വയനാട് പുനരധിവാസം: സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി
- Published by:ASHLI
- news18-malayalam
Last Updated:
ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ തയ്യാറാകുന്നതിനനുസരിച്ച് വിവരങ്ങൾ അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു
മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ തയ്യാറാകുന്നതിനനുസരിച്ച് വിവരങ്ങൾ അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്ക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.
വയനാട് പുനരധിവാസത്തിനായി 100 വീടുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുളള കർണാടക സർക്കാറിന്റെ കത്തിന് പ്രതികരിക്കാത്തതിനാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പിണറായി വിജയന് കത്തയച്ചുവെന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്. എന്നാല്‍ ഈ മാസം 9ന് മാത്രമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്തയച്ചത്.
ഇതിനു രണ്ടു ദിവസം മുമ്പായി വയനാട്ടില്‍ വീട് നല്‍കാനുളള താല്‍പര്യം അറിയിച്ച് കര്‍ണാടക ചീഫ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. ദുരന്തം ഉണ്ടായ ശേഷമുളള ആദ്യത്തെ ഔദ്യോഗിക അറിയിപ്പ് ഇത് മാത്രമാണ്. ഡിസംബര്‍ 9ന് അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബർ 13നാണ് സിദ്ധരാമയ്യക്ക് മറുപടി നല്‍കിയത്.
advertisement
അതേസമയം കത്തുമായി ബന്ധപ്പെട്ട് എത്തിയ വിവാദങ്ങളെ പരാമർശിച്ചിട്ടുള്ളതല്ല മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിക്കത്ത്. പുനരധിവാസവുമായി ബന്ധപ്പെട്ടിട്ടുള്ള സമഗ്രമായ രൂപരേഖ തയ്യാറാക്കി വരികയാണെന്നും ഇത് തയ്യാറായി വരുന്നതിനനുസരിച്ച് കർണാടക സർക്കാരിനെ അറിയിക്കുമെന്നും നിലവിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണുള്ളതെന്നും കത്തിൽ വിശദീകരണം നൽകി. രൂപരേഖ തയ്യാറായാൽ കർണാടക സർക്കാരിനെ അറിയിക്കും. കർണാടക അടക്കമുള്ള സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് വന്ന എല്ലാ വാഗ്ദാനങ്ങളും സംയോജിപ്പിച്ചു കൊണ്ടുള്ള സമഗ്രമായ പദ്ധതിയാണ് സംസ്ഥാന സർക്കാർ തയ്യാറാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 16, 2024 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് പുനരധിവാസം: സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി