അശോകന് ക്ഷീണമില്ല'; 'ഇടം വലം' നോക്കാതെ ചുമരെഴുത്ത് തുടങ്ങിയിട്ട് 45 വർഷം
- Published by:Naseeba TC
- news18-malayalam
Last Updated:
ഒരു വാർഡിലെ രണ്ട് സ്ഥാനാർത്ഥിക്കും വേണ്ടി ചുമരെഴുതില്ല. അതിന് ഒരു കാരണവുമുണ്ട്. എഴുത്തിൽ വ്യത്യാസം വന്നാൽ ഒരു സ്ഥാനാർത്ഥിക്ക് നല്ലതുപോലെ എഴുതി എന്ന വിമർശനം വരും.
തിരുവനന്തപുരം: കുടപ്പനക്കുന്ന് സ്വദേശി അശോകൻ ചുമരെഴുത്ത് തുടങ്ങിയിട്ട് 45 വർഷമായി. പത്തു രൂപ കൂലിക്ക് തുടങ്ങിയ തൊഴിൽ. തെരഞ്ഞെടുപ്പ് കാലത്താണ് അശോകന് ഡിമാൻഡ്. അതും തദ്ദേശ തെരഞ്ഞെടുപ്പ് ആയതിനാൽ തിരക്ക് ഇരട്ടി. അഞ്ചു വർഷം കൂടുമ്പോൾ കിട്ടുന്ന ഈ തിരക്കു മാത്രമാണ് ജീവിതത്തിലെ ആകെ ആശ്വാസം. സ്ഥാനാർഥികളുടെ പേരും ചിഹ്നവും വായിക്കുന്നവരാരും അസംഘടിതമേഖലയിലെ ചുമരെഴുത്ത് കലാകാരന്മാരുടെ ജീവിതം വായിച്ചെടുക്കാൻ ശ്രമിക്കാറില്ല.
45 കൊല്ലം മുൻപ് 10 രൂപയായിരുന്നു കൂലി. ഇന്ന് ഒരു ചുമരെഴുതാൻ കളർ ഉൾപ്പെടെ രൂപ 500. ദിവസ ശമ്പളത്തിന് ജോലി ചെയ്താൽ മുതലാവില്ലെന്ന് അശോകൻ പറയുന്നു. എഴുതാൻ അനുമതി ലഭിക്കുന്ന ചുമരുകളുടെ എണ്ണവും കുറവല്ല. ഫ്ലക്സ് പ്രിന്റിങ് വ്യാപകമായതോടെ തൊഴിൽ നഷ്ടത്തിന്റെ അദ്ധ്യായം തുടങ്ങി. ഇപ്പോൾ ഫ്ളകസുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ജോലി പച്ച പിടിക്കുന്നു. മനസ്സിൽ രാഷ്ട്രീയം ഉണ്ടെങ്കിലും തൊഴിലിൽ രാഷ്ട്രീയം നോക്കാറില്ല. രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാനാർഥിനിർണയം വൈകുന്നതിൽ പരിഭവവും ചെറുതല്ല.
advertisement
സംസ്ഥാനത്തൊട്ടാകെ പതിനായിരത്തിലധികം പേരുണ്ട് ഈ തൊഴിൽ ചെയ്യുന്നവർ. പക്ഷേ സംഘടനയില്ല. അസംഘടിത മേഖലയായതുകൊണ്ടുതന്നെ തൊഴിൽപരമായ ആനുകൂല്യങ്ങളും ഇല്ല. ഇക്കാര്യം രാഷ്ട്രീയഭേദമന്യേ എല്ലാ പാർട്ടിക്കാരോടും ഉന്നയിച്ചെങ്കിലും തെരഞ്ഞെടുപ്പ് സീസൺ കഴിഞ്ഞാൽ ഇവരെ അവർക്കും ആവശ്യമില്ല.
You may also like:'മലയാള സിനിമയിൽ പാടില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല, അച്ഛനെയും അമ്മയെയും വരെ മോശമായി പരാമർശിച്ചു': വിജയ് യേശുദാസ്
കൊവിഡ് കാലം മാനസികമായി തകർത്തു. അക്കാലത്തെ തൊഴിൽ നഷ്ടം നികത്താൻ ഈ തിരഞ്ഞെടുപ്പുകാലത്തിനുമാവില്ല. എങ്കിലും തൊഴിലിന്റെ സൽപ്പേര് കളങ്കപ്പെടുത്താതിരിക്കാൻ ചില നിലപാടുകളും എടുക്കാറുണ്ടെന്ന് അശോകൻ പറയുന്നു. ഒരു വാർഡിലെ രണ്ട് സ്ഥാനാർത്ഥിക്കും വേണ്ടി ചുമരെഴുതില്ല. അതിന് ഒരു കാരണവുമുണ്ട്. എഴുത്തിൽ വ്യത്യാസം വന്നാൽ ഒരു സ്ഥാനാർത്ഥിക്ക് നല്ലതുപോലെ എഴുതി എന്ന വിമർശനം വരും. അതിനാൽ അത്തരം ഓഫറുകൾ ബോധപൂർവ്വം വേണ്ടെന്ന് വയ്ക്കും അശോകൻ.
advertisement
സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല. കൈ കൊണ്ട് ചെയ്യുന്നതിന്റെ കൗതുകം ഇപ്പോഴുമുണ്ട്. പക്ഷേ തലസ്ഥാനത്ത് അടക്കം ചുമരെഴുത്തുകാരുടെ എണ്ണം കുറയുന്നു. പെയിൻറിങ് , ഇൻറീരിയർ തൊഴിലുകളിലേക്ക് പലരും തിരിഞ്ഞു. പുതുതായി ആരും ഈ രംഗത്തേക്കു വരുന്നുമില്ല. സ്ഥിരം തൊഴിൽ ലഭ്യമല്ലാത്തതാണു കാരണം. 10 വർഷത്തിനുള്ളിൽ ഈ തൊഴിലും അസ്തമിക്കുന്ന ആശങ്കപങ്കുവെച്ച് അശോകൻ തിരക്കുകളിലേക്ക് നീങ്ങി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2020 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അശോകന് ക്ഷീണമില്ല'; 'ഇടം വലം' നോക്കാതെ ചുമരെഴുത്ത് തുടങ്ങിയിട്ട് 45 വർഷം