ദത്തെടുക്കൽ: മൂന്നംഗ പാര്‍ട്ടി കമ്മീഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം, കമ്മീഷനിൽ വനിതാ നേതാവ് വേണമെന്ന് അനുപമ
- Published by:user_57
- news18-malayalam
Last Updated:
സംസ്ഥാന തലത്തില്‍ വനിതാ നേതാവിനെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാണ് അനുപമയുടെ ആവശ്യം
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രനെതിരെ സി.പി.എം. അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനു തൊട്ടുപിന്നാലെ പ്രതികരണവുമായി അനുപമ. പേരൂര്‍ക്കട ഏരിയാ കമ്മിറ്റി യോഗമാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം. അതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്നു പി.എസ്. ജയചന്ദ്രനെ മാറ്റിനിര്‍ത്തും.
സംസ്ഥാന തലത്തില്‍ വനിതാ നേതാവിനെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാണ് അനുപമയുടെ ആവശ്യം. അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയതില്‍ അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രന്റെ പങ്കായിരിക്കും മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കുക. കമ്മീഷനില്‍ സി.പി.എം. പേരൂര്‍ക്കട ഏരിയാ കമ്മിറ്റിയംഗം വട്ടപ്പാറ ബിജു അധ്യക്ഷനും വേലായുധന്‍ നായര്‍, ജയപാല്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികളെന്ന് സി.പി.എം. പേരൂർക്കട ഏര്യാ സെക്രട്ടറി എസ്.എസ്. രാജാ ലാൽ പറഞ്ഞു.
advertisement
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം പേരൂർക്കട ലോക്കല്‍ കമ്മിറ്റി യോഗമാണ് പി.എസ്. ജയചന്ദ്രനെ പാര്‍ട്ടി പരിപാടികളില്‍ നിന്നു മാറ്റി നിര്‍ത്താനും ഏരിയാ തലത്തിലുള്ള അന്വേഷണത്തിനും ശുപാര്‍ശ നല്‍കിയത്. ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജയചന്ദ്രന്‍ താന്‍ ചെയ്ത കാര്യങ്ങളെ ന്യായീകരിച്ചു. പിതാവ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്‌തെന്നായിരുന്നു വിശദീകരണം. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജയചന്ദ്രൻ പറഞ്ഞു.
ഏര്യാ തലത്തിലുള്ള അന്വേഷണം പര്യാപ്തമല്ലെന്നും സംസ്ഥാനതലത്തില്‍ വനിതാ നേതാവിനെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണമെന്നും അനുപമ പ്രതികരിച്ചു. മാധ്യമങ്ങളിൽ നിന്നും മാറി കേശവദാസപുരം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ആയിരുന്നു പേരൂര്‍ക്കട ലോക്കൽ കമ്മിറ്റി യോഗം നടന്നത്. സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എം.ജി. മീനാംബിക എന്നിവരും ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഏരിയാ കമ്മിറ്റി യോഗം ചേർന്നത് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു.
advertisement
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ നടപടികൾ തിരുവനന്തപുരം കുടുംബ കോടതി സ്റ്റേ ചെയ്തിരുന്നു. കുഞ്ഞിന്റെ പൂര്‍ണ അവകാശം ആന്ധ്രാ സ്വദേശികൾക്ക് കൈമാറുന്നത് സംബന്ധിച്ച് കോടതിയിൽ പുരോഗമിക്കുന്ന നടപടികളാണ് താൽകാലികമായി സ്റ്റേ ചെയ്തത്. വിഷയത്തിൽ നവംബർ ഒന്നിന് വിശദമായ വാദം കേൾക്കാനും കോടതി തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2021 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദത്തെടുക്കൽ: മൂന്നംഗ പാര്‍ട്ടി കമ്മീഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം, കമ്മീഷനിൽ വനിതാ നേതാവ് വേണമെന്ന് അനുപമ