ഉമ്മൻചാണ്ടി ടിക്ക് ചെയ്ത അഖിലിനെ വെട്ടിയത് ഷാഫിയോ? രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ ചർച്ചയാവുന്ന പോസ്റ്റ്
- Published by:Rajesh V
- news18-malayalam
Last Updated:
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഷാഫി പറമ്പിൽ, നിർണായക സമയത്ത് രാഹുലിനായി എ ഗ്രൂപ്പിനെ തന്നെ വഞ്ചിച്ചുവെന്ന ഒരുകൂട്ടം നേതാക്കളും യുവാക്കളും ഇപ്പോഴും വിശ്വസിക്കുന്നു
കോഴിക്കോട്: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ 'പഴയ നീതികേട്' ഓര്‍മിപ്പിച്ച് മുൻ യൂത്ത് കോൺഗ്രസ് നേതാവും ഇപ്പോൾ കെപിസിസി അംഗവുമായ ജെ എസ് അഖിൽ. ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം 'ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു...' എന്നാണ് അഖിൽ കുറിച്ചത്. ഇതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
രാഹുല്‍ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അന്ന് ഉമ്മൻ ചാണ്ടി നിര്‍ദേശിച്ച പേര് അഖിലിന്റേതായിരുന്നു. ആ സംഭവം കൂടി ഓർമിപ്പിച്ചാണ് അഖിലിന്റെ പോസ്റ്റെന്നാണ് വിലയിരുത്തൽ.
2023ൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എ ഗ്രൂപ്പ് സ്ഥാനാർത്ഥി ആരായിരിക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ മനസ്സറിയാൻ മൂന്നു പേരുകളെഴുതിയ കുറിപ്പുമായി ഷാഫി പറമ്പിലും ബെന്നി ബെഹന്നാനും അടക്കമുള്ള നേതാക്കൾ വെല്ലൂരിലെത്തി. കെ എം അഭിജിത്ത്, ജെ എസ് അഖില്‍, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ പേരുകളാണ് കടലാസിൽ ഉണ്ടായിരുന്നത്.
advertisement
ഇതും വായിക്കുക: ഡിസംബർ 4 സത്യപ്രതിജ്ഞ മുതൽ പുറത്താക്കൽ വരെ; രാഹുൽ മാങ്കൂട്ടത്തിൽ എന്ന താരത്തെ 'കൈ' ഒഴിയുമ്പോൾ
കടലാസ് വാങ്ങി നോക്കിയ ഉമ്മൻചാണ്ടി ഇതിൽ അഖിലിന്റെ പേരിനുനേരെ ടിക്ക് ഇട്ട് ഷാഫിയെ ഏൽപിച്ചു. എന്നാൽ തിരിച്ചെത്തിയ ഷാഫി പറമ്പിലിന്റെ മനസ്സിൽ പ്ലാൻ മറ്റൊന്നായിരുന്നു. ഏറെ താമസിയാതെ ജൂലായിൽ ഉമ്മൻ ചാണ്ടി അന്തരിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവക്കുകയും ചെയ്തു. പിന്നീട് തിരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻ ചാണ്ടി നിർദേശിച്ച അഖിലിന്റെ പേരുവെട്ടി, ഷാഫി രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കി. ഉമ്മൻചാണ്ടി നിർദേശിച്ച പേര് ഒഴിവാക്കപ്പെട്ടതിൽ എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹന്നാൻ അടക്കമുള്ളവർക്ക് അതൃപ്തിയുണ്ടായിരുന്നു.
advertisement
എന്നാൽ ഷാഫിയുടെ പിടിവാശി വിജയം കണ്ടു. എ ഗ്രൂപ്പിന്റെ നോമിനിയായി രാഹുലും ഐ ഗ്രൂപ്പിന്റെ നോമിനിയായി അബിൻ വർക്കിയും ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ ഔദ്യോഗിക പിൻഗാമിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തി. രാഹുൽ പക്ഷത്തിനെതിരെ വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണമടക്കം ഉയർന്നു. കേസ് എടുത്തു. അടൂരിലെ അടുത്ത സുഹൃത്തുക്കളടക്കം കേസിലായി എങ്കിലും രാഹുലിന്റെ താരോദയമായി.
ഈ തിളക്കം പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്കും നീണ്ടു. പാലക്കാട് ഒഴിഞ്ഞപ്പോൾ പത്തനംതിട്ടക്കാരനായ രാഹുലിനെ വീണ്ടും ഷാഫി തന്റെ പിൻഗാമിയാക്കി. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് പിന്നാലെ രാഹുൽ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ അന്ത്യവിശ്രമ സ്ഥലത്തെത്തി. എന്നാൽ, ഈ സന്ദർശന സമയത്ത് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് മാറി നിന്ന് അതൃപ്തി പ്രകടമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഷാഫി പറമ്പിൽ, നിർണായക സമയത്ത് രാഹുലിനായി എ ഗ്രൂപ്പിനെ തന്നെ വഞ്ചിച്ചുവെന്ന ഒരുകൂട്ടം നേതാക്കളും യുവാക്കളും ഇപ്പോഴും വിശ്വസിക്കുന്നു.
advertisement
പാലക്കാടിന് കോൺഗ്രസ് സമ്മാനിച്ച ഗിഫ്റ്റായും കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായും പാടിപ്പുകഴ്ത്തിയ രാഹുലിന്റെ നിലയില്ലാക്കയത്തിലേക്കുള്ള വീഴ്ച, തങ്ങളോട് ചെയ്ത നീതികേടിനുള്ള തിരിച്ചടിയായി കാണുന്നവരുടെ വലിയ നിരതന്നെയുണ്ട് കോൺഗ്രസിലുണ്ട്. അന്ന് ഉമ്മൻചാണ്ടി ടിക്കിട്ട് നൽകിയ ആ കടലാസ് ഇപ്പോഴും ഉമ്മൻചാണ്ടിയുടെ കുടുംബാംഗത്തിന്റെ കൈയിലുണ്ട്....
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 04, 2025 5:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻചാണ്ടി ടിക്ക് ചെയ്ത അഖിലിനെ വെട്ടിയത് ഷാഫിയോ? രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ ചർച്ചയാവുന്ന പോസ്റ്റ്


