രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്ന് കെ സുധാകരൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ബിജെപിയുടേത് ഫാസിസ്റ്റ് നടപടിയാണെന്നും, ഇതിൽ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
രാവണന്‍ പരാമര്‍ശം: ബിജെപിക്ക് രാഹുല്‍ ഗാന്ധിയെ ഭയമെന്ന് കെ.സുധാകരന്‍ എംപി
ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി ക്യാമ്പ് തുടങ്ങിയതെന്ന് കെ സുധാകരൻ പറഞ്ഞു.
ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണ്. ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നതെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
advertisement
ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്നും ഒരുതുള്ളി ചോരപൊടിയാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ബിജെപിയുടെ അക്രമ ആഹ്വാനത്തിനെതിരെ രാജ്യത്തെ മതേതര ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 06, 2023 7:10 AM IST