'കൂനുള്ള കുതിര' ചതിച്ച ശേഷം മാണിയും ജോസഫും ലോക്സഭയിലേക്ക് രണ്ടു മുന്നണികളായി ഏറ്റുമുട്ടുന്നു; 44 വർഷത്തിനുശേഷം

Last Updated:

2024 തിരഞ്ഞെടുപ്പിൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് (എം ) കേരളാ കോൺഗ്രസ് (ജെ ) പ്രതിനിധികളാണ് രണ്ടു മുന്നണികളുടെ സ്ഥാനാർഥികൾ

'എന്നാ കൊച്ചേ ഈ കുതിരയ്ക്ക് ഒരു കൂന്?' 1980 ജനുവരിയിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ ലോക്സഭയിലേക്ക് വോട്ട് ചെയ്ത് ഇറങ്ങിയ ശേഷം കേട്ട ഒരു ചോദ്യമാണ്. പള്ളിയിലൊക്കെ പോയി വോട്ട് ചെയ്യാനെത്തിയ പ്രായം ചെന്ന കണ്ണ് മങ്ങിയചില കേരളാ കോൺഗ്രസ് വോട്ടർമാരായിരുന്നു ഈ ചോദ്യം ഉന്നയിച്ചത്. രണ്ട് കേരളാ കോൺഗ്രസുകൾ തമ്മിൽ വാശിയേറിയ പോരാട്ടമായിരുന്നുഅവിടെ. അതിൽ ഒരു കേരളാ കോൺഗ്രസിന്റെ ചിഹ്നമായിരുന്നു കുതിര.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, പിറവം, കോട്ടയം ജില്ലയിലെ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ചേർന്ന മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ അന്നത്തെ രാഷ്ട്രീയ വോട്ട് നോക്കിയാൽ കുറഞ്ഞത് ഒരു ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥി ജയിക്കണം. എ കെ ആന്റണിയുടെ കോൺഗ്രസ് (യു), കേരളാ കോൺഗ്രസ് (എം ), കേരളാ കോൺഗ്രസ് (പിള്ള ), ഓൾ ഇന്ത്യ മുസ്ലിം ലീഗ് എന്നീ പാർട്ടികളും ഏറെക്കാലം സിപിഎമ്മിന് ഒപ്പം ഇല്ലാതിരുന്ന സിപിഐയും ചേർന്നതായിരുന്നു അന്നത്തെ എൽ ഡി എഫ്. കുന്നത്തുനാട്, പിറവം, പാലാ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളും സംസ്ഥാനഭരണവും കേരളത്തിലെ 12 ലോക് സഭ സീറ്റും നേടിയ ഇടതു മുന്നണിക്ക് കേരളാ കോൺഗ്രസ് ജോസഫ് മാണി വിഭാഗങ്ങൾ ഏറ്റുമുട്ടിയ മൂവാറ്റുപുഴ ലോക് സഭ സീറ്റ് കിട്ടിയില്ല.
advertisement
ലോക്‌സഭയിലെ സിറ്റിങ് അംഗം ജോർജ് ജെ മാത്യു കേരളാ കോൺഗ്രസി(എം) ന് വേണ്ടി മൂവാറ്റുപുഴയിൽ വന്നപ്പോൾ മുഖ്യ എതിരാളി ആയി യുഡിഎഫിൽ നിന്നുവന്നത് കേരളാ കോൺഗ്രസി(ജെ )ലെ ജോർജ് ജോസഫ്. പൊട്ടംകുളം അപ്പച്ചൻ എന്ന് അറിയപ്പെടുന്ന ജോർജ് ജെ മാത്യുവിന് ഒരുതരത്തിലും എതിരാളിയായിരുന്നില്ല മുണ്ടക്കൽ ബേബി എന്നറിയപ്പെട്ടിരുന്ന ജോർജ് ജോസഫ്. പ്രസംഗത്തിന് ക്ഷണിക്കുമ്പോൾ കൈ കൂപ്പി നിന്ന് വോട്ടു ചോദിക്കുന്ന പ്രകൃതം. പക്ഷെ ഫലം വന്നപ്പോൾ ജോർജ് ജോസഫിന്റെ ആന ജോർജ് ജെ മാത്യുവിന്റെ കുതിരയെ തോൽപ്പിച്ചു.
advertisement
കുതിരയുടെ കൂന്
ആകെയുള്ള 6,34,711 വോട്ടിൽ പെട്ടിയിൽ വീണ 3,63,029 ൽ അസാധു 3,339. ഇതിൽ ജോർജ് ജോസഫ് ആന ചിഹ്നത്തിൽ 1,72,651 നേടിയപ്പോൾ 1,68,321 വോട്ട് കുതിര ചിഹ്നത്തിൽ നേടിയ ജോർജ് ജെ മാത്യു 4330 വോട്ടിന് തോറ്റു. സംസ്ഥാനത്തെ രണ്ടാമത്തെ ചെറിയ ഭൂരിപക്ഷം. ഇവർ രണ്ടുപേരെയും കൂടാതെ രണ്ട് ജോർജുമാരും കൂടി ഉണ്ടായിരുന്നു സ്വതന്ത്രരായി. അതിൽ എൻ വി ജോർജ് നേടിയത് 11,859 വോട്ട്.
ഇതൊക്കെ എങ്ങനെ സാധിച്ചു ? 
ചിഹ്നത്തിൽ വോട്ട് ചെയ്ത് ബാലറ്റ് പെട്ടിയിൽ ഇടുന്ന കാലമാണ്. ആനയും കുതിരയും ആയിരുന്നു മുഖ്യ എതിരാളികളായ ജോർജുമാരുടെ ചിഹ്നം എങ്കിൽ മൂന്നാമത് വന്ന ജോർജിന്റെ ചിഹ്നം ഒട്ടകം ആയിരുന്നു. കുതിരയും ഒട്ടകവും തമ്മിൽ പലർക്കും പിഴച്ചു. ഒട്ടകത്തിന്റെ പുറത്തുള്ള പൂഞ്ഞ കാഴ്ചകുറവുള്ളവരിൽ ചെറിയൊരു സംശയത്തിന് ഇടയാക്കി എന്ന് പറയാം. ചിലർ തിരുത്താൻ നോക്കി അസാധു ആയി. അങ്ങനെയാണ് 'എന്നാ കൊച്ചേ ഈ കുതിരയ്ക്ക് ഒരു കൂന്?' എന്ന ചോദ്യം ഉണ്ടായത്. എന്നാൽ മാണി വിഭാഗത്തിലെ ചിലർക്ക് ജോർജ് ജെ മാത്യുവുമായി ഉണ്ടായിരുന്ന എതിർപ്പാണ് കുതിരയുടെ കൂന് നോക്കിപോയതിന് കാരണം എന്നും ഒരു പറച്ചിലുണ്ട്. ചുരുക്കത്തിൽ കുതിരയിൽ വീഴേണ്ട ഏതാണ്ട് 15,000 വോട്ട് ഒട്ടകം കൊണ്ട് പാഴായി. ആന ജയിച്ചു കയറി.
advertisement
അതായിരുന്നു രണ്ടു കേരളാ കോൺഗ്രസുകൾ ഡൽഹിക്ക്'പോകാൻ രണ്ടു മുന്നണികളിലായി ഏറ്റു മുട്ടിയ അവസാന യുദ്ധം.
രാഷ്ട്രീയം ഉപേക്ഷിച്ച വിജയി
എന്നാൽ പിന്നീട് ഒരിക്കൽ കൂടി ലോക് സഭയിലേക്ക് കേരളാ കോൺഗ്രസുകാർ ഏറ്റുമുട്ടി.1989 ലായിരുന്നു അത്. മണ്ഡലം മൂവാറ്റുപുഴ തന്നെ.
ലോക് സഭയിൽ വലിയ പ്രകടനം ഒന്നും കാഴ്ച്ച വെച്ചില്ലങ്കിലും 1984 ലെ ഇന്ദിരാ വധത്തിനു ശേഷമുള്ള തരംഗത്തിലും ജോർജ് ജോസഫ് വിജയിച്ചു. മാണി യുഡിഎഫിൽ എത്തിയതിനാൽ സിപിഎം സീറ്റ് ഏറ്റെടുത്തു. പി പി എസ്‌തോസിനെ ജോർജ് ജോസഫ് തോൽപ്പിച്ചത് 1,08,200 വോട്ടുകൾക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം. അപ്രതീക്ഷിതമായ രണ്ടു വിജയങ്ങൾ കൊണ്ടാണോ എന്നറിയില്ല മുണ്ടക്കൽ ബേബി 10 കൊല്ലത്തെ ലോക്‌സഭാ കാലയളവിനു ശേഷം രാഷ്ട്രീയം ഉപേക്ഷിച്ചു. ഹിമാലയത്തിൽ പോയി സന്യാസി ആയി എന്നാണ് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ. എന്തായാലും രാഷ്ട്രീയം ഉപേക്ഷിച്ചു.
advertisement
1989 ലെ തെരഞ്ഞെടുപ്പിൽ ജോസഫ്, മാണി കേരളാ കോൺഗ്രസുകൾ കോൺഗ്രസിനൊപ്പം. മൂവാറ്റുപുഴയ്ക്ക്'പുറമെ മുകുന്ദപുരവും നേടിയ ജോസഫ്. ഇന്ദിരാ തരംഗത്തിലും കോട്ടയം നഷ്ടമായ മാണി. കേരളാ കോൺഗ്രസിന്റെ പിറവിക്ക് കാരണഭൂതനായ പി ടി ചാക്കോയുടെ മകൻ പിസി തോമസിന് വേണ്ടിയാണ് മാണി മൂവാറ്റുപുഴ ആവശ്യപ്പെട്ടത്. രണ്ട് ലോക് സഭാ സീറ്റ് ഉള്ള ജോസഫിന് മൂവാറ്റുപുഴയ്ക്ക് പകരം ഇടുക്കി ആണ് യു ഡി എഫ് വാഗ്ദാനം ചെയ്തത്. ഇതിൽ കുപിതനായ ജോസഫ് മുന്നണി വിട്ടു. തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. പുഴയിലേക്ക് ചാടരുതേ എന്ന് പലരും ഉപദേശിച്ചു. പക്ഷെ വാശി ജയിച്ചു. മത്സരിച്ച ഔസേപ്പച്ചൻ ദയനീയമായി തോറ്റു.മുന്നണിയില്ലാതെ മൂന്നാം സ്ഥാനത്ത് എത്തിയ പിജെ ജോസഫിന് കുതിരയിൽ കിട്ടിയ 68,619 വോട്ടിനേക്കാൾ 411 വോട്ട് അധികം ഭൂരിപക്ഷം നേടി പിസി തോമസ് രണ്ടില ചിഹ്നത്തിൽ ലോക്സഭയിൽ എത്തി.
advertisement
ജോസഫിന് പറഞ്ഞ ഇടുക്കിയിൽ കോൺഗ്രസിന് വേണ്ടി പാലാ കെ എം മാത്യു മത്സരിച്ചു. 91,479വോട്ടിന് ജയിച്ചു.താമസിയാതെ ജോസഫ് ഇടതുമുന്നണിയിലും എത്തി. രണ്ടു വർഷത്തിനുളളിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പ് വന്നു. വാശി കൂടാതെ ജോസഫ് ഇടുക്കിയിൽ മത്സരിച്ചു. എതിരാളി പാലാ കെ എം മാത്യുവിനോട് 25,206 വോട്ടിന് തോറ്റു. പിന്നീട് ജോസഫ് ലോക്സഭയിലേക്ക് മത്സരിച്ചില്ല. 1996, 1998 വർഷങ്ങളിൽ അവിടെ മത്സരിച്ചു തോറ്റ ഫ്രാൻസിസ് ജോർജ് 1999ൽ കേരളാ കോൺഗ്രസ് ജോസഫിന് നാല് തെരഞ്ഞെടുപ്പുകളിലെ തോൽവി സമ്മാനിച്ച 10 വർഷത്തെ ഇടവേളക്ക് ശേഷം ലോക്സഭാ പ്രാതിനിധ്യം നേടിക്കൊടുത്തു.
advertisement
പിന്നീട് നാല് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മാണി,ജോസഫ് വിഭാഗങ്ങൾ രണ്ടു മുന്നണികളിലായി തുടർന്നു എങ്കിലും തമ്മിൽ ഏറ്റുമുട്ടിയില്ല.2004 ലെ തിരഞ്ഞടുപ്പിനു ശേഷം മൂവാറ്റുപുഴ എന്ന മണ്ഡലം തന്നെ കഥാവശേഷമായി.
എന്തായാലും ലോക് സഭയിലേക്ക് മൂന്ന് സീറ്റിൽ മത്സരിച്ച് ജയിച്ച ചരിത്രമുള്ള കേരളാ കോൺഗ്രസുകളാണ് ഇപ്പോൾ രണ്ടു മുന്നണികളിലായി ഒരിടത്തേക്ക് മത്സരിക്കുന്നത് എന്നതാണ് കൗതുകകരം. അതായാത് ഒരു കേരളാ കോൺഗ്രസുകാരൻ മാത്രമാകും ഇതിൽ സഭയിൽ എത്താൻ സാധ്യത .
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൂനുള്ള കുതിര' ചതിച്ച ശേഷം മാണിയും ജോസഫും ലോക്സഭയിലേക്ക് രണ്ടു മുന്നണികളായി ഏറ്റുമുട്ടുന്നു; 44 വർഷത്തിനുശേഷം
Next Article
advertisement
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
  • അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

  • ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്ലിന് അംഗീകാരം.

  • ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.

View All
advertisement