കിഫ്ബി വഴി വായ്പയെടുക്കൽ ഭരണഘടനാവിരുദ്ധമെന്ന് സിഎജി; റിപ്പോർട്ട് നിയമസഭയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കിഫ്ബി കടമെടുക്കുന്നത് സംസ്ഥാന ബജറ്റിൽ പ്രതിഫലിക്കുന്നില്ല എന്നതുകൊണ്ട് സർക്കാരിന്റെ ബാധ്യത ഒഴിവാകുന്നില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. കടം തിരിച്ചടയ്ക്കേണ്ടത് സർക്കാർ തന്നെയാണ്.
തിരുവനന്തപുരം: കിഫ്ബി വഴി സംസ്ഥാന സർക്കാർ വായ്പയെടുക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് സിഎജി റിപ്പോർട്ട്. ഉള്ളടക്കം രണ്ട് മാസം മുൻപ് ധനമന്ത്രി ടി.എം. തോമസ് ഐസക് വെളിപ്പെടുത്തിയ റിപ്പോർട്ട് മന്ത്രിയുടെ വിശദീകരണം കൂടി ചേർത്താണ് തിങ്കളാഴ്ച നിയമസഭയിൽ വച്ചത്. ഇത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജിഡിപിയുടെ 3 ശതമാനം തുക മാത്രം കടമെടുക്കാനാണ് സംസ്ഥാനത്തിന് കേന്ദ്രാനുമതിയെന്നും കിഫ്ബി വഴിയുള്ള കടമെടുപ്പ് ഈ നിയന്ത്രണം അട്ടിമറിച്ചാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഇത്തരം കടമെടുപ്പുകൾക്ക് നിയമസഭയുടെ അനുമതിയുമില്ല. ഭരണഘടനയുടെ 7ാം ഷെഡ‌്യൂളിലെ ഒന്നാം പട്ടികയിലെ 37ാം എൻട്രിയിൽ വിദേശ കടമെടുപ്പുകൾക്കുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു മറികടന്നാണ് കിഫ്ബി 2150 കോടി രൂപ മസാല ബോണ്ട് വഴി കടമെടുത്തത്. കിഫ്ബിയുടെ പേരിലെടുത്ത കടം സർക്കാരിന്റെ കടം തന്നെയാണ്. സർക്കാരിന്റെ വരുമാനത്തിൽ നിന്നാണ് തിരിച്ചടയ്ക്കുന്നത്. വിദേശത്ത് നിന്നുള്ള കടമെടുപ്പ് ഭരണഘടനാ ലംഘനവും കേന്ദ്ര സർക്കാരിന്റെ അധികാരത്തിന്മേലുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റവുമാണ്. മസാല ബോണ്ട് വായ്പ വാങ്ങാൻ റിസർവ് ബാങ്ക് അനുമതി നൽകിയതും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
Also Read- ബംഗാളിൽ തൃണമൂൽ ; തമിഴ്നാട്ടിൽ ഡിഎംകെ; അസമിലും പുതുച്ചേരിയിലും എൻഡിഎ: എബിപി- സി വോട്ടർ സർവേ
കിഫ്ബി കടമെടുക്കുന്നത് സംസ്ഥാന ബജറ്റിൽ പ്രതിഫലിക്കുന്നില്ല എന്നതുകൊണ്ട് സർക്കാരിന്റെ ബാധ്യത ഒഴിവാകുന്നില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. കടം തിരിച്ചടയ്ക്കേണ്ടത് സർക്കാർ തന്നെയാണ്. സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബിയുടെ കടം ആകസ്മിക ബാധ്യത മാത്രമാണെന്ന വാദം ആശ്ചര്യകരമാണ്. ഇത്തരം ബാധ്യതകൾ സൃഷ്ടിക്കുന്നത് സർക്കാരിന്റെ സുതാര്യതയിൽ സംശയം ജനിപ്പിക്കും.
advertisement
2018-19 വരെ ബോണ്ടുകൾ മുഖേന 3106.57 കോടി രൂപ കിഫ്ബി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തു. 17.07 കോടി രൂപ പലിശയിനത്തിൽ നൽകി. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 1511.67 കോടി ചെലവിട്ടു. എല്ലാ വർഷവും പെട്രോളിയം സെസും മോട്ടർവാഹന നികുതിയുടെ പകുതിയും ബജറ്റ് വിഹിതമായി കിഫ്ബിക്ക് സർക്കാർ നൽകുന്നു. ഈ തുകയിൽ നിന്നാണ് കിഫ്ബി വായ്പകൾ തിരിച്ചടയ്ക്കുന്നതെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 2018-19 വരെ 3372.85 കോടി രൂപ പെട്രോളിയം സെസ് മോട്ടർവാഹന നികുതിയിൽ നിന്ന് സർക്കാർ കിഫ്ബിക്കായി നീക്കിവച്ചു. ഇതിനു പുറമേ 2498.41 കോടി രൂപ കോർപസ് ഫണ്ടായും കിഫ്ബിക്ക് നൽകിയെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 19, 2021 10:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിഫ്ബി വഴി വായ്പയെടുക്കൽ ഭരണഘടനാവിരുദ്ധമെന്ന് സിഎജി; റിപ്പോർട്ട് നിയമസഭയിൽ