Haridas Murder case| ബിജെപി നേതാവ് ലിജേഷ് പരസ്യമായി ഭീഷണി മുഴക്കി; ഹരിദാസിന് വധഭീഷണിയുണ്ടായിരുന്നെന്ന് സഹോദരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഭീഷണി കാരണം ഹരിദാസ് കുറച്ചുദിവസമായി ജോലിക്ക് പോകാറില്ലായിരുന്നു.
കണ്ണൂർ: കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസിന് വധഭീഷണിയുണ്ടായിരുന്നുവെന്ന് സഹോദരൻ സുരേന്ദ്രൻ. ബി ജെ പി നേതാവ് ലിജേഷ് പരസ്യമായി ഭീഷണിമുഴക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.
പുന്നോൽ ക്ഷേത്രത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകർ തങ്ങളെ ആക്രമിച്ചിരുന്നു. ഭീഷണി കാരണം ഹരിദാസ് കുറച്ചുദിവസമായി ജോലിക്ക് പോകാറില്ലായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും സുരേന്ദ്രൻ ന്യൂസ് 18 കേരളത്തോട് പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മത്സ്യതൊഴിലാളിയായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലായിരുന്നു സംഭവം. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്.
രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റിരുന്നു.
advertisement
ഒരാഴ്ച മുമ്പ് പ്രദേശത്ത് സി പി എം - ആർ എസ് എസ് സംഘർഷം ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
ആർഎസ്എസ് കൊലക്കത്തി താഴെവയ്ക്കണം : ഡിവൈഎഫ്‌ഐ
തലശ്ശേരി പുന്നോലിൽ സിപിഐ(എം) പ്രവർത്തകനായ ഹരിദാസിനെ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പൈശാചികമായ കൊലപാതകമാണ് തലശേരിയിൽ നടന്നിട്ടുള്ളത്. മത്സ്യതൊഴിലാളിയായ ഹരിദാസിനെ ജോലി കഴിഞ്ഞ് മടങ്ങവെ തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടുകാരുടെ മുന്നിൽവെച്ച് വെട്ടിനുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
advertisement
ഈ കൊലപാതകം ആർഎസ്എസ് -ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. പ്രദേശത്തെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം ഇതിനോടകംതന്നെ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ആർഎസ്എസ്. അക്രമവും കൊലപാതകവും നടത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്.
രക്തംകുടിക്കുന്ന ഡ്രാക്കുളയായി ബിജെപി-ആർഎസ്എസ് നേതൃത്വം മാറിയിരിക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയത്തെ ആയുധങ്ങളാൽ ഇല്ലാതാക്കാൻ തുനിയുന്ന ആർഎസ്എസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ബിജെപി -ആർഎസ്എസ് പ്രവർത്തകർ ആയുധം താഴെവയ്ക്കാൻ തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 21, 2022 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Haridas Murder case| ബിജെപി നേതാവ് ലിജേഷ് പരസ്യമായി ഭീഷണി മുഴക്കി; ഹരിദാസിന് വധഭീഷണിയുണ്ടായിരുന്നെന്ന് സഹോദരൻ