കാസര്‍കോട്: നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴ് വഴങ്ങി കൊണ്ടുള്ള നിലപാടാകണം നേതാക്കളുടെയെന്നും അതില്‍ വ്യതിചലനം ഉണ്ടായാല്‍ ചൂണ്ടിക്കാട്ടും തിരുത്താന്‍ ആവശ്യപ്പെടുമെന്നും സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്. തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമിതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പി ജയരാജന് ഇങ്ങനെ പറഞ്ഞത്. കാഞ്ഞങ്ങാട് നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് ജയരാജന് ആരോപണം തള്ളാതെ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി ഊതിക്കാച്ചിയ ശുദ്ധമായ സ്വര്‍ണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും ജയരാജന് പറഞ്ഞത്. സിപിഎമ്മിനകത്ത് നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയെ ശക്തമാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാസര്‍കോട്ടെത്തിയ പി ജയരാജന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. മുത്തുക്കുടയുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ ആനയിച്ചായിരുന്നു പരിപാടിക്ക് എത്തിയത്.
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന് സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന് യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.