'നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രം; KSRTC അവർക്ക് ഏറ്റെടുത്തുകൂടെ?' ഹൈക്കോടതി
- Published by:Anuraj GR
- news18-malayalam
Last Updated:
കെഎസ്ആർടിസിയിൽ മിന്നൽ പണിമുടക്കു നടത്തിയ ജീവനക്കാരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്
കൊച്ചി: കെഎസ്ആർടിസിയിൽ നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രമാണെന്നും, ഈ പ്രസ്ഥാനം അവർക്ക് ഏറ്റെടുത്തുകൂടെയെന്നും ഹൈക്കോടതി ചോദിച്ചു. കെഎസ്ആർടിസിയിൽ മിന്നൽ പണിമുടക്കു നടത്തിയ ജീവനക്കാരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. മിന്നൽ പണിമുടക്കിൽ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കാനും കെഎസ്ആർടിസി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 6നു കേസ് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരത്തെ നാല് ഡിപ്പോകളിൽ 2022 ജൂൺ 26നു നടന്ന മിന്നൽ പണിമുടക്കിൽ നഷ്ടം വന്ന 9,50,137 രൂപ ശമ്പളത്തിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാർ നൽകിയ ഹർജികളാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട ഡിപ്പോകളിൽ നടന്ന പണിമുടക്കിൽ 63 സർവീസുകൾ മുടങ്ങിയതായി കെഎസ്ആർടിസി അറിയിച്ചു. സർവീസ് ഷെഡ്യൂൾ മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ശമ്പളം കിട്ടാതായപ്പോൾ ജനങ്ങളെല്ലാം ജീവനക്കാർക്ക് ഒപ്പമായിരുന്നുവെന്നും കാട്ടാക്കടയിലെ ഒറ്റ സംഭവത്തോടെ ജനം എതിരായെന്നും കോടതി പറഞ്ഞു.
advertisement
അതിനിടെ ഒക്ടോബർ ഒന്ന് മുതൽ പ്രതിപക്ഷയൂണിയനായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബറിലെ ശമ്പളം ഒക്ടോബർ 5 നു മുൻപ് നൽകാനാണു തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ആർക്കും ഇതു നൽകില്ലെന്നു മാനേജ്മെന്റ് മുന്നറിയിപ്പു നൽകി. ഒക്ടോബർ 1 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2022 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രം; KSRTC അവർക്ക് ഏറ്റെടുത്തുകൂടെ?' ഹൈക്കോടതി