HOME /NEWS /Kerala / 'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല'; കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നു

'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല'; കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നു

കെ പി അനിൽകുമാർ

കെ പി അനിൽകുമാർ

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്റെ മനസുള്ള സുധാകരനാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.

 • Share this:

  തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ പി അനിൽകുമാർ പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നു. കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കെ പി അനിൽകുമാർ സിപി‍എം ആസ്ഥാനമായ എ കെ ജി സെന്‍ററിലെത്തുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഉപാധികളില്ലാതെയാണ് സിപിഎമ്മിലെത്തുന്നതെന്ന് അനിൽകുമാർ പറഞ്ഞു. താഴെത്തട്ടിൽ വരെ പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പാർട്ടിവിട്ട് സിപിഎമ്മിലെത്തിയ പി എസ് പ്രശാന്തും അനിൽകുമാറിനൊപ്പം ഉണ്ടായിരുന്നു.

  അതേസമയം, അച്ചടക്കലംഘനം സംബന്ധിച്ച് നിരുത്തരവാദപരമായ മറുപടിയാണ് കെ പി അനിൽകുമാർ നൽകിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. അനിൽകുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും സുധാകരൻ അറിയിച്ചു.

  എകെജി സെന്ററിലേക്ക് എത്തിയ കെ പി അനിൽകുമാറിനെ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സ്വീകരിച്ചു. ചുവപ്പ് ഷാള്‍ അണിയിച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ആദ്യമായാണ് എകെജി സെന്ററിലേക്ക് കയറുന്നതെന്നും അഭിമാനമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. നേരത്തെ എങ്ങോട്ടാണ് പോകുന്നതെന്നോ സിപിഎമ്മിലേക്കാണോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും സിപിഎമ്മിന്റെ മതേതര മൂല്യം കാണാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്റെ മനസുള്ള സുധാകരനാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരാള്‍ പാര്‍ട്ടിതലപ്പത്ത് ഇരിക്കുമ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസിനകത്ത് മതേതരത്വവും ജനാധിപത്യവും ഉണ്ടാവുകയെന്ന് അനില്‍ കുമാര്‍ ചോദിച്ചു.

  ഇന്ന് രാവിലെ 11 മണിക്ക് നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ പി അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും രാജിക്കത്ത് അയച്ചു നൽകിയതായി കെ പി അനിൽകുമാർ അറിയിച്ചു. പാർട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ ഞാൻ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനിൽകുമാർ രാജി പ്രഖ്യാപിച്ചത്.

  രമേശ് ചെന്നിത്തല പ്രസിഡന്റായപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നാല് പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 2021 കൊയിലാണ്ടിയില്‍ താനാണ് സ്ഥാനാര്‍ഥിയാവുകയെന്ന വ്യാപകപ്രചാരണം ഉണ്ടായിരുന്നു. സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിക്കെതിരെ താന്‍ എന്തെങ്കിലും പറഞ്ഞോ? മത്സരിക്കാനാഗ്രഹിച്ച സമയത്ത് സീറ്റ് നിഷേധിച്ചിട്ടും പാര്‍ട്ടിക്കെതിരെ നിന്നിട്ടില്ല. ഇപ്പോള്‍ തികച്ചും ഏകാധിപത്യപരമായ പ്രവണതയാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. ഒരു വിശദീകരണവും ചോദിക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

  29ാം തീയതിയാണ് 28 ാംതീയതി പുറത്താക്കിയെന്ന് പറഞ്ഞ് ഇമെയില്‍ കിട്ടിയത്. ഏഴ് ദിവസത്തിനകം വിശദീകരണം കൊടുക്കണമെന്ന് പറഞ്ഞിട്ട് ആറാം ദിവസം കൊടുത്തു. അതിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ നേതൃത്വം തയാറായിട്ടില്ല. പുതിയ നേതൃത്വം വന്ന ശേഷം ആളുകളെ നോക്കി നീതിനടപ്പാക്കുന്ന സാഹചര്യത്തിലാണ് താന്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. ഇതോടെ 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് കെ.പി അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  കെ സുധാകരന്റെ പ്രതികരണം-

  അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെ പി അനില്‍കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്​ പുറത്താക്കിയതായി കെപിസിസി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം പി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കോണ്‍ഗ്രസില്‍ ഉന്നത പദവികള്‍ വഹിച്ച വ്യക്തിയാണ് അനില്‍കുമാര്‍. ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട കെ പി അനില്‍കുമാറിനെപ്പോലുള്ള നേതാവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതര അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്. അദ്ദേഹത്തെ പുറത്താക്കാനിരുന്നപ്പോഴാണ് രാജിവെച്ചത്.

  ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്​ പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്​ പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത്തരം ഒരു ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍നിന്നോ നേതാക്കളില്‍നിന്നോ ഉയർന്നുവന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് തന്നെയാണ് ത​ന്റേതെന്നും ഇക്കാര്യം എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

  First published:

  Tags: Congress, Cpm