എന്തിനേറെപ്പറയുന്നു; രണ്ടു വാക്ക് മതിയല്ലോ ? 'പത്മജ പോയി' സിപിഎം നേതാവിൻ്റെ തകർപ്പൻ പരിഭാഷ
- Published by:Arun krishna
- news18-malayalam
Last Updated:
ബൃന്ദാ കാരാട്ടിന്‍റെ ദീര്‍ഘമായ വാക്കുകള്‍ 'പത്മജ പോയി' എന്ന രണ്ടേ രണ്ട് വാക്കില്‍ ഒതുക്കി സജിനാഥ് പരിഭാഷപ്പെടുത്തി. ഇത് കേട്ടതോടെ വേദിയിലും സദസിലുമുള്ളവര്‍ക്ക് ചിരിയടക്കാനായില്ല.
ദേശീയ നേതാക്കള്‍ കേരളത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ അവരുടെ പ്രസംഗം പരിഭാഷപ്പെടുത്തുക എന്നത് തീര്‍ത്തും ശ്രമകരമായ ജോലിയാണ്. മികച്ച പരിഭാഷകരെ കിട്ടിയില്ലെങ്കില്‍ നേതാക്കള്‍ തന്നെ ആ ഉദ്യമം ഏറ്റെടുക്കുന്നതാണ് പതിവ്. തപ്പിയും തടഞ്ഞും പരിഭാഷപ്പെടുത്തി എയറില്‍ കയറിയവരും മികച്ച രീതിയില്‍ പരിഭാഷപ്പെടുത്തി കൈയ്യടി നേടിയവരും ഈ കൂട്ടത്തിലുണ്ട്.
കൊല്ലത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച മഹിള സംഗമ വേദിയിലെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തി വൈറലായിരിക്കുകയാണ് സിപിഎം കൊല്ലം ഏരിയാ കമ്മറ്റി മെമ്പറും അഭിഭാഷകനുമായ കെ.പി സജിനാഥ്.
സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ചുള്ള ബൃന്ദാ കാരാട്ടിന്‍റെ പ്രസംഗം കത്തിക്കയറുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‌റെ മകള്‍ പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംഭവവും ഇതിനിടെ പരാമര്‍ശിച്ചു.
"ടുഡെ ഐ ഹേർഡ്, ഡോട്ടർ ഓഫ് ഫോർമർ ചീഫ് മിനിസ്റ്റർ, കോൺഗ്രസ് ചീഫ് മിനിസ്റ്റർ ഓഫ് കേരള ഹാസ് ഗോൺ ആൻഡ് ജോയിൻഡ് ബിജെപി" (മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകൾ ബിജെപിയിൽ ചേർന്നതായി കേട്ടു).
advertisement
പിന്നാലെ എത്തിയ കെ.പി സജിനാഥിന്‍റെ പരിഭാഷയായിരുന്നു ഹൈലൈറ്റ്. ബൃന്ദാ കാരാട്ടിന്‍റെ ദീര്‍ഘമായ വാക്കുകള്‍ 'പത്മജ പോയി' എന്ന രണ്ടേ രണ്ട് വാക്കില്‍ ഒതുക്കി സജിനാഥ് പരിഭാഷപ്പെടുത്തി. ഇത് കേട്ടതോടെ വേദിയിലും സദസിലുമുള്ളവര്‍ക്ക് ചിരിയടക്കാനായില്ല.
ബാക്കി എല്ലാവർക്കും അറിയാമെന്ന് കൂടി പറഞ്ഞപ്പോൾ ബൃന്ദയും പരിഭാഷ ശരിവെച്ചു. കൂട്ടത്തില്‍ ‘നോ നീഡ് ഓഫ് ട്രാൻസ്‌ലേഷൻ’എന്നൊരു കമന്‍റും. തെരഞ്ഞെടുപ്പ് ചൂട് പിടിച്ച രാഷ്ട്രീയക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും സജിനാഥിന്‍റെ ഈ രണ്ട് വാക്ക് പരിഭാഷ വൈറലായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
March 11, 2024 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്തിനേറെപ്പറയുന്നു; രണ്ടു വാക്ക് മതിയല്ലോ ? 'പത്മജ പോയി' സിപിഎം നേതാവിൻ്റെ തകർപ്പൻ പരിഭാഷ