'വാറ്റുകാരന്റെ പറ്റുബുക്കില്‍ എന്റെ പേര് ഉണ്ടായിട്ടില്ലെന്നു മാത്രമാണ് പറഞ്ഞത്; അങ്ങ് തലയില്‍ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരന്‍': കടകംപള്ളിക്ക് കുമ്മനത്തിന്റെ മറുപടി

Last Updated:

"ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച് വോട്ടു മറിക്കാതെ ഇത്തവണയെങ്കിലും സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ അണികളെ ഉത്‌ബോധിപ്പിക്കുമെന്ന് കരുതട്ടെ."

തിരുവനന്തപുരം: മന്ത്രി കടംപള്ളി സുരേന്ദ്രനും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും തമ്മിലുള്ള വാക്പോര് തുടരുന്നു. എല്ലാം അവസാനിപ്പിച്ചു എന്ന് മാധ്യമങ്ങളില്‍ കൂടി പ്രഖ്യാപിച്ച ശേഷവും കടകംപള്ളി സുരേന്ദ്രന്‍ തനിക്കെതിരെ വീണ്ടും രംഗത്ത് വന്നത് നിര്‍ഭാഗ്യകരമാണെന്ന മുഖവുരയോടെയാണ് കുമ്മനം മറുപടി നൽകിയിരിക്കുന്നത്.
ജോലി രാജിവെച്ച് ആര്‍എസ്എസ് പ്രചാരകനായി പൊതു പ്രവര്‍ത്തനം നടത്തുന്നത് വര്‍ഗ്ഗീയ പ്രവര്‍ത്തനമാണോ?.. പൊതു പ്രവര്‍ത്തനത്തില്‍ ഞാന്‍ ആദ്യം ഏറ്റെടുത്ത ഒരു വലിയ സമരം നിലയ്ക്കല്‍ പ്രക്ഷോഭമായിരുന്നെന്നും കുമ്മനം പറയുന്നു.
"വാറ്റുകാരന്റെ പറ്റുബുക്കില്‍ എന്റെ പേര് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് ഞാന്‍ നേരത്തെ പറഞ്ഞത്. അല്ലാതെ താങ്കളുടെ പേര് ഉണ്ടെന്നല്ല. അത് കേട്ടപ്പോഴേക്കും കോഴിക്കള്ളന്റെ തലയില്‍ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയില്‍ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരന്‍. അത് കുറ്റബോധം കൊണ്ടാകാനേ തരമുള്ളൂ.... പിരിവായാലും കൊലപാതകമായാലും പാര്‍ട്ടിക്കു വേണ്ടിയായാല്‍ പിന്നെ തെറ്റല്ലല്ലോ???."- കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
advertisement
കുമ്മനത്ത‍ിന്റെ ഫേസ്ബുക്ക് കുറിപ്പ്
എല്ലാം അവസാനിപ്പിച്ചു എന്ന് മാധ്യമങ്ങളില്‍ കൂടി പ്രഖ്യാപിച്ച ശേഷവും ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ എനിക്കെതിരെ വീണ്ടും രംഗത്ത് വന്നത് നിര്‍ഭാഗ്യകരമാണ്. എന്നെ വിമര്‍ശിക്കാന്‍ ഇനിയെങ്കിലും വസ്തുതകളെ കൂട്ടുപിടിക്കണമെന്ന് ആദ്യമേ തന്നെ പറയട്ടെ. ഇത്തവണയും അദ്ദേഹം സംസാരിക്കുന്നത് ദേശാഭിമാനി പത്രത്തിന്റെ നിലവാരത്തില്‍ ആണെന്നതാണ് ദയനീയം. പാര്‍ട്ടി ക്ലാസുകളില്‍ ഇതൊക്കെ വിലപ്പോകുമെങ്കിലും മന്ത്രിക്കസേരയില്‍ ഇരുന്ന് ഇത് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പഴയ പാരലല്‍ കോളേജ് അദ്ധ്യാപകനല്ല, മറിച്ച് ഈ നാടിന്റെ മന്ത്രിയാണ്. ഞങ്ങളുടെ ഭരണാധികാരി കള്ളം പറയുന്നയാള്‍ ആയിരിക്കരുതെന്ന മിനിമം ആഗ്രഹമെങ്കിലും സാധിച്ചു നല്‍കണം.
advertisement
എനിക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി രാജിവെക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് അറിയാമെന്ന് പറയുന്ന അങ്ങ് അത് വെളിപ്പെടുത്തണം. സഖാക്കള്‍ക്ക് ക്ലാസെടുക്കുന്ന തരത്തിലല്ല. തെളിവുകളുടെ പിന്‍ബലത്തില്‍; അങ്ങനെ സംസാരിക്കുന്ന രീതി ഉണ്ടെങ്കില്‍?. ഞാന്‍ ജോലി രാജിവെച്ച് ആര്‍എസ്എസ് പ്രചാരകനായി പൊതു പ്രവര്‍ത്തനം നടത്തുന്നത് വര്‍ഗ്ഗീയ പ്രവര്‍ത്തനമാണോ?.. പൊതു പ്രവര്‍ത്തനത്തില്‍ ഞാന്‍ ആദ്യം ഏറ്റെടുത്ത ഒരു വലിയ സമരം നിലയ്ക്കല്‍ പ്രക്ഷോഭമായിരുന്നു. അതിനെ അങ്ങ് വര്‍ഗ്ഗീയ പ്രവര്‍ത്തനമായാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അത് താങ്കളുടെ പാപ്പരത്തം എന്നേ പറയാന്‍ സാധിക്കൂ. ഒരു വലിയ വര്‍ഗ്ഗീയ കലാപത്തിലേക്ക് പോകുമായിരുന്ന സംഭവത്തെ രമ്യമായി പരിഹരിക്കുന്നത് താങ്കളേപ്പോലുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണെന്ന് അറിയാം. കാരണം വ്യാജ പ്രചരണം നടത്തി രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ആ ചോര കുടിച്ച വളര്‍ന്ന പാരമ്പര്യമാണല്ലോ താങ്കളുടെ പ്രസ്ഥാനത്തിനുള്ളത്?. അതുകൊണ്ടാണ് ഒരു തുള്ളി ചോര പോലും ചിന്താതെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് അങ്ങേയ്ക്ക് നിരാശ സമ്മാനിക്കുന്നത്. നിങ്ങള്‍ക്ക് ചോര നുണയാന്‍ അവസരം നല്‍കിയില്ല എന്നതാണ് സത്യം.
advertisement
ഇതു തന്നെയാണ് മാറാട് കൂട്ടക്കൊലയ്ക്ക് ശേഷവും സംഭവിച്ചത്. നിരപരാധികളായ 8 ഹിന്ദുക്കളെ മാറാട് കടപ്പുറത്ത് അരിഞ്ഞു വീഴ്ത്തിയിട്ടും അതിന്റെ പ്രതികാരമായി കേരളത്തില്‍ ഒരിടത്തു പോലും ഒരു അക്രമ സംഭവം ഉണ്ടായിട്ടില്ല എന്ന് താങ്കള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ?. പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെട്ട മതവിഭാഗത്തിലെ ഒരാള്‍ക്ക് പോലും പോറല്‍ ഏറ്റില്ല. കാരണം ഞാനടക്കമുള്ളവര്‍ അവിടെ മാസങ്ങളോളം നടത്തിയ സ്വാന്തന പ്രവര്‍ത്തനങ്ങളാണ്. ഇത് വെറും അവകാശവാദമല്ല. മറിച്ച് കേരള സമൂഹം നേരില്‍ കണ്ട യാഥാര്‍ത്ഥ്യമാണ്. അല്ലായെങ്കില്‍ പഴയ സര്‍ക്കാര്‍ രേഖകള്‍ സമയം കിട്ടുമ്പോള്‍ ഒന്ന് മറിച്ചു നോക്കണം. ഒരു രേഖയിലും കുമ്മനം രാജശേഖരന്‍ എന്ന പേര് ആരോപണ വിധേയനായോ പ്രതിയായോ ഉണ്ടാകില്ല. (പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട നിലയില്‍ പോലും!.) അന്ന് എന്റെ പ്രസ്ഥാനമോ ഞാനടക്കമുള്ള 'വര്‍ഗ്ഗീയ വാദികളോ', ഒന്ന് കണ്ണടച്ചിരുന്നെങ്കിലോ, നിശ്ശബ്ദത പാലിച്ചിരുന്നെങ്കിലോ കേരളത്തില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കറിയാം.
advertisement
അതേസമയം കേരളത്തില്‍ സിപിഎം നടത്തിയിട്ടുള്ള കലാപങ്ങളുടേയും അരുംകൊലകളുടേയും കണക്ക് സര്‍ക്കാര്‍ രേഖകളില്‍ പൊടിപിടിച്ച് കിടക്കുന്നുണ്ടാകും. ഭരണ സ്വാധീനവും ഒത്തു തീര്‍പ്പ് രാഷ്ട്രീയവും മൂലം അതിലൊന്നും നടപടി ഉണ്ടായില്ല എന്നതു കൊണ്ട് അതൊക്കെ എല്ലാവരും മറന്നു എന്ന് കരുതരുത്. വ്യാജ പ്രചരണം നടത്തി നാദാപുരത്ത് 8 മുസ്ലീം സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത് ഏത് പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു എന്ന് അന്നത്തെ പൊലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. തലശ്ശേരിയില്‍ നടന്ന കലാപത്തിന് ഉത്തരവാദികള്‍ ആരാണെന്ന് അങ്ങയോടൊപ്പം മന്ത്രിസഭയില്‍ ഇപ്പോഴുമുള്ള സിപിഐ മന്ത്രിമാരോട് ഒന്ന് അന്വേഷിക്കണം.
advertisement
മാറാട് കൂട്ടക്കൊലയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളോളം സമരം ചെയ്തയാളാണ് ഞാന്‍. ബഹുമാനപ്പെട്ട ഹൈക്കോടതിയിലും അന്വേഷണ കമ്മീഷന്‍ മുമ്പാകെയും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്ഗ്രസും സിപിഎമ്മുമാണ്. മാറാട് കൂട്ടക്കൊലയിലെ പ്രതിസ്ഥാനത്ത് മുസ്ലീംലീഗ്, കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരാണ് ഉള്ളതെന്ന് അങ്ങേയ്ക്കറിയാമോ?. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഇക്കാര്യം രേഖാമൂലം കേരളാ നിയമസഭയെ അറിയിച്ചിട്ടുണ്ട്. അത് സംബന്ധിച്ച രേഖകളും സെക്രട്ടറിയേറ്റില്‍ അങ്ങയുടെ കൈയ്യകലത്തില്‍ ലഭ്യമാണ്. ഒഴിവ് സമയം കിട്ടുമ്പോള്‍ അതൊന്ന് വായിക്കാനുള്ള സൗമനസ്യം കാണിക്കണം. അങ്ങനെയായാല്‍ വ്യാജ പ്രചരണം നടത്തി ഇളിഭ്യനാകുന്ന പതിവ് അവസാനിപ്പിക്കാം.
advertisement
നിലയ്ക്കലില്‍ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുമായും സംഘടനകളുമായും ചര്‍ച്ച ചെയ്താണ് പരിഹാരം കണ്ടെത്തിയത്. മാറാട് 18 മുസ്ലീം സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് സമാധാനം ഉറപ്പാക്കിയത്. ആ സാഹചര്യത്തില്‍ ഞാന്‍ വര്‍ഗ്ഗീയവാദി ആണോയെന്ന് പറയാനുള്ള അവകാശം ആ രണ്ടു സമുദായങ്ങള്‍ക്കുമാണ്. എന്റെ വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവര്‍ക്കാര്‍ക്കും ഇല്ലാത്ത വിവരം താങ്കള്‍ക്കുണ്ടെങ്കില്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തിയതിന് എനിക്കെതിരെ കേസെടുക്കണം. അതിന് ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്യാന്‍ അങ്ങയുടെ വിപുലമായ അധികാരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വാറ്റുകാരന്റെ പറ്റുബുക്കില്‍ എന്റെ പേര് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് ഞാന്‍ നേരത്തെ പറഞ്ഞത്. അല്ലാതെ താങ്കളുടെ പേര് ഉണ്ടെന്നല്ല. അത് കേട്ടപ്പോഴേക്കും കോഴിക്കള്ളന്റെ തലയില്‍ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയില്‍ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരന്‍. അത് കുറ്റബോധം കൊണ്ടാകാനേ തരമുള്ളൂ.... പിരിവായാലും കൊലപാതകമായാലും പാര്‍ട്ടിക്കു വേണ്ടിയായാല്‍ പിന്നെ തെറ്റല്ലല്ലോ???.
ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഇപ്പോഴും താങ്കളും പാര്‍ട്ടിയും അപവാദം പറഞ്ഞു നടക്കുന്നതില്‍ സഹതാപമുണ്ട്. സുപ്രീംകോടതിയില്‍ പരാതി നല്‍കിയ സ്ത്രീ ഇടതുപക്ഷ അനുഭാവിയായിരുന്ന കാലത്ത് നല്‍കിയ ഹര്‍ജിയാണ് അങ്ങ് ഇപ്പോഴും പൊക്കിപ്പിടിച്ചു നടക്കുന്നത്. സത്യം തിരിച്ചറിഞ്ഞ് അവര്‍ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീംകോടതി അത് അനുവദിക്കാഞ്ഞതാണെന്നും എല്ലാവര്‍ക്കും അറിയാം. സ്വതസിദ്ധമായ കുരുട്ട് ബുദ്ധികൊണ്ട് ഇത് സമ്മതിക്കാത്തതല്ല ഇക്കാര്യങ്ങള്‍ അറിയാതെ പോയതാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ വിശ്വാസികള്‍ക്ക് എതിരെയാണ് വിധിയെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അത് ഒന്നു കൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.
ശബരിമല വിഷയത്തില്‍ താങ്കള്‍ മുഖ്യമന്ത്രിക്കൊപ്പമാണോ പാര്‍ട്ടി വിലയിരുത്തലിനൊപ്പമാണോയെന്ന് വ്യക്തമാക്കണം. കഴിഞ്ഞ മണ്ഡലകാലത്ത് സര്‍ക്കാര്‍ അവിടെ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ താങ്കള്‍ ന്യായീകരിക്കുന്നുണ്ടോ?. ഇത്തവണയും അതൊക്കെ ആവര്‍ത്തിക്കാനാണോ ഭാവം?. ഇക്കാര്യങ്ങളാണ് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്.
എന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അങ്ങ് ഇപ്പോഴും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണല്ലോ?. ഞാന്‍ മത്സരിക്കാന്‍ ഇല്ലായെന്ന് പാര്‍ട്ടിയെ അറിയിച്ചത് പ്രകാരമാണ് എന്നെ ഒഴിവാക്കിയത്. മത്സരിച്ച് അധികാരത്തിലെത്താന്‍ കുപ്പായം തയ്പ്പിച്ച് രാഷ്ട്രീയത്തില്‍ വന്നതല്ല ഞാന്‍. അത് എന്റെ സഹപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നന്നായി അറിയുന്നതു കൊണ്ട് അങ്ങ് ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് പറയട്ടേ... ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച് വോട്ടു മറിക്കാതെ ഇത്തവണയെങ്കിലും സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ അണികളെ ഉത്‌ബോധിപ്പിക്കുമെന്ന് കരുതട്ടെ. ഇക്കാര്യത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ അങ്ങ് മാതൃകയാക്കില്ല എന്ന് വിശ്വസിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വാറ്റുകാരന്റെ പറ്റുബുക്കില്‍ എന്റെ പേര് ഉണ്ടായിട്ടില്ലെന്നു മാത്രമാണ് പറഞ്ഞത്; അങ്ങ് തലയില്‍ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരന്‍': കടകംപള്ളിക്ക് കുമ്മനത്തിന്റെ മറുപടി
Next Article
advertisement
ബെംഗളൂരുവില്‍ തീപിടിത്തത്തില്‍ മരിച്ചതെന്ന് കരുതിയ 34 കാരിയെ ലൈംഗിക പീഡനത്തിനിടെ 18കാരന്‍ കൊലപ്പെടുത്തിയത്
ബെംഗളൂരുവില്‍ തീപിടിത്തത്തില്‍ മരിച്ചതെന്ന് കരുതിയ 34 കാരിയെ ലൈംഗിക പീഡനത്തിനിടെ 18കാരന്‍ കൊലപ്പെടുത്തിയത്
  • ബെംഗളൂരുവിൽ 34കാരിയെ ലൈംഗിക പീഡനത്തിനിടെ 18കാരൻ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തി

  • തീപിടിത്തമല്ല, ശ്വാസംമുട്ടിയാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി

  • പ്രതി അയൽവാസി ഫ്‌ളാറ്റിൽ നുഴഞ്ഞു കയറി, തെളിവ് നശിപ്പിക്കാൻ വസ്ത്രങ്ങൾക്കും വസ്തുക്കൾക്കും തീവച്ചു

View All
advertisement