Samastha | സമസ്ത വിവാദത്തിൽ പ്രതികരിക്കാതെ വീണ്ടും ഒഴിഞ്ഞുമാറി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
Samastha | സമസ്ത വിവാദത്തിൽ പ്രതികരിക്കാതെ വീണ്ടും ഒഴിഞ്ഞുമാറി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞതിന്റെ പേരിൽ പ്രതികരിക്കേണ്ട കാര്യമില്ല. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. വിഷയം പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു
മലപ്പുറത്ത് സമസ്ത നേതാവ് വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രി. വിഷയത്തില്‍ മന്ത്രി പ്രതികരിക്കാത്തത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിമർശിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹാസവുമായി രംഗത്തെത്തി. മന്ത്രി അപ്പൂപ്പൻ എന്നാണ് വിദ്യാഭ്യാസ മന്ത്രി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ അപ്പൂപ്പൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും വി മുരളീധരൻ ചോദിച്ചു.
വി മുരളീധരൻറെ ഈ പരിഹാസത്തോട് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. കേന്ദ്ര മന്ത്രി പറഞ്ഞതിന്റെ പേരിൽ താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് വി .ശിവൻകുട്ടി വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് പരിശോധിക്കുകയാണ്. പഠിച്ചശേഷം പ്രതികരിക്കും. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസവും സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞപ്പോൾ പ്രതികരണത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്. വിഷയം പരിശോധിക്കുകയാണെന്ന മറുപടി തന്നെയാണ് മന്ത്രി അന്നും പറഞ്ഞത്. സമസ്ത വിവാദത്തിൽ രാഷ്ട്രീയനേതൃത്വങ്ങൾ വച്ച് പുലർത്തുന്ന മൗനത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസ വേദിയിൽ പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തെ അപലപിച്ച് ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കാത്തതില്‍ രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തെത്തിയത്.
പെൺകുട്ടികളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയ വളർത്തുന്നത്. പെൺകുട്ടിയെ അപമാനിച്ചതിലൂടെ സമസ്ത നേതാവ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണ്. സ്വമേധയാ കേസെടുക്കേണ്ട സംഭവമാണ്. എന്നാൽ എന്തു കൊണ്ട് കേസെടുത്തില്ലെന്ന് ഗവർണർ ചോദിച്ചു. സംഭവത്തിൽ രാഷ്ട്രീയനേതൃത്വങ്ങൾ വച്ചുപുലർത്തുന്ന മൗനത്തെയും ശക്തമായ ഭാഷയിൽ ഗവർണർ വിമർശിച്ചു.
രാഷ്ട്രീയനേതൃത്വങ്ങൾ സംഭവത്തെ അപലപിക്കാൻ തയ്യാറാകാത്ത് എന്തുകൊണ്ടാണെന്നും ഗവർണർ ചോദിച്ചു. ഹിജാബ് ധരിച്ചാണ് പെൺകുട്ടി വേദിയിലേക്ക് എത്തിയത്. ആ പെൺകുട്ടിയെയാണ് അപമാനിച്ചത്. അതുകൊണ്ടുതന്നെ ഹിജാബ് അല്ല വിഷയം. മറ്റ് ചിലതാണ്. വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിച്ചതിലൂടെ പെൺകുട്ടിയുടെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടത്. അതിനാൽ നേതാവിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘാടകൻ എന്ന നിലയിൽ സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറോടും അടിയന്തരമായി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.