• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thodupuzha Murder | 'രക്ഷിക്കണേയെന്ന് കുട്ടികള്‍ ഫോണില്‍ വിളിച്ചു'; കൂട്ടക്കൊലയുടെ നടുക്കം മാറാതെ അയല്‍വാസി രാഹുല്‍

Thodupuzha Murder | 'രക്ഷിക്കണേയെന്ന് കുട്ടികള്‍ ഫോണില്‍ വിളിച്ചു'; കൂട്ടക്കൊലയുടെ നടുക്കം മാറാതെ അയല്‍വാസി രാഹുല്‍

രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചാണ് പിതാവ് ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയതെന്ന് രാഹുൽ പറഞ്ഞു

  • Share this:
'ഫൈസലിന്‍റെ രണ്ട് കുട്ടികളും തന്‍റെ അനിയത്തിമാരെ പോലെ ആയിരുന്നു..എന്‍റെ വീട്ടിലാണ് അവര്‍ കളിച്ചു വളര്‍ന്നത്...രക്ഷിക്കണേ ചേട്ടാ എന്ന് പറഞ്ഞ് തന്നെ വിളിച്ചിരുന്നു..പക്ഷേ എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല' . തൊടുപുഴ ചീനിക്കുഴിയില്‍ ഉറങ്ങി കിടന്ന മകനെയും കുടുംബത്തെയും പിതാവ് തീവെച്ചു കൊന്ന സംഭവത്തെ കുറിച്ച് നെഞ്ചുപൊട്ടുന്ന വേദനയിലാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കൊല്ലപ്പെട്ട ഫൈസലിന്‍റെ അയല്‍വാസിയാണ് രാഹുല്‍. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചാണ് പിതാവ് ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയതെന്ന് രാഹുൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്  മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദ് (79) പൊലീസ് കസ്റ്റഡിയിലാണ്.

മുറിയില്‍ തീപടര്‍ന്നതും ഫൈസലും മക്കളും രക്ഷതേടി ടോയ്ലറ്റില്‍ ഒളിച്ചു. രക്ഷിക്കാന്‍ അപേക്ഷിച്ച് കുട്ടികള്‍ ഫോണില്‍ വിളിച്ചെന്നും രാഹുല്‍ പറഞ്ഞു. ഓടിച്ചെന്നപ്പോൾ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. പുറത്തേക്കുളള വാതിലുകളും കിടപ്പുമുറിയുടെ വാതിലും പുറത്തുനിന്ന് പൂട്ടിയിരുന്നു. വാതിലുകള്‍ ചവിട്ടിത്തുറന്നപ്പോള്‍ നാലുപേരും ടോയ്ലറ്റില്‍ ഒളിച്ചനിലയിലായിരുന്നു.  ഹമീദ് ‍പെട്രോള്‍ നിറച്ച കുപ്പികള്‍ മുറിയിലേക്ക് എറിയുന്നുണ്ടായിരുന്നു. പിന്നീട് നാട്ടുകാർ എത്തിയാണ് തീയണച്ചതെന്നും രാഹുൽ പറഞ്ഞു.

 Also Read- സ്വത്ത് എഴുതി നല്‍കിയിട്ടും സംരക്ഷിക്കാത്തതിന്റെ പക; തര്‍ക്കം പതിവ്; കുറ്റം സമ്മതിച്ച് പ്രതി

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉറങ്ങുകയായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളില്‍ തീ പടരുന്നത് കണ്ടാണ് ഞെട്ടിയുണര്‍ന്നത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാനായില്ല.

കൊലപാതകശേഷം ബന്ധു വീട്ടിലേക്ക് പോയ ഹമീദിനെ പൊലീസ് പിടികൂടി. കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. വീട്ടില്‍ പെട്രോള്‍ കരുതിയിരുന്ന ഹമീദ് വീട്ടിലെയും അലയല്‍വീട്ടിലെയും ടാങ്കുകളിലെ വെള്ളം തുറന്നുവിട്ടിരുന്നു. അതിനാലാണ് കുടുംബത്തിന് വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്തത്.

Also Read- വീട് പൂട്ടി, ടാങ്കിലെ വെള്ളം തുറന്നുവിട്ടു; മകനെയും കുടുംബത്തെയും ഹമീദ് കൊന്നത് രക്ഷപെടാനുള്ള പഴുതുകളെല്ലാം അടച്ച്

പൊലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയാണ് ഹമീദ് പെരുമാറിയത്.സ്വത്ത് എഴുതി നല്‍കിയിട്ടും തന്നെ സംരക്ഷിക്കാത്തതിന്റെ പകയായിരുന്നു ഹമീദിനെന്നാണ് പൊലീസ് പറയുന്നത്. മകനും കുടുംബവുമായി നിരന്തരമായ തര്‍ക്കമുണ്ടായിരുന്നു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നായിരുന്നു പ്രതിയുടെ ഒരാവശ്യം. ഇതേച്ചൊല്ലി ഹമീദ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ഫൈസലും കുടുംബവും പുതിയ വീട് വെച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദ് കൊല നടത്തിയത്. കൊലപാതകം നടന്ന തറവാട് വീടും അതിനോട് ചേര്‍ന്ന സ്ഥലവും ഹമീദ് മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. വാര്‍ധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ മകന്‍ തന്നെ നോക്കിയിരുന്നില്ലെന്നാണ് ഹമീദ് പൊലീസിനോട് പറഞ്ഞത്.

ഭാര്യ മരിച്ച ശേഷം കടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാള്‍ മുന്‍പാണ് തിരിച്ചെത്തിയത്. അന്നുമുതല്‍ വസ്തുവിനെചൊല്ലി വീട്ടില്‍ എന്നും വഴക്കായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോയി.
Published by:Arun krishna
First published: