'പള്ളിക്കെട്ട് ശബരിമലക്ക്' സൂഫി ഗായകരുടെ 'ഏകനേ യാ അല്ലാ'യിൽ പിറന്ന ഗാനം;'പോറ്റിയേ കേറ്റിയേ' വിവാദത്തിനു മുമ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
ചരിത്രകാരനായ പള്ളിക്കോണം രാജീവാണ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനവും ഒരു പാരഡി ഗാനമാണെന്ന് രാജീവ് ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് ഉപയോഗിച്ച 'പോറ്റിയേ കേറ്റിയേ...' എന്ന പാരഡി ഗാനവും തുടർന്നുള്ള വിവാദങ്ങളുമാണ് ഇപ്പോൾ കേരളത്തിലെ ചർച്ചാവിഷയം. പാട്ടിന്റെ പേരിൽ ഗാനരചയിതാവ് ജി. പി കുഞ്ഞബ്ദുള്ള ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസെടുത്തിരുന്നു. പ്രശസ്തമായ അയ്യപ്പ ഭക്തിഗാനം 'പള്ളിക്കെട്ട് ശബരിമലയ്ക്ക്...' എന്ന ഗാനത്തിന്റെ ട്യൂണിലാണ് വിവാദഗാനം ഒരുക്കിയത്. ഈ സാഹചര്യത്തിൽ പ്രശസ്തമായ ഗാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം
ദക്ഷിണേന്ത്യയിലെ പ്രശസ്ത മുസ്ലിം തീര്‍ത്ഥാടനകേന്ദ്രമായ നാഗൂര്‍ ദര്‍ഗ്ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടിവരുന്ന 'ഏകനേ യാ അല്ലാഹ്.....' എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് ഭാഷാപണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂര്‍പേട്ട ഷണ്‍മുഖം ആണ് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്..' എന്ന ഗാനം രചിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
ചരിത്രകാരനായ പള്ളിക്കോണം രാജീവാണ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനവും ഒരു പാരഡി ഗാനമാണെന്ന് രാജീവ് ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. നാഗൂര്‍ ദര്‍ഗയില്‍ പതിറ്റാണ്ടുകളായി കേള്‍ക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തന്‍മാര്‍ എത്തിച്ചേരുന്ന ശബരിമലയ്ക്കു വേണ്ടി അതേ ഈണത്തില്‍ ഗാനം രചിക്കാന്‍ ഷണ്‍മുഖം തീരുമാനിച്ചതെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
advertisement
എന്നാൽ ഏതുഗാനമാണ് ആദ്യം പിറന്നതെന്നത് തെളിയിക്കാൻ ആധികാരികരേഖ ഒന്നുമില്ലെങ്കിലും പാട്ടിന്റെ രീതിയും ശൈലിയും പരിഗണിക്കുമ്പോൾ നാഗൂർ ദർഗ്ഗയിലെ ഗാനമാണ് ആദ്യം പിറന്നുവെന്നുവേണം അനുമാനിക്കാനെന്ന് പള്ളിക്കോണം രാജീവ് ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.
പള്ളിക്കോണം രാജീവിന്റെ കുറിപ്പിൽ നിന്ന്
'ഇരുമുടി താങ്കി ...' എന്ന വിരുത്തത്തെ തുടര്‍ന്ന് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ .....' എന്നു തുടങ്ങുന്ന അയ്യപ്പഭക്തിഗാനവും ഒരു പാരഡിഗാനമാണ്. മറ്റൊരു പാട്ടിന്റെ ഈണത്തെ അനുകരിച്ച് വരികള്‍ എഴുതുന്ന രീതിയാണ് പാരഡിയുടേത്.
advertisement
ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക തീര്‍ത്ഥാടനകേന്ദ്രമായ നാഗൂര്‍ ദര്‍ഗ്ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടിവരുന്ന 'ഏകനേ യാ അള്ളാ.....' എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂര്‍പേട്ട ഷണ്‍മുഖം രചിച്ചതാണ് പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനം. ജാതിമതവ്യത്യാസമില്ലാതെ തീര്‍ത്ഥാടകസംഘങ്ങളുടെ തിരക്ക് എപ്പോഴുമുള്ള നാഗൂര്‍ ദര്‍ഗയില്‍ പതിറ്റാണ്ടുകളായി മുഴങ്ങിക്കേള്‍ക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തന്‍മാര്‍ എത്തിച്ചേരുന്ന ശബരിമലയ്ക്കു വേണ്ടി അതേ ഈണത്തില്‍ ഗാനം രചിക്കാന്‍ ഷണ്‍മുഖം തീരുമാനിച്ചത്.
advertisement
മധുരൈ വീരമണിക്ക് ഈ ഗാനം എളുപ്പത്തില്‍ പാടുവാന്‍ തമിഴര്‍ക്കെല്ലാം ചിരപരിചിതമായ ഈ ഈണം സഹായകമായി. ഒരു മുസ്ലിം ഭക്തിഗാനത്തിന്റെ ഈണത്തെ പിന്‍പറ്റി ഒരു ഹിന്ദുഭക്തിഗാനം രചിക്കപ്പെട്ടത് യഥാര്‍ത്ഥ ഭക്തരില്‍ ഗാനത്തോട് ആദരവ് വര്‍ദ്ധിപ്പിക്കുമെങ്കിലും മതവൈരം വളര്‍ത്തുന്ന വര്‍ഗ്ഗീയശക്തികള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് ചിലപ്പോള്‍ അത് അംഗീകരിക്കാന്‍ വൈമനസ്യം തോന്നിയെന്നും വരാം. ഹിന്ദുക്കളുടെ പാട്ടും കലയും മറ്റുള്ള മതക്കാര്‍ അടിച്ചുമാറ്റുന്നുവെന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വതീവ്രവാദികള്‍ പരിഹാസമുയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ അറിവ് അവര്‍ക്കൊരു തിരിച്ചടിയുമായിരിക്കും.
advertisement
ഡോ. ഷണ്‍മുഖം തമിഴ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു. ദ്രാവിഡ കഴക പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ അനുയായിയായി മാറിയ ഷണ്‍മുഖം ഗണപതിവിഗ്രഹങ്ങളില്‍ ചെരുപ്പുമാല ചാര്‍ത്തിയുള്ള പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. നാസ്തികനില്‍നിന്ന് ഭക്തനിലേക്കുണ്ടായ മാറ്റത്തിന് ഒരു മാരകരോഗത്തില്‍ നിന്നുള്ള വിമുക്തിയാണ് കാരണമായത്. തുടര്‍ന്ന് തമിഴില്‍ നാനൂറോളം ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചു. മിക്ക ഗാനങ്ങളും ഏറെ ജനപ്രിയമായി മാറി. ശിര്‍കാഴി ഗോവിന്ദരാജന്‍ പാടി പ്രശസ്തമാക്കിയ 'വിനായകനേ വിനൈ തീര്‍പ്പവനേ... ' എന്ന ഗാനവും പള്ളിക്കെട്ടിനോടൊപ്പം എടുത്തു പറയേണ്ടതാണ്.
advertisement
ഒരു ഗാനത്തിന്റെ പാരഡിയായി മറ്റൊരു ഗാനം രചിക്കുന്ന രീതി പണ്ടുമുതലേ ഭക്തിഗാനരചനകളില്‍ സാധാരണമാണ്. പഴയ കാലത്ത് ജനപ്രിയ സിനിമാഗാനങ്ങളുടെ പാരഡിയായി ഭക്തിഗാനം രചിച്ച് അച്ചടിച്ചുവരുന്ന പാട്ടുപുസ്തകത്തില്‍ 'പ്രസ്തുത സിനിമാഗാനത്തിന്റെ മട്ടില്‍' എന്ന് പാട്ടിന് മുമ്പായി എഴുതിച്ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ നിരവധി പാട്ടുകള്‍ സന്ധ്യാനാമകീര്‍ത്തനങ്ങളായി അമ്മമാര്‍ ഭക്തിയോടെ ചൊല്ലിക്കേള്‍ക്കാറുമുണ്ട്. ഭക്തിഗാനത്തെ പാരഡിയാക്കി കോമഡിപാട്ടുകള്‍ വരെ പലരും എഴുതിപ്പാടിയിട്ടും കടുത്ത വിമര്‍ശനങ്ങളൊന്നുമുണ്ടായിട്ടില്ല.
കേസെടുത്തു
ഇന്നലെയാണ് തിരുവനന്തപുരം സിറ്റി പോലീസ് വിഷയത്തില്‍ കുഞ്ഞുപിള്ളയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. കൂടാതെ ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തുകയും ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ് കേസെടുത്തത്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും, പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് 'കുഞ്ഞുപിള്ള' എന്നാണ്. മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ ഗാനം പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ വിഭാഗം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 18, 2025 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പള്ളിക്കെട്ട് ശബരിമലക്ക്' സൂഫി ഗായകരുടെ 'ഏകനേ യാ അല്ലാ'യിൽ പിറന്ന ഗാനം;'പോറ്റിയേ കേറ്റിയേ' വിവാദത്തിനു മുമ്പ്









