രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ കൊലവിളി പരാമർശം; ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസ് നൽകി
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന് ന്യൂസ് 18 ചാനൽ ചർച്ചയ്ക്കിടെ കൊലവിളി പരാമർശം നടത്തിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമായ പ്രിൻ്റു മഹാദേവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തു. കലാപാഹ്വാനമടക്കം ചൂണ്ടിക്കാട്ടി ഭാരതീയ ന്യായസംഹിതയിലെ 192, 352, 351 (2) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
സെപ്റ്റംബർ 26-ന് ന്യൂസ് 18 ചാനൽ ചർച്ചയ്ക്കിടെയാണ് ബിജെപി വക്താവായ പ്രിന്റു മഹാദേവ് രാഹുൽ ഗാന്ധിക്കെതിരേ കൊലവിളിപ്രസംഗം നടത്തിയത്. ലഡാക്കിലെ പ്രക്ഷോഭത്തെക്കുറിച്ച് നടന്ന ചർച്ചയിലാണു പ്രിന്റുവിന്റെ പ്രകോപന പരാമർശം. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ പേരാമംഗലം പോലീസിന് നൽകിയ പരാതിയിലാണ് നടപടി. നാട്ടിൽ അരാജകത്വം സൃഷ്‌ടിച്ചു കലാപം നടത്താനുള്ള ശ്രമമാണിതെന്ന് പരാതിയിൽ പറയുന്നു. സ്‌കൂൾ അധ്യാപകനാണ് പ്രിന്റു മഹാദേവ്.
വിവാദ പരാമർശം നടത്തിയ പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. തിങ്കളാഴ്ച പ്രിന്റു മഹാദേവിന്റെ പേരാമംഗലത്തെ വീട്ടിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി. വീടിനു സമീപം മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
advertisement
പ്രിന്റു മഹാദേവിനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് ഇ-മെയിലയച്ചു. ഒരു അധ്യാപകൻ ഇത്തരം പ്രസ്താവന നടത്തുന്നത് നിയമവിരുദ്ധവും സമൂഹത്തിൽ വെറുപ്പും ഹിംസാപ്രവണതയും വളർത്തുന്നതുമാണ്. വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട സ്ഥാനത്ത് പ്രവർത്തിക്കുന്നയാളുടെ ഇത്തരം പെരുമാറ്റം അധ്യാപകധർമത്തെയും വിദ്യാഭ്യാസരംഗത്തിന്റെ മാന്യതയെയും തകർക്കുന്നതാണ്. അതുകൊണ്ട് വകുപ്പുതല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത്കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹരീഷ് മോഹൻ കത്തയച്ചത്.
അതേസമയം, വിഷയം ഇന്ന് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കും. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ റൂൾ 50 അനുസരിച്ച് നോട്ടീസ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 30, 2025 8:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ കൊലവിളി പരാമർശം; ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തു