CPM Party Congress| സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ്; കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളി
- Published by:Rajesh V
- news18-malayalam
Last Updated:
കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളിക്കൊണ്ടാണ് കെ വി തോമസ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസിലെ (CPM Party Congress) സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് (KV Thomas). കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളിക്കൊണ്ടാണ് കെ വി തോമസ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയെ എതിർക്കുന്നവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇത് ദേശീയ പ്രശ്നമാണെന്നും കെ വി തോമസ് പറഞ്ഞു. ''സെമിനാറിൽ പങ്കെടുക്കും. പാർട്ടി വിട്ടുപോകില്ല. സെമിനാറിനായി തയാറെടുത്തു കഴിഞ്ഞു. അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. നെഹ്റുവിയൻ വീക്ഷണം സെമിനാറിൽ പറയും.'' - കെ വി തോമസ് പറഞ്ഞു.
സെമിനാറിൽ പങ്കെടുത്താൽ പുറത്താക്കുമെന്ന കെ സുധാകരന്റെ ഭീഷണി ചൂണ്ടിക്കാട്ടിയപ്പോൾ, താൻ എഐസിസി അംഗമാണെന്നും തന്നെ പുറത്താക്കാൻ എഐസിസിക്ക് മാത്രമേ അധികാരമുള്ളൂവെന്നും കെ വി തോമസ് പറഞ്ഞു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുതൽ ഭക്ഷ്യമന്ത്രി പദവി വരെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് കെ വി തോമസ് വാർത്താസമ്മേളനം നടത്തിയത്. ഏഴുതവണ ജയിച്ചത് ജനകീയ അംഗീകാരമാണ്. സോഷ്യൽ മീഡിയ വഴി വലിയ ആക്രണം നേരിട്ടു. പിന്നിൽ കോണ്‍ഗ്രസ് നേതൃത്വമാണ്. - കെ വി തോമസ് പറഞ്ഞു.
advertisement
പുതിയ സാഹചര്യത്തിൽ കെ വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സാധ്യത. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു.
കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു..സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായാൽ വഴിയാധാരമാകില്ലെന്നും ജയരാജൻ ഉറപ്പ് നൽകിയിരുന്നു.
advertisement
''കെ വി തോമസിന് സെമിനാറിന്റെ വിശദാംശങ്ങൾ അയച്ചുകൊടുത്തു. അദ്ദേഹം പങ്കെടുക്കുമെന്നു തന്നെയാണ് വിശ്വാസം. കെ പി സി സി പ്രസിഡന്റിന് അസഹിഷ്ണുതയാണ്. മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന സെമിനാർ ഗൗരവമുള്ളതാണ്. ബിജെപിയുടെ എ ടീമായി തന്നെ സുധാകരൻ പ്രവർത്തിക്കുന്നു. കെപിസിസി പ്രസിഡന്റിന്റെ ഊരുവിലക്ക് സെമിനാറുകൾക്ക് ഗുണമായി. സെമിനാറുകൾ ജനനിബിഡമാകും.
സെമിനാറിൽ പങ്കെടുത്ത് കെ.വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായാൽ വഴിയാധാരമാകില്ല'' - എം വി ജയരാജൻ പറഞ്ഞു.
എന്നാൽ, ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ ഡൽഹിയിൽ പറഞ്ഞിരുന്നു.
advertisement
കെ വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സിപിഎമ്മിനെന്നും സുധാകരൻ പറഞ്ഞിരുന്നു. അവരോട് സഖ്യത്തിന്റെ ആവശ്യമില്ല. സ്വന്തം പാർട്ടി പ്രവർത്തകരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈ കൊടുക്കാൻ ആകില്ലെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ, സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 07, 2022 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM Party Congress| സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ്; കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളി


