ഇളയരാജയുടെ സംഗീതം; വി എസിന്റെ സംവിധാനം; പാട്ടും പാടി പാർട്ടി ജയിച്ച് സൂപ്പർ ഹിറ്റായ ഉപതിരഞ്ഞെടുപ്പ്
- Published by:Rajesh V
- news18-malayalam
- Written by:Chandrakanth viswanath
Last Updated:
പാർട്ടിയിലെ അതികായരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും പ്രചാരണത്തിനായി പാർട്ടി അംഗമായ പാവലർ വരദരാജൻ എന്ന തമിഴ് ഗായകനെ വി എസ് ഉപയോഗിച്ചു. പാവലർ വരദരാജനൊപ്പം അദ്ദേഹത്തിന്റെ 15കാരനായ സഹോദരനും പല വേദികളിലും ഉണ്ടായിരുന്നു. മനോഹരമായി താളമിട്ട് പാടുന്ന അയാളുടെ പാട്ട് വോട്ടർമാരെ അതിയായി ആകർഷിച്ചു
ചന്ദ്രകാന്ത് വിശ്വനാഥ്
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ അധികാരത്തിൽ എത്തിക്കുന്നതിനും അത് നിലനിർത്തുന്നതിനും വിഎസ് അച്യുതാനനന്ദൻ വഹിച്ച പങ്ക് മായ്ച്ചു കളയാവുന്നതല്ല. സംസ്ഥാനത്തെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 1957 ലെത്.ഇത് തിരഞ്ഞടുപ്പ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് രൂപീകരിക്കുന്നതിലേക്കു നയിച്ചു. 1957 ഏപ്രിൽ 5-ന് ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിലെ മുഖ്യമന്ത്രിയും രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായി. അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാർ രൂപീകരിച്ചത്.
1957 ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിലായിരുന്നു തിരഞ്ഞെടുപ്പ്.114 നിയോജകമണ്ഡലങ്ങളിലെ 126 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 114 മണ്ഡലങ്ങളിൽ 12 എണ്ണം ദ്വയാംഗമണ്ഡലങ്ങളായിരുന്നു. 12 ദ്വയാംഗമണ്ഡലങ്ങളിൽ 11 എണ്ണം പട്ടികജാതിസംവരണവും ഒരെണ്ണം പട്ടികവർഗ്ഗസംവരണവുമായിരുന്നു. 406 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പോളിംഗ് 65.49 ശതമാനം.അതിൽ 60 സീറ്റുകളുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വിജയിച്ചു.കോൺഗ്രസ് 43 സീറ്റ് നേടി.
advertisement
ഒരു ദ്വയാംഗ മണ്ഡലമായിരുന്നു ദേവികുളം. അവിടെ പൊതുമണ്ഡലത്തിൽ വിജയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ റോസമ്മ പുന്നൂസും പട്ടികജാതി മണ്ഡലത്തിൽ വിജയിച്ചത് കോൺഗ്രസിലെ എൻ ഗണപതിയും ആയിരുന്നു.കേരള നിയമസഭയുടെ ആദ്യ പ്രോടെം സ്‌പീക്കർ ആയിരുന്ന റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് 1957 നവംബർ 14-ന് ട്രിബ്യൂണൽ റദ്ദാക്കി.അന്ന് ട്രിബ്യൂണലായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടാണ് ഈ ചുമതല ഹൈക്കോടതിക്ക് നൽകിയത്.കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കേസും ആദ്യത്തെ ഉപതിരഞ്ഞെടുപ്പുമായിരുന്നു ഇത്. 1958 മെയ് 16-നായിരുന്നു ദേവികുളത്തെ ഉപതിരഞ്ഞെടുപ്പ്.
advertisement
ഇ.എം.എസിന്റെ നേതൃത്വത്തിലെ 1957-ലെ ഒന്നാം മന്ത്രിസഭയ്ക്ക് ഒരാളുടെ മാത്രം ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഏതു നിമിഷവും സംസ്ഥാനഭരണം മറിച്ചിടാൻ കേന്ദ്രത്തിൽ ഭരണമുള്ള കോൺഗ്രസും അതിനൊപ്പം നിൽക്കുന്ന സംസ്ഥാനത്തെ പല പ്രമുഖരും അധികാരം കൊണ്ടും പണം കൊണ്ടും ശ്രമിച്ചു വരികയായിരുന്നു എന്നത് അങ്ങാടിപ്പാട്ടായിരുന്നു. അതിനാൽ മുതിർന്ന നേതാവായ റോസമ്മ പുന്നൂസ് ദേവികുളം മണ്ഡലത്തിൽനിന്നു വീണ്ടും ജയിച്ചുവരുകയെന്നത് പാർട്ടിക്ക് നിർണായകമായിരുന്നു.
അത്തരത്തിൽ സുപ്രധാനമായിരുന്ന ദേവികുളം ഉപതിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുക്കാൻപിടിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി അജയഘോഷ് അടങ്ങുന്ന നേതൃത്വം വി.എസ് അച്യുതാനന്ദനെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സംഘടനാവൈഭവത്തിനുള്ള അംഗീകാരമായിരുന്നു അത്.
advertisement
അന്ന് 14 മണ്ഡലങ്ങൾ ഉണ്ടായിരുന്ന ആലപ്പുഴ ജില്ലയുടെ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു വി.എസ്. അവിടെ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചത് 9 എംഎൽഎ മാരെയും പാർട്ടിയെ പിന്തുണച്ച ഒരു സ്വതന്ത്ര എംഎൽഎയെയുമാണ്. ഇതിൽ മന്ത്രിമാരായ ടി വി തോമസ്, കെ ആർ ഗൗരി എന്നിവരും ആദ്യ സ്പീക്കർ ആർ. ശങ്കര നാരായണൻ തമ്പി എന്നിവരും പികെ കുഞ്ഞച്ചനും ഉൾപ്പെടുന്നു. ഇതാണ് ദേവികുളത്തേക്ക് വി എസിനെ പരിഗണിക്കാൻ പ്രധാന കാരണം.
advertisement
ജനങ്ങളുടെ പിന്തുണ നേടുന്നതിനായി നിലവിലെ സാഹചര്യങ്ങൾ എങ്ങനെയാണ് അച്യുതാനന്ദൻ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമായിരുന്നു ദേവികുളത്തെ ജീവന്മരണ പോരാട്ടം. പ്രധാനമായും തമിഴ് പശ്ചാത്തലമുള്ള ഒരു വലിയ തൊഴിലാളിവർഗ ജനവിഭാഗമാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. പാർട്ടിയിലെ അതികായരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും പ്രചാരണത്തിനായി പാർട്ടി അംഗമായ പാവലർ വരദരാജൻ എന്ന തമിഴ് ഗായകനെ ഉപയോഗിച്ചു. അദ്ദേഹം പ്രദേശത്തെ എല്ലാ എസ്റ്റേറ്റുകളിലും കൈയിൽ മൈക്രോഫോണുമായി ചെന്ന് പാടുമായിരുന്നു.
പാവലർ വരദരാജനൊപ്പം അദ്ദേഹത്തിന്റെ 15കാരനായ സഹോദരനും പല വേദികളിലും ഉണ്ടായിരുന്നു, മനോഹരമായി താളമിട്ട് പാടുന്ന അയാളുടെ പാട്ട് വോട്ടർമാരെ അതിയായി ആകർഷിച്ചു.ജനക്കൂട്ടം കൂടി വന്നു. എന്നാൽ മുതിർന്ന ചില നേതാക്കൾ ഇതിനെതിരെ പരാതിയുമായി നേതൃത്വത്തിന് മുന്നിലെത്തി. പാർട്ടി നേതാക്കളുടെ പ്രസംഗത്തെക്കാൾ ഒരു കുട്ടിയുടെ പാട്ട കൊട്ടിയുള്ള പാട്ടിനാണ് പ്രചാരണത്തിൽ പ്രാധാന്യം എന്നതായിരുന്നു പരാതിയുടെ കാതൽ . എന്നാൽ മുതിർന്ന നേതാക്കൾ അവർ അച്യുതാനന്ദനിൽ പൂർണ വിശ്വാസം രേഖപ്പെടുത്തി. അത് ഫലം കണ്ടു. ജനം ഇരച്ചെത്തി വോട്ട് ചെയ്തു.
advertisement
ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അങ്ങനെ പാട്ടും പാടി ദേവികുളം സീറ്റ് നിലനിർത്തി.റോസമ്മ പുന്നൂസ് കോൺഗ്രസിലെ ബികെ നായരേ പരാജയപ്പെടുത്തി. 20,000 വോട്ടുകളുടെ വോട്ട് വിഹിതം വർദ്ധിപ്പിച്ചു. ഒരു വർഷം മുമ്പ് 1,922 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നത് 7,089 ആയി ഉയർത്താൻ കഴിഞ്ഞു.
അന്ന് പാട്ടയിൽ താളം പിടിച്ച 15 വയസ്സുള്ള ആ കുട്ടി ഇന്നത്തെ ലോകപ്രശസ്ത സംഗീതജ്ഞനായ ഇളയരാജയാണെന്ന് അറിയുമ്പോൾ ചിലർക്ക് അത്ഭുതമായേക്കാം.
ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂൺ 30-ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അനിശ്ചിതത്വം മാറിയ ഈ നേട്ടം മന്ത്രിസഭയ്ക്കും പാർട്ടിക്കും ഉണർവ് നൽകിയ നിമിഷമായിരുന്നു.
advertisement
ദേവികുളം ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്നതിനാൽ വി.എസ് പങ്കെടുക്കാത്ത പാർട്ടി കോൺഗ്രസായിരുന്നു 35-ാം വയസിൽ കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 21, 2025 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇളയരാജയുടെ സംഗീതം; വി എസിന്റെ സംവിധാനം; പാട്ടും പാടി പാർട്ടി ജയിച്ച് സൂപ്പർ ഹിറ്റായ ഉപതിരഞ്ഞെടുപ്പ്