തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2246 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇവരില്‍ 2233 പേര് വീടുകളിലും 13 പേര് ആശുപത്രികളിലുമാണ്. സംശയാസ്പദമായവരുടെ 423 സാമ്പിളുകള്‍എന്‍. ഐ. വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 406 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്നയാളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയില്‍ നിന്നും എത്തി ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസോലേഷനില്‍ കഴിയുന്ന 115 പേര്‍ക്കും കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇവര്‍ കേരളത്തിലെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേരളത്തില്‍ തിരിച്ചെത്തിയാലും ഡല്‍ഹിയില്‍ എത്തിയ തീയതി മുതല്‍ മൊത്തം 28 ദിവസം അവര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയേണ്ടതാണ്. ഇക്കാര്യത്തിലുള്ള സംശയ നിവാരണത്തിനും ആരോഗ്യ-മാനസിക പിന്തുണയ്ക്കും ദിശ ഹെല്പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona in Kerala, Corona outbreak