'അയ്യപ്പൻ' അഭിമാനമാണ്; കേരള പൊലീസിനും ആഭ്യന്തരവകുപ്പിനും
Last Updated:
ദൃശ്യം സിനിമയിൽ കലാഭവൻ ഷാജോൺ അവതരിപ്പിച്ച പൊലീസ് വേഷം ആരും അത്രവേഗം മറക്കാൻ ഇടയില്ല. കണ്ടതും കേട്ടതുമായ പല പൊലീസുകാരും ഷാജോൺ കഥാപാത്രങ്ങളുടെ തനി പകർപ്പുകൾ ആയിരുന്നു. എന്നാൽ അതൊക്കെയും പഴയകാലം എന്നും ഇക്കാലത്തെ പൊലീസ് ഇങ്ങനെയൊക്കെയാണെന്നും കാട്ടിത്തരുകയാണ് ഗുരുപ്രസാദ് അയ്യപ്പൻ എന്ന സിവിൽ പൊലീസ് ഓഫീസർ
ഉപതെരഞ്ഞെടുപ്പിൽ മേൽകൈ നേടിയതോടെ പിണറായി സർക്കാരിനെ അയ്യപ്പൻ അകമഴിഞ്ഞ് അനുഗ്രഹിച്ചു എന്നാണ് ട്രോളന്മാരുടെയും വിശ്വാസികളിൽ ഒരു പക്ഷത്തിന്റെയും അഭിപ്രായ പ്രകടനങ്ങൾ. അന്നേരമിതാ മറ്റൊരു അയ്യപ്പൻ സർക്കാരിന്, പ്രത്യേകിച്ചു ആഭ്യന്തര വകുപ്പിന് അഭിമാനമായി മാറുന്നു. ഈ അയ്യപ്പൻ ദൈവമല്ല, പൊലീസ് ആണ്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗുരുപ്രസാദ് അയ്യപ്പനാണ് പിണറായി പൊലീസിന് അഭിമാനം ആകുന്നത്.
ദൃശ്യം സിനിമയിൽ കലാഭവൻ ഷാജോൺ അവതരിപ്പിച്ച പൊലീസ് വേഷം ആരും അത്രവേഗം മറക്കാൻ ഇടയില്ല. ഓട്ടോറിക്ഷാ ഡ്രൈവറുടെ പോക്കറ്റിൽ കൈയിട്ട് ഉള്ള പണം എടുക്കുന്ന, പാസ്സ്പോർട്ട് വെരിഫിക്കേഷന് പോകുമ്പോൾ വീട്ടുകാരനോട് കണക്ക് പറഞ്ഞു കൈക്കൂലി വാങ്ങുന്ന ഷാജോണിന്റെ കഥാപാത്രം മലയാളിക്ക് മറക്കാൻ കഴിയില്ല. കാരണം അവർ കണ്ടതും കേട്ടതുമായ പല പൊലീസുകാരും ഷാജോൺ കഥാപാത്രങ്ങളുടെ തനി പകർപ്പുകൾ ആയിരുന്നു. എന്നാൽ അതൊക്കെയും പഴയകാലം എന്നും ഇക്കാലത്തെ പൊലീസ് ഇങ്ങനെയൊക്കെയാണെന്നും കാട്ടിത്തരുകയാണ് ഗുരുപ്രസാദ് അയ്യപ്പൻ.
advertisement

ഈ കഥയിലെ കഥാതന്തു ഒരു മാപ്പപേക്ഷയാണ്. അത് വന്ന വഴി ഇങ്ങനെ, കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വന്നു. തന്റെ അച്ഛൻ പ്രതിയായ വാഹനാപകട കേസിൽ എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ് നടക്കുമോ എന്നായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. ഗുരുപ്രസാദിന്റെ പോക്കറ്റിൽ 500 രൂപ തിരുകി, കാര്യം പറയാൻ തുടങ്ങിയതാണ് കക്ഷി. പക്ഷെ അയാൾ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. വെടി പൊട്ടും പോലെയുള്ള പ്രതികരണമായിരുന്നു ഗുരുപ്രസാദിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ചെവി പൊട്ടുന്ന ശകാരം. തുടർന്ന് കേസിന്റെ വിശദാംശങ്ങൾ കാര്യകാരണ സഹിതം പറഞ്ഞതോടെ സമസ്ഥാപരാധങ്ങളും പൊറുക്കണേ അയ്യപ്പാ എന്നതായി ആ ചെറുപ്പക്കാരന്റെ അവസ്‌ഥ. പോകും മുൻപ് അയാൾ ഒരു കടലാസ് എസ് ഐയുടെ കൈയിൽ കൊടുത്തു. പതിവുപോലെ പരാതി ആയിരിക്കും എന്ന് കരുതി ആ കടലാസ് എസ് ഐ മേശപ്പുറത്ത് വച്ചു.
advertisement

തിരക്കൊക്കെ കഴിഞ്ഞപ്പോൾ ആ കടലാസിൽ എന്താണ് ഏഴുതിയിരിക്കുന്നത് എന്ന് നോക്കിയ എസ് ഐ ഞെട്ടി. ഇംഗ്ലീഷിൽ ഒരു മാപ്പപേക്ഷ. ഗുരുപ്രസാദിന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചതും അപ്പോൾ ഗുരുപ്രസാദ് കൊടുത്ത വെടിപൊട്ടും മറുപടിയും അതുകേട്ടപ്പോൾ തനിക്കുണ്ടായ മനഃസ്ഥാപവും ഒക്കെയാണ് മാപ്പപേക്ഷയിൽ. താഴേക്ക് വായിച്ചപ്പോഴാണ് കഥയില്‍ മറ്റൈാരു ട്വിസ്റ്റ് ഒളിച്ചിരിക്കുന്നത് എസ് ഐ കണ്ടത്. അയാള്‍ ഗുരുപ്രസാദിന് കൈക്കൂലി കൊടുക്കുന്നതും സംഭാഷണവും മൊബൈലില്‍ ആരും കാണാതെ റെക്കോര്‍ഡ് ചെയ്യാനും പദ്ധതിയിട്ടിരുന്നത്രേ!. ഇക്കാര്യം അയാള്‍ മാപ്പപേക്ഷയില്‍ വിശദമായി പരാമര്‍ശിക്കുന്നുമുണ്ട്.
advertisement

എസ് ഐ തനിക്ക് കിട്ടിയ വിചിത്രവും വ്യത്യസ്തവുമായ മാപ്പപേക്ഷയെക്കുറിച്ച് സ്റ്റേഷനിൽ ഉള്ളവരോട് പങ്കുവച്ചു. പറഞ്ഞുപറഞ്ഞ് ഒടുവിൽ മാപ്പപേക്ഷ പൊലീസ് സ്റ്റേഷന് പുറത്തേക്കു പറന്നു. തന്റെ 21 വര്‍ഷത്തെ സര്‍വീസില്‍ ഇത്തരത്തില്‍ ഒരനുഭവം ആദ്യമാണെന്ന് ഗുരുപ്രസാദ് അയ്യപ്പനും പറയുന്നു. തന്റെ സത്യസന്ധതയ്ക്ക് കിട്ടിയ അംഗീകാരമായിട്ട് മാത്രമല്ല പൊലീസ് സേനയ്ക്ക് തന്നെ ലഭിച്ച അവാര്‍ഡായിട്ടു കൂടിയാണ് താനിതിനെ കണക്കാക്കുന്നതെന്നും ഗുരുപ്രസാദ് പറയുന്നു.
advertisement

മന്ത്രി വന്നാലും മന്ത്രവാദി വന്നാലും കോഴിയുടെ കാര്യം പോക്കാണെന്ന് പറയും പോലെയാണ് തങ്ങളുടെ അവസ്‌ഥ എന്നാണ് പോലീസുകാരുടെ പക്ഷം. എന്ത് ചെയ്താലും കുറ്റപ്പെടുത്തൽ. അപ്പോൾ ഇതാ ഒരാൾ നല്ലാവാക്ക് പറയുകയല്ല, ഒരു മടിയും കൂടാതെ എഴുതി എസ് ഐയുടെ കൈയിൽ കൊടുത്തിരിക്കുന്നു. ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം. പൊലീസുകാരെക്കുറിച്ച് നല്ലവാക്ക് പറയാന്‍ മടിക്കുന്നവരുടെ നാട്ടില്‍ ഇങ്ങനെ ഒരു അനുഭവം തുറന്നു പറയാന്‍ മനസ് കാണിച്ച ആ പരാതിക്കാരനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നും പൊലീസുകാർ പറയുന്നു.
advertisement

പിൻകുറിപ്പ്: സത്യസന്ധനായ ഒരു പോലീസ് ഓഫീസർ മാത്രമല്ല ഗുരുപ്രസാദ് അയ്യപ്പൻ. വലിയ ശില്പി കൂടിയാണ്. മൂന്ന് തവണ ലളിത കലാ അക്കാദമി അവാർഡ് നേടിയ ഏക പൊലീസുകാരൻ. കേരളത്തിലെ ഏറ്റവും വലിയ ശിവ ശിൽപം നിർമിച്ചയാൾ. 2017ൽ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനും ഗുരുപ്രസാദ് അർഹനായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2019 2:39 PM IST