കാർ യാത്രക്കാർക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്തു.
Also Read- IX 385 കോഴിക്കോട്-ദമാം എയർഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി: 182 പേരും സുരക്ഷിതർ
തകരാറിലായ വിമാനത്തിലെ യാത്രക്കാരെ ഇന്ന് 3.30ഓടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തുനിന്ന് ദമാമിലേക്ക് കൊണ്ടുപോകുമെന്ന് എയർഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.