കേരളത്തില്‍ ചിക്കന്‍പോക്‌സ് കേസുകള്‍ വര്‍ധിക്കുന്നു; 9 മരണം, 75 ദിവസത്തിനിടെ 6744 കേസുകള്‍
- Published by:Sarika KP
- news18-malayalam
Last Updated:
രോഗം വരാതെസൂക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ചിക്കന്‍പോക്‌സിന് വാക്‌സിന്‍ ലഭ്യമാണ്.
കേരളത്തില്‍ ചിക്കന്‍പോക്‌സ് ബാധിച്ച രോഗികളുടെ എണ്ണം വർധിക്കുന്നു. ഈ വര്‍ഷം മാർച്ച് 15 വരെ 7644 ചിക്കന്‍പോക്‌സ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേകാലയളവില്‍ ചിക്കന്‍പോക്‌സ് ബാധിച്ച് ഒന്‍പത് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടും.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 26363 ചിക്കൻപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ''താപനില ഉയരുന്നതിന് അനുസരിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച ഒരാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെ ചിക്കന്‍പോക്‌സ് പടരും. വായുവിലൂടെയും വൈറസ് പടരാന്‍ സാധ്യതയുണ്ട്,'' ഐഎംഎ കേരളഘടകത്തിലെ റിസേര്‍ച്ച് സെല്‍ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
''നവജാതശിശുക്കള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞയാളുകള്‍, ഗര്‍ഭിണികള്‍, ഗര്‍ഭസ്ഥശിശു എന്നിവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. ചില സാഹചര്യങ്ങളില്‍ മരണം വരെയും സംഭവിക്കാം,'' അദ്ദേഹം പറഞ്ഞു.
advertisement
രോഗം വരാതെ സൂക്ഷിക്കുന്നത് വളരെ പ്രധാനം; വാക്‌സിന്‍ ലഭ്യം
രോഗം വരാതെസൂക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ചിക്കന്‍പോക്‌സിന് വാക്‌സിന്‍ ലഭ്യമാണ്.
രോഗികളായിട്ടുള്ളവര്‍ തൊലിപ്പുറത്തെ കുമിളകള്‍ അപ്രത്യക്ഷമാകുന്നത് വരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം. കുമിളകളില്‍ ചൊറിഞ്ഞ് പൊട്ടുന്നത് വൈറസ് പരക്കാന്‍ കാരണമാകും. വേനല്‍ക്കാലത്ത് ചിക്കന്‍ പോക്‌സ് കേസുകള്‍ വര്‍ധിക്കുന്നത് സാധാരണമാണെന്ന് ഐഎംഎ കേരളഘടകം മുന്‍ പ്രസിഡന്റ് സുള്‍ഫി നൂഹു പറഞ്ഞു. മിക്കവാറും എല്ലാ സീസണുകളിലും ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍, താപനില ഉയരുന്നതിന് അനുസരിച്ച് കേസുകള്‍ വര്‍ധിക്കുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
''നേരത്തെ രോഗംതിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങേണ്ടത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. രോഗം മൂര്‍ച്ഛിക്കുന്നതിന് അനുസരിച്ച് ചികിത്സയുടെ ഫലപ്രാപ്തി കുറയും. പ്രായമായവര്‍ക്കും രോഗികളായവര്‍ക്കും വാക്‌സിന്‍ എടുക്കാവുന്നതാണ്,'' ഡോ.സുള്‍ഫി പറഞ്ഞു.
ലക്ഷണങ്ങള്‍
ശരീര വേദന, ക്ഷീണം, ദാഹം എന്നിവ രോഗിക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടും. അന്ന് ചുവന്ന നിറമാകാന്‍ സാധ്യതയുണ്ട്. ഭൂരിഭാഗം ആളുകളിലും വായിലും തലയിലുമാണ് കുമിളകള്‍ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിന്റെ ഭാഗത്തും മറ്റ് ശരീരഭാഗങ്ങളിലും വ്യാപിക്കും.
advertisement
ചികിത്സ
ലക്ഷണങ്ങള്‍ കണ്ടാന്‍ ഹെല്‍ത്ത് സെന്ററുകളില്‍ എത്രയും വേഗം വിവരം അറിയിക്കണം. മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം. വൃത്തിയുള്ളതും കാറ്റുംവെളിച്ചവും കടന്നുവരുന്നതുമായ മുറിയില്‍വേണം വിശ്രമിക്കാന്‍. കുമിളകള്‍ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ മറച്ചുപിടിക്കണം. പോഷകസമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. സ്വയം ചികിത്സ ഒഴിവാക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 18, 2024 9:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തില്‍ ചിക്കന്‍പോക്‌സ് കേസുകള്‍ വര്‍ധിക്കുന്നു; 9 മരണം, 75 ദിവസത്തിനിടെ 6744 കേസുകള്‍