ബ്രൂവറി ഡിസ്റ്റിലറി അനുമതി റദ്ദാക്കി സർക്കാര്‍
Last Updated:
തിരുവനന്തപുരം: ബ്രൂവറി ഡിസ്റ്റിലറിക്ക് സർക്കാർ നൽകിയ അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതി നൽകുന്നത് കൂടുതൽ പരിശോധനക്ക് ശേഷമാകും. തീരുമാനം ഇപ്പോൾ റദ്ദാക്കുന്നത് വിവാദം ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അപേക്ഷകൾ പരിഗണിച്ച് പുതിയ യൂണിറ്റുകൾ അനുവദിക്കും. ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും. എന്നാൽ നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഡിസ്റ്റിലറിക്ക് അനുമതി നൽകിയ വിഷയത്തിൽ മുഴുവൻ വസ്തുതകളും പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോടു നിർദേശിച്ചിരുന്നു. ഡിസ്റ്റിലറികൾ വേണ്ടെന്ന 1999ലെ ഉത്തരവിനുശേഷം ഒരു സർക്കാരും ചെയ്യാത്ത നടപടി സ്വീകരിക്കുമ്പോൾ ആവശ്യമായ ആലോചനകൾ ഉണ്ടായില്ലെന്നാണു വിമർശനം ഉയർന്നത്.
പുതിയ മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമാണ് അനുവദിച്ചിരുന്നത്. വിഷയം ചർച്ച ചെയ്യാതിരുന്നതിനാൽ സിപിഐയും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു. ബ്രൂവറി വിഷയം സർക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷവും ഉയർത്തിക്കൊണ്ടുവന്നു. ഇതോടെയാണു നടപടികളിൽനിന്നു സംസ്ഥാന സര്‍ക്കാർ പിൻവാങ്ങാൻ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 12:58 PM IST