'ഇന്ത്യയെന്ന ആശയം രൂപപ്പെട്ടത് മനുസ്‌മൃതിയിൽ നിന്നല്ല, ഭരണഘടനയയിൽ നിന്ന്'; ദത്താത്രേയ ഹോസബാലെക്കെതിരെ മുഖ്യമന്ത്രി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭരണഘടനയുടെ ആമുഖം പുനഃപരിശോധിക്കാനുള്ള ഹോസബാലെയുടെ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്‌മൃതിയിൽ നിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്നും ആർഎസ്എസ് ഓർക്കുന്നത് നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ്റ്റ്, മതേതരത്വം' എന്നിവ ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നാണ് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെ ആവശ്യപ്പെട്ടത്. ബി ആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നിൽ നിന്ന് കുത്തിയ ആർഎസ്എസിന്
advertisement
ഇന്ത്യൻ റിപബ്ലിക്കിന്റെ ആശയപരിസരങ്ങളോട് അമർഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയർത്തിപ്പിടിക്കുവർക്ക് ദഹിക്കുന്ന സങ്കൽപങ്ങളല്ല ഇന്ത്യൻ ഭരണഘടനയും അതിൻ്റെ അടിസ്ഥാന തത്വങ്ങളും. ബ്രിട്ടീഷ് ഭരണകൂടത്തോട് നിർലജ്ജം മാപ്പപേക്ഷിച്ച അതേ പാരമ്പര്യമാണ് അടിയന്തരാവസ്ഥക്കാലത്തും ആർഎസ്എസ് പിന്തുടർന്നത്. അടിയന്തരാവസ്ഥക്കാലത്ത് നിരോധനം പിൻവലിക്കാൻ മാപ്പപേക്ഷകൾ നൽകിയത് ആർഎസ്എസ് സർ സംഘചാലക് തന്നെയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയാണ് അക്കാലത്തവർ ഇന്ദിര ഗാന്ധിക്ക് നൽകിയത്. ഇന്ദിര ഗാന്ധിയുടെ രാജ്യത്തോടുള്ള അഭിസംബോധനയെയും ഇരുപതിന പരിപാടിയെയും സ്വാഗതം ചെയ്തവരുടെ ഇന്നത്തെ അടിയന്തരാവസ്ഥാ വിമർശനങ്ങൾ അപഹാസ്യമാണ്.
advertisement
അടിയന്തരാവസ്ഥക്കെതിരെയുള്ള വിമർശനമെന്ന വ്യാജേനെ ഭരണഘടനയുടെ ആമുഖത്തിൽ കൈവെക്കാൻ ആവശ്യപ്പെടുന്നത് സംഘപരിവാർ അജണ്ടയുടെ ഒളിച്ചു കടത്തലാണ്. ഇത് അംഗീകരിക്കാൻ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല.
ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്‌മൃതിയിൽ നിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്നും ആർഎസ്എസ് ഓർക്കുന്നത് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 27, 2025 5:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്ത്യയെന്ന ആശയം രൂപപ്പെട്ടത് മനുസ്‌മൃതിയിൽ നിന്നല്ല, ഭരണഘടനയയിൽ നിന്ന്'; ദത്താത്രേയ ഹോസബാലെക്കെതിരെ മുഖ്യമന്ത്രി