• HOME
  • »
  • NEWS
  • »
  • kerala
  • »
  • 70 ദിവസം കഴിഞ്ഞിട്ടും തുറക്കാനാകാത്ത കേരളം; ക്വറന്റീൻ: 1377 മുതൽ ഇന്ന് വരെ

70 ദിവസം കഴിഞ്ഞിട്ടും തുറക്കാനാകാത്ത കേരളം; ക്വറന്റീൻ: 1377 മുതൽ ഇന്ന് വരെ

കേരളം അടച്ചിടുമ്പോൾ വ്യാപാരി സമൂഹം ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ. നൂറ്റാണ്ടുകൾ മുൻപുള്ള ആദ്യ ക്വറന്റീനിൽ തുടങ്ങി ഒരു തിരിഞ്ഞുനോട്ടം

70 ദിവസം കഴിഞ്ഞിട്ടും തുറക്കാനാകാത്ത കേരളം

70 ദിവസം കഴിഞ്ഞിട്ടും തുറക്കാനാകാത്ത കേരളം

  • Last Updated :
  • Share this:
ക്രൊയേഷ്യയിലെ ഡാൽമേഷ്യൻ തീരത്ത് 1377ൽ ആണ് ലോകത്തെ ആദ്യ ക്വാറന്റീൻ. പ്‌ളേഗിനെ തുടർന്ന് ക്വാറന്റീൻ തീരുമാനിച്ചത് 40 ദിവസത്തേക്കാണ്. അതെന്തുകൊണ്ടാണ് നാൽപ്പത് എന്നു ചോദിച്ചാൽ ക്രിസ്തു മരുഭൂമിയിലൂടെ സഞ്ചരിച്ച ദിവസം 40 ആണ് എന്നായിരുന്നു ഉത്തരം. ആറു നൂറ്റാണ്ടു മുൻപ് അങ്ങനെ ഒരു യുക്തിയെങ്കിലും ഉണ്ടായിരുന്നു. ഇന്നോ?

കേരളത്തിലെ വ്യാപാരി സമൂഹം ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇതൊക്കെയാണ്.

1) 60 ദിവസം അടച്ചിട്ടിട്ടും കുറയാത്ത രോഗവ്യാപനം ഇനിയും കടയടപ്പ് തുടർന്നാൽ താഴുമോ?

2) കട തുറക്കാൻ കഴിയാത്തവർ വായ്പയുടെ മുതലും പലിശയും എങ്ങനെ തിരിച്ചടയ്ക്കും?

3) കടപണിത് കൊടുത്തവർക്കു വാടകകിട്ടിയില്ലെങ്കിൽ എങ്ങനെ ജീവിക്കും?

4) ഓരോ കടയേയും ആശ്രയിച്ചു കഴിഞ്ഞിരുന്ന രണ്ടു മുതൽ 100 വരെയുള്ള ജീവനക്കാർ എങ്ങനെ കുടുംബം പോറ്റും?

5) ഇനിയും വ്യാപാരം നടന്ന് നികുതി കിട്ടിയില്ലെങ്കിൽ സംസ്ഥാനം എങ്ങനെ കഴിഞ്ഞുകൂടും?

ഉയർന്ന രോഗവ്യാപനത്തോത്

കോവിഡ് വ്യാപനം കേരളത്തിൽ അതീവ ഗുരുതര പ്രശ്‌നം തന്നെയാണ്; തർക്കമില്ല. മാസങ്ങളായി പതിനായിരത്തിന്റെ പരിസരത്തു നിൽക്കുന്ന ആ സംഖ്യ കണ്ട് ഭയപ്പെടുകയും വേണം. പക്ഷേ, കടയടച്ചതുകൊണ്ട് അത് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ ഈ കണക്ക് എങ്ങനെ ശരിയാകും? മേയ് എട്ടിന് കട അട അടിച്ച് ഒരുമാസം കഴിഞ്ഞ ജൂൺ എട്ടിന് 16,209 പേർക്കു കോവിഡ് ബാധിച്ചു. രണ്ടുമാസം പൂർത്തിയായ ജൂലൈ എട്ടിന് 13,772 പേർക്കും. ഒരു മാസം മുതൽ രണ്ടുമാസം പൂർത്തിയാകുന്നതുവരെയുള്ള കാലയളവിൽ എണ്ണത്തിൽ കാര്യമായ കുറവില്ല. 60 ദിവസം കടയടച്ചിട്ടും രോഗവ്യാപനം കുറയുന്നില്ലെങ്കിൽ എന്താണ് അർത്ഥം. പൊതു ഇടങ്ങളിൽ നിന്നല്ല വീട്ടകങ്ങളിൽ നിന്നാണ് പകർച്ച എന്നല്ലേ? വീടുകളിലെ ക്വാറന്റീൻ അവസാനിപ്പിച്ച് വീണ്ടും ഫ്രണ്ട്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജീവമാക്കുകയല്ലേ അതിനുള്ള പരിഹാരം?

കേരളത്തിൽ 2020 മാർച്ച് മുതൽ 2021 ജൂൺ വരെയുള്ള കാലത്ത് ഇനി തുറക്കാനാകാത്ത വിധം കടപൂട്ടിയത് ഇരുപതിനായിരത്തോളം വ്യാപാരികളാണ്. 900 കോടി രൂപയാണ് സ്റ്റോക്കിൽ ഉണ്ടായ നഷ്ടം. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ ഇനി വിൽക്കാൻ കഴിയില്ല എന്നതിനാൽ മാത്രം വന്ന നഷ്ടമാണിത്. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കണക്കാണിത്. ഇതുകൊണ്ട് അവസാനിക്കുന്നില്ല. ചെറുതും വലുതുമായ പത്തുലക്ഷം വ്യാപാരികളാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ മാത്രം അംഗത്വമെടുത്തിട്ടുള്ളത്. ഇവരിൽ 70 ശതമാനവും കഴിഞ്ഞ 15 മാസമായി വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവരാണ്. പലിശ പോലും നൽകാൻ ഗതിയില്ലാതായവരാണ്. ഒരു മാസത്തെ പോലും വാടക നൽകാത്തവരുമാണ്. ഇവർക്കെന്താണ് ഇനി ജീവിതമാർഗം?

മരണം കോവിഡ് മൂലമാണോ അല്ലയോ എന്നു സ്ഥിരീകരിക്കുന്നതിലെ സങ്കീർണത കച്ചവടത്തിന്റെ കാര്യത്തിലുമുണ്ട്. കടക്കെണിയിലായ കഥ ചൂണ്ടിക്കാണിക്കുമ്പോൾ കോവിഡിന് മുൻപേ എടുത്ത വായ്പയല്ലേ എന്നാണ് ഉദ്യോഗസ്ഥരിൽ ചിലരെങ്കിലും ചോദിക്കുന്ന മറുചോദ്യം. ഹൃദ്രോഗവും വൃക്കരോഗവും കരൾരോഗവും ഉണ്ടെങ്കിൽ മരണം കോവിഡ് പട്ടികയിൽ വരില്ല എന്നു പറയുന്നതുപോലുള്ള അതേ ന്യായം. കോവിഡ് വന്നിരുന്നില്ലെങ്കിൽ അൽപകാലം കൂടി അതിജീവിക്കുമായിരുന്നു എന്ന വാക്കുകൾ ചട്ടങ്ങളുടെ കാരിരുമ്പുകൊണ്ടു ഹൃദയം കനപ്പിച്ചവർ കേൾക്കാൻ ഇടയില്ല. കഷ്ടത്തിലായിപ്പോയവർക്ക് കരകയറാനുള്ള അവസാന സാധ്യതയാണ് നീണ്ടുനീണ്ടു പോകുന്ന ലോക്ഡൗൺ ഇല്ലാതാക്കിയത്.

തുറന്ന ബാറും അടഞ്ഞ കടയും

വ്യാപാരനഷ്ടത്തിന്റെ കണക്കെടുക്കേണ്ടത് കോവിഡ് ലോക്ഡൗൺ തുടങ്ങിയ 2020 മാർച്ച് 23 മുതൽ അല്ല. കേരളത്തിൽ അത് 2018 ഓഗസ്റ്റിലെ പ്രളയം മുതൽ ആരംഭിക്കുകയാണ്. പ്രളയശേഷം തുറന്ന കടകളിലെ പണം വരവിൽ 60 ശതമാനം കുറവുണ്ടായെന്നാണ് കേരളാ ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്ക്. പതിനായിരം രൂപയുടെ കച്ചവടം നടത്തിയിരുന്നവർക്ക് നാലായിരം മാത്രമേ പെട്ടിയിൽ വീഴുന്നുള്ളൂ എങ്കിൽ പിന്നെ മറ്റെന്തു പറഞ്ഞിട്ടു കാര്യം. ആ കടയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികൾ. കടയിലേക്ക് ഉൽപന്നങ്ങൾ നൽകുന്ന വിതരണക്കാർ. വിതരണക്കാർക്ക് ഇവ നൽകുന്ന സ്റ്റോക്കിസ്റ്റുകൾ. അവർ ആശ്രയിക്കുന്ന ഫാക്ടറികൾ. ഇങ്ങനെ വലിയൊരു ശൃംഖലയുടെ കണ്ണിയാണ് മുറിയുന്നത്. ഒറ്റയാൾ നടത്തുന്ന ഒരു കടയിലെ വിൽപനക്കുറവിന്റെ ആഘാതം വരെ നിർമാണം നടക്കുന്ന കമ്പനിയിലെ തൊഴിലാളികളെ വരെ ബാധിക്കുന്ന സ്ഥിതി. സംസ്ഥാനത്ത് 20 മുതൽ 30 ലക്ഷം പേരെങ്കിലും പലവഴികളിൽ ഈ ശൃംഖലയുടെ ഭാഗമാണ്.

ബാറുകൾ തുറക്കാമെങ്കിൽ കടയും തുറന്നാൽ എന്താണ് എന്ന ചോദ്യത്തിൽ യുക്തിയില്ലായ്മയുടെ ചില പ്രശ്‌നങ്ങളുണ്ട്. ബാറുകൾ തുറന്നില്ലെങ്കിൽ മദ്യം കിട്ടാത്തവർ വലിയ സാമൂഹിക പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അത് കുടുംബങ്ങളെ അസ്വസ്ഥമാക്കും. അതു വേറെ വിഷയമാണ്. പക്ഷേ, കട അടച്ചിട്ടതുകൊണ്ട് രോഗവ്യാപനം കുറയുന്നില്ലെങ്കിൽ വഴി മാറി നടക്കേണ്ടി വരില്ലേ? കേരളത്തിൽ ലോക്ക്ഡൗൺ തുടങ്ങിയ മേയ് 8. അതേ ദിവസം തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 27,384. രണ്ടു മാസം കഴിഞ്ഞ് ജൂലൈ എട്ടിന് 3,211. കേരളത്തിൽ പതിനാറായിരത്തിൽ നിന്ന് പതിമൂവായിരം മാത്രമായി കുറഞ്ഞ ഘട്ടത്തിൽ തമിഴ്‌നാട്ടിൽ എന്തുകൊണ്ട് ഇങ്ങനെ വലിയ അന്തരം ഉണ്ടായി? രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ എല്ലാം സമാനമായ കുറവ് ഉണ്ടായി.

കേരളത്തിൽ മനഃപൂർവമായ എന്തെങ്കിലും വീഴ്ച ഉണ്ടായി എന്നതല്ല ഉന്നയിക്കുന്ന പ്രശ്‌നം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ തിരുത്തേണ്ടതുണ്ടോ എന്ന ചോദ്യം മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. വ്യാപാര സമൂഹവും വലിയൊരു വിഭാഗം പൊതുപ്രവർത്തകരും തുടക്കം മുതൽ ഇതു പറയുന്നുണ്ട്. ലോക്ക്ഡൗൺ അശാസ്ത്രീയമാണ് എന്ന വാദങ്ങൾക്ക് ഇതുവരെ കൃത്യമായ മറുപടി ഉണ്ടായിട്ടുമില്ല.

കേരളത്തിൽ രോഗവ്യാപനത്തിന് രണ്ടു പ്രധാന കാരണങ്ങളാണ് ഉള്ളത്. ഒന്ന് വലിയ ജനസാന്ദ്രത. 2011ലെ കണക്ക് അനുസരിച്ച് തന്നെ ഒരു ചതുരശ്ര കിലോമീറ്ററിൽ 892 പേർ കേരളത്തിലുണ്ട്. ദേശീയ ശാരാശരി 340 മാത്രവും. ഇങ്ങനെ ഒരു നഗരത്തിൽ എന്നതുപോലെ ആളുകൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ കട അടച്ചതുകൊണ്ട് എങ്ങനെയാണ് വ്യാപനം കുറയുന്നത്? രണ്ടാമത്തെ കാരണമായി സർക്കാർ പറയുന്നത് ആദ്യഘട്ടത്തിൽ രോഗം വ്യാപിച്ചവരുടെ എണ്ണം കുറവാണ് എന്നതാണ്. അതിനാൽ രണ്ടാംഘട്ടത്തിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കും. പുറത്തിറങ്ങാതെ മാസങ്ങളോളം ഇരിക്കുന്നവർക്ക് അതിജീവിക്കാൻ അരിയും ഉപ്പും മുളകും മാത്രം മതിയോ? ആ പ്രശ്‌നത്തെ എങ്ങനെ നേരിടും?മിഠായിത്തെരുവിലെ പ്രതിഷേധം

ഇപ്പോൾ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്ന വ്യാപാരികൾ ഒറ്റപ്പെട്ട സംഭവമല്ല. കേരള സമൂഹത്തിന്റെ തന്നെ പ്രതിനിധികളാണ്. പത്തുലക്ഷം പേരുള്ള കരുത്തുറ്റ സംഘടനയാണ് എന്നതിനാൽ പ്രതിഷേധിക്കാനുള്ള സാധ്യതയും സാഹചര്യവും വ്യാപാരികൾക്ക് കൂടുതൽ ഉണ്ട് എന്നുമാത്രം. രാഷ്ട്രീയപ്പാർട്ടികളുടെ കൈപ്പിടിയിലാണ് ഓട്ടോ തൊഴിലാളി യൂണിയനുകളും ടാക്‌സി യൂണിയനുകളുമൊക്കെ എന്നതിനാലാണ് അവിടെ നിന്നൊന്നും പെട്ടെന്നു പ്രതിഷേധം പൊട്ടിവരാത്തത്. പല മേഖലകളും സ്‌ഫോടനാത്മകമായ സ്ഥിതിയിലാണ്.

കേരളം വരുന്ന മാസങ്ങളിൽ നേരിടേണ്ടി വന്നേക്കാവുന്ന ചില അതീവ ഗുരുതര പ്രശ്‌നങ്ങളുണ്ട്. കിട്ടാക്കടം പൊതുമേഖലാ ബാങ്കുകളുടേത് മാത്രം 8793 കോടി രൂപയാണ്. ഇതു കേരളത്തിൽ മാത്രം വിതരണം ചെയ്ത തുകയാണ്. ഗ്രാമീണ ബാങ്കുകളുടേത് മറ്റൊരു 672 കോടി രൂപയും. ഇനി സ്വകാര്യ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം നോക്കുക. 6,847 കോടി രൂപ. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും കിട്ടാനുള്ളത് പതിനോരായിരത്തി അഞ്ഞൂറ്റി 18 കോടി രൂപ. അങ്ങനെ കേരളത്തിൽ മൊത്തം ഇപ്പോഴത്തെ കിട്ടാക്കടം അഥവാ തിരിച്ചടവു മുടങ്ങിയിരിക്കുന്ന വായ്പ 27,374 കോടി രൂപയാണ്.

ഈ ഇരുപത്തിയേഴായിരത്തി മുന്നൂറ്റി എഴുപത്തിനാലു കോടി രൂപ തിരിച്ചുപിടിക്കാതെ ബാങ്കുകൾക്ക് എത്രകാലം പ്രവർത്തിക്കാൻ കഴിയും? മൊറട്ടോറിയം നീങ്ങി അതിനായി ബാങ്കുകൾ ഇറങ്ങുന്ന നിമിഷം പൂട്ടേണ്ടി വരും കേരളത്തിലെ ബഹുഭൂരിപക്ഷം കച്ചവട സ്ഥാപനങ്ങളും. എറണാകുളം എം.ജി. റോഡിന്റെ പൈതൃകത്തിന്റെ ഭാഗമായ വുഡ്‌ലാൻസ് ഹോട്ടലിന്റെ ബഹുനില മന്ദിരം ജപ്തി ചെയ്ത് ബാങ്ക് പരസ്യം വന്നത് കഴിഞ്ഞയാഴ്ചയാണ്.

നാലുവർഷമായി കേരളത്തിൽ ശരിക്കുള്ള ഓണമില്ലാതായിട്ട്. 2018ൽ മഹാപ്രളയം. 2019ൽ രണ്ടാം വെള്ളപ്പൊക്കം. 2020ലും ഇപ്പോഴും കോവിഡ്. ഓണം ഒരു സാംസ്‌കാരികോൽസവം എന്നതിനപ്പുറം കേരളത്തിന്റെ ഷോപ്പിങ് ആഘോഷമാണ്. ടിവിയും ഫ്രിഡ്ജും ഫോണും മുതൽ ഉടുപ്പുകൾ വരെ വിറ്റുപോകുന്ന സമയം. ആകെ വിൽപനയുടെ 40 ശതമാനവും നടന്നിരുന്നത് ഓണത്തിന്റെ ദിവസങ്ങളിലാണ്. ബോണസ് പോയിട്ട് ദിവസക്കൂലി പോലും പൂർണമായും കിട്ടാത്ത ജനത. അവരെ ആശ്രയിച്ചു കഴിയേണ്ടി വരുന്ന വ്യാപാരികൾ. പ്രചരിപ്പിക്കുന്നതിലും സങ്കീർണമാണ് കാര്യങ്ങൾ.

തുറന്നാലും അഴിയാത്ത കുരുക്ക്

ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന 26,680 കമ്പനികൾ. സർവീസ് മേഖലയിലെ 48,346 സ്ഥാപനങ്ങൾ. 15,875 ചെറുകിയ വ്യാപാരികൾ. ഇത്രയും പേരുണ്ട് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ കണക്കനുസരിച്ച് കേരളത്തിൽ വായ്പാ തിരിച്ചടവ്‌ മുടങ്ങിയവർ. പ്രവർത്തിക്കാൻ ഒരു ഗതിയും ഇല്ലാതായവർ എന്നാണ് അർത്ഥം. ഇവരെ ഒക്കെ വീണ്ടും കച്ചവടം നടത്താൻ സജ്ജമാക്കേണ്ട സമയത്ത് കണ്ണുരുട്ടി കളി പഠിപ്പിക്കുകയാണോ വേണ്ടത്?

കേന്ദ്രസർക്കാരിന്റെ മുദ്രാവായ്പ കേരളത്തിൽ മാർച്ച് 31 വരെ വിതരണം ചെയ്തിരിക്കുന്നത് 12,149 കോടി രൂപയാണ്. ഗ്രാമീണ മേഖല പോയവർഷം പിടിച്ചു നിന്നതിന്റെ ഒരു സൂചനയാണ് ഈ വായ്പാ തുക. ഇതു വാങ്ങിയ ബഹുഭൂരിപക്ഷത്തിനും മുടക്കിയ പണം പോലും തിരിച്ചുകിട്ടിയിട്ടില്ല. പന്ത്രണ്ടായിരം കോടി രൂപയുടെ മുദ്രാവായ്പ എടുത്ത ആ താഴേത്തട്ടിലുള്ളവരുടെ സ്ഥിതി ഇനി എന്താകും.

കട തുറക്കുന്നതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല വ്യാപാരികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ. അവർക്ക് കച്ചവടം ഉണ്ടാകണം. അതിന് ബസുകൾ ഓടണം. ആളുകളുടെ കയ്യിൽ മുടക്കാൻ പണം ഉണ്ടാകണം. തൊഴിൽ ഉണ്ടാകണം. നവകേരളസൃഷ്ടി എന്ന പ്രളയാനന്തര മുദ്രാവാക്യം തന്നെ മാറ്റേണ്ടി വരും. വേണ്ടിവരിക അടിത്തറ മുതൽ ഇളക്കിപ്പണിയേണ്ട സമൂഹ നിർമ്മാണമാണ്. ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ഒരു സൂചന മാത്രമാണ് ഇപ്പോൾ നടക്കുന്ന വ്യാപാരി സമരങ്ങൾ.

കണക്കുകളെല്ലാം മാറ്റിവയ്ക്കാം. വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടവും ഒറ്റപ്പെട്ടതല്ല എന്നു ചൂണ്ടിക്കാണിക്കാം. എല്ലാമേഖലയിലും ഉണ്ടാകുന്നുണ്ട് നഷ്ടം. നെല്ലും പയറും ഉണ്ടാക്കുന്ന കർഷകനുമുണ്ട് അതു വിൽക്കാൻ കഴിയാത്തതിന്റെ പ്രതിസന്ധി. പക്ഷേ, എന്താണ് പരിഹാരം?

ക്രൊയേഷ്യയിലെ ഡാൽമേഷ്യൻ തീരത്ത് 1377ൽ ആണ് ലോകത്തെ ആദ്യ ക്വാറന്റീൻ ഏർപ്പെടുത്തുന്നത്. ഇറ്റലിയിൽ തുടങ്ങി ഫ്രാൻസും സ്‌പെയിനും വഴി പടർന്ന പ്‌ളേഗിനെ തുടർന്നായിരുന്നു തീരുമാനം. അന്നു ക്വാറന്റീൻ തീരുമാനിച്ചത് 40 ദിവസത്തേക്കാണ്. അതെന്തുകൊണ്ടാണ് നാൽപ്പത് എന്നു ചോദിച്ചാൽ ക്രിസ്തു മരുഭൂമിയിലൂടെ സഞ്ചരിച്ച ദിവസം 40 ആണ് എന്നായിരുന്നു ഉത്തരം. ആറു നൂറ്റാണ്ടു മുൻപ് അങ്ങനെ ഒരു യുക്തിയെങ്കിലും പറഞ്ഞു വിശ്വസിപ്പിക്കാൻ ഉണ്ടായിരുന്നു. ഇന്ന് 60 ദിവസം പിന്നിട്ടു തുടരുന്ന കടയടപ്പിന് യുക്തിബന്ധിതമായ എന്തുത്തരമുണ്ട് പറയാൻ?
Published by:user_57
First published: