• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് ഡോക്ടറെ മര്‍ദിച്ച സംഭവം: മർദ്ദനങ്ങൾക്ക് വിധേയമായി ചികിത്സ തുടരാൻ ആകില്ലെന്ന് IMA;കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ഡോക്ടറെ മര്‍ദിച്ച സംഭവം: മർദ്ദനങ്ങൾക്ക് വിധേയമായി ചികിത്സ തുടരാൻ ആകില്ലെന്ന് IMA;കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

ഡോ. അശോകനെതിരെ നടന്നത് കൊലപാതകശ്രമമാണെന്ന് ഐഎംഎ ആരോപിച്ചു

  • Share this:

    കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനെ രോഗിയുടെ ബന്ധുക്കൾ മർദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

    ഡോ. അശോകനെതിരെ നടന്നത് കൊലപാതകശ്രമമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ആരോപിച്ചു. സ്കാൻ റിപ്പോർട്ട് വൈകി എന്നാരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തികഞ്ഞ കാടത്തമാണെന്നും ഇത്തരം മർദ്ദനങ്ങൾക്ക് വിധേയമായി ചികിത്സ തുടരാൻ ആകില്ലെന്നും ഐഎംഎ വ്യക്തമാക്കി.

    ഗൈനക്കോളജിസ്റ്റായ ഡോക്ടറെ അവഹേളിക്കുകയും ആശുപത്രി തല്ലിത്തകർക്കുകയും കാർഡിയോളജി ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുസമൂഹത്തിനെയും ഞെട്ടിപ്പിക്കുന്നതാണെന്ന് ഐഎംഎയുടെ പ്രസ്താവനയിൽ പറയുന്നു.

    Also Read- കോഴിക്കോട് ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടർക്ക് മർദനം; ആറു പേർക്കെതിരെ കേസെടുത്തു

    കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രതിഷേധ സൂചകമായി ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഇത്തരം നീച പ്രവർത്തനങ്ങൾ തുടർന്നാൽ കേരളത്തിലാകമാനം ചികിത്സ നടപടികൾ നിർത്തിവച്ച് സമരം നടത്തുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.

    ആശുപത്രി സംരക്ഷണ നിയമം ഉടനടി ഉടച്ചു വാർക്കുകയും ഹൈക്കോടതി ഉത്തരവിന് അനുസൃതമായി പോലീസ് നടപടികൾ ശുഷ്കാന്തിയൊടെ നടപ്പിലാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രി ആക്രമണങ്ങൾ ഡോക്ടർമാരെ ഡിഫൻസീവ് ചികിത്സാരീതിയിലേക്ക് തള്ളിവിടുമെന്നും അത് ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുവാൻ ഇടയാകും എന്നും അവർ ചൂണ്ടിക്കാണിച്ചു.

    കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ സിടി സ്കാൻ റിപ്പോർട്ട് വൈകിയെന്നാരോപിച്ചുണ്ടായ തർക്കമാണ് ഡോക്ടറെ മർദ്ദിക്കുന്നതിലും ആശുപത്രിയിൽ നാശനഷ്ടമുണ്ടാക്കുന്നതിലും എത്തിയത്. ഒരാഴ്ച്ച മുമ്പ് ആശുപത്രിയിൽ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അവശതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു.

    ഡോക്ടർ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടയിൽ യുവതിയുടെ സി ടി സ്കാൻ റിസൾട്ട്‌ വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തു. ഡോക്ടർ അനിതയുടെ ഭർത്താവാണ് ഹൃദ്രോഗ വിദഗ്ധനായ ഡോ. അശോകൻ. ഇദ്ദേഹത്തെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.

    സംഭവത്തിൽ ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Published by:Naseeba TC
    First published: