കൊച്ചി: കിഫ്ബി പദ്ധതികൾക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ച് ഇ. ഡി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ. ഡി. റിസർവ് ബാങ്കിനോട് കത്തയച്ച് ചോദിച്ചിരുന്നു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിൻ്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങൾ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നിരിക്കുന്നത്.
Also Read- Assembly Election 2021 | കിഫ്ബിയോ..? അതെന്താണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ
സി.എ.ജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്യുന്നത്. പ്രാഥമികമായ അന്വേഷണത്തിൽ ഇ.ഡി.യുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം, ഡപ്യൂട്ടി സി.ഇ.ഒ എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിൻ്റെ മേധാവികൾകളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ. ഡി. നിർദ്ദേശം.
You May Also Like- കിഫ്ബി വഴി വായ്പയെടുക്കൽ ഭരണഘടനാവിരുദ്ധമെന്ന് സിഎജി; റിപ്പോർട്ട് നിയമസഭയിൽ
സർക്കാർ പദ്ധതികൾ അട്ടിമറിക്കാൻ ഇ.ഡി. ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് കിഫ്ബി സംബന്ധിച്ച അന്വേഷണത്തിനും കേന്ദ്ര ഏജൻസി തയ്യാറെടുക്കുന്നത്. കെ- ഫോൺ, ലൈഫ്മിഷൻ അടക്കമുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു.
ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത് എന്തിനെന്നും കുത്തകകളുടെ വക്കാലത്ത് എടുത്തു ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിനാണ്? ചിലർക്ക് ഉള്ള നിക്ഷിപ്‌ത താല്പര്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എങ്ങനെ വരും? വികല മനസുകൾക്ക് അനുസരിച്ചു തുള്ളിക്കളിക്കുന്നതായി അന്വേഷണ ഏജൻസികൾ മാറരുത്. അൽപ മനസുകളുടെ കൂടെ അല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടതും മുഖ്യമന്ത്രി പറഞ്ഞു.
Also Read- പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി- സി വോട്ടർ സർവേ
മുഖ്യമന്ത്രിയുടെ ഈ രൂക്ഷമായ വിമർശനത്തിന് ശേഷമാണ് കിഫ്ബിയിലും അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി.ഒരുങ്ങുന്നത്. ഇ.ഡി.യുടെ നീക്കത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തുവന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കാനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല മസാലബോണ്ട് ഇറക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. എൻ.ഒ.സി എന്നാൽ അനുമതിയെന്നാണ് അർത്ഥമെന്ന് തോമസ് ഐസക്ക് വിശദീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ED, Enforcement Directorate, KIIFB, Kiifb masala bond, KIIFB Project