കേരള ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയയായ വനിത ആരെന്ന ചോദ്യത്തിന് എക്കാലത്തേക്കുമുള്ള ഉത്തരമാണ് കെ. ആർ ഗൗരിയമ്മ. 1952ൽ തിരുകൊച്ചി സംസ്ഥാന കാലം മുതൽ 2011 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പിലും കെ.ആർ ഗൗരിയമ്മ മൽസരിച്ചു. 1957ലെ ഇഎംഎസ് മന്ത്രിസഭ മുതൽ 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വരെ അംഗമായി. 11 തവണ എംഎൽഎ. സ്വന്തമായി ഉണ്ടാക്കിയ പാർട്ടിയുടെ പ്രതിനിധിയായി കേരള നിയമസഭയിൽ എത്തിയ ഏക വനിതാ നേതാവുമാണ് ഗൗരിയമ്മ.
Under Article 230 of the Constitution of India, I K R Gowri, lay on the table, the kerala stay on eviction proceedings Ordinance, Ordinance 1 of 1957, promulgated by his excellency, the governor on 11th April 1957. Now I beg to introduce Kerala stay of eviction proceedings bill, 1957.
1957 ഏപ്രിൽ 30 ലെ ഈ ഇംഗ്‌ളീഷ് വാചകങ്ങളിലാണ് കേരളചരിത്രം എന്നേക്കുമായി വഴിമാറിയത്. പട്ടണക്കാട് അന്ധകാരനഴി കളത്തിപ്പറമ്പിൽ കെ എ രാമന്റെയും പാർവതിയുടേയും മകൾ കേരള രാഷ്ട്രീയത്തിലെ ഏറ്റവും മുഴക്കമുള്ള സ്ത്രീ ശബ്ദമായി അടയാളപ്പെട്ട നിമിഷം. ഭൂമിയിൽ കുടിയാനും അവകാശമുണ്ടായ സന്ദർഭം. അസാധാരണമായ സാമൂഹിക ബോധത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം.
You may also like:KR Gouri Amma| കേരളത്തിന്റെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രിഗൗരിയമ്മ പറഞ്ഞിടത്തോളം രാഷ്ട്രീയമൊന്നും ഇന്ത്യയിൽ ഒരു സ്ത്രീയും പറഞ്ഞിട്ടില്ല. ഗൗരിയമ്മ കണ്ടിടത്തോളം ജീവതമൊന്നും രാജ്യത്തൊരു രാഷ്ടീയ നേതാവും അനുഭവിച്ചിട്ടുമില്ല. 1952ൽ തുറവൂരിൽ നിന്നു ജയിച്ചു തിരുക്കൊച്ചി നിയമസഭയിൽ എത്തിയ ഗൗരിയമ്മ 54ൽ ചേർത്തലയിൽ നിന്നു വീണ്ടും സഭയിലെത്തി. പനമ്പിള്ളി ഗോവിന്ദമേനോനും പട്ടം താണുപിള്ളയും ടി വി തോമസും ഒക്കെയുണ്ടായിരു ന്ന സഭയിലെ ഏറ്റവും ശ്രദ്ധനേടിയ അംഗം. പിന്നെ എന്തൊരു വരവായിരുന്നു. എംഎൻ ഗോവിന്ദൻ നായർ എന്ന പാർട്ടി സെക്രട്ടറിയും ഇഎംഎസ് എന്ന മുഖ്യമന്ത്രിയും എ.കെ.ജി എന്ന ലോക്‌സഭാ പാർട്ടി നേതാവും ചേർന്ന് എടുത്ത തീരുമാനം. മലയാളി സ്ത്രീത്വം ഏറ്റവും അഭിമാനിച്ച നിമിഷം. ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രി.
1960ൽ ടി വി തോമസ് ഉൾപ്പെടെ സിപിഐയിലെ പ്രഗൽഭർ പലരും തോറ്റിട്ടും ഗൗരിയമ്മ വീണ്ടും സഭയിലെത്തി. 1965ൽ ഗൗരിയമ്മയെ തോൽപിക്കാൻ അരൂരിൽ വയലാർ രവിയുടെ അമ്മ ദേവകി കൃഷ്ണനെ തന്നെ നിർത്തി കോൺഗ്രസ്. സിപിഐ വേറെ മൽസരിച്ചിട്ടും ആ തെരഞ്ഞെടുപ്പിലും ഗൗരിയമ്മ ജയിച്ചു. അറുപത്തിയേഴിൽ വീണ്ടും സപ്തകക്ഷി മന്ത്രിസഭയിലെ താരസാന്നിധ്യം. ബഹുഭൂരിപക്ഷം നേടിയിട്ടും സിപിഎം സിപിഐ പോരിൽ വീണുപോയ മന്ത്രിസഭ. ഒപ്പമുള്ള പലരും തോറ്റ എഴുപതിലും ഗൗരിയമ്മ സഭയിലെത്തി. അടിയന്തരാവസ്ഥ കാലത്തെ സ്ത്രീശബ്ദമായി. പക്ഷേ, എഴുപത്തിയേഴ് തിരിച്ചടിയുടെ വർഷമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തിൽ മാത്രമുണ്ടായ കോൺഗ്രസ് തരംഗത്തിൽ ഗൗരിയമ്മയും വീണു.
പിഎസ് ശ്രീനിവാസനോട് ഒൻപതിനായിരത്തിലേറെ വോട്ടിന്റെ തോൽവി. പിന്നെ തെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടും പാർട്ടിക്കുള്ളിൽ തോറ്റുപോയ ഗൗരിയമ്മയുടെ കാലമായിരുന്നു. 1987ൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഏക പേരായിരുന്നു ഗൗരിയമ്മ. അന്ന് അത് അട്ടിമറിക്കപ്പെട്ടു. കേരള രാഷ്ട്രീയത്തിൽ സ്വയം ഒരുക്കിയ വഴിയിലൂടെ വന്ന ആദ്യ വനിതയുടെ മുന്നിൽ എല്ലാ വഴികളും അടയ്ക്കപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ വനിതാ ചരിത്രത്തിനു കൂടി സംഭവിച്ച അർദ്ധവിരാമമായിരുന്നു അത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.