സുധാകരനെ വിളിച്ചു; ഇനി കോൺഗ്രസ് രക്ഷപ്പെടുമോ ?

Last Updated:

കെ.സുധാകരനെ KPCC പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരുക എന്നത് മാത്രമല്ല ഈ നീക്കം കൊണ്ട് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അതിലും വലുത് ചിലത് കൂടിയുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കേരളത്തിൽ അങ്ങറ്റം ഇങ്ങറ്റം ഉയർന്ന പ്രതിഷേധ ഫ്ളക്സുകളിൽ ഒന്ന് "കെ. സുധാകരനെ വിളിക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ" എന്നതായിരുന്നു. ആ ആവശ്യം കോൺഗ്രസ് ഹൈക്കമാണ്ട് അംഗീകരിച്ചിരിക്കുന്നു. തൽക്കാലത്തേക്കായാലും കെ.സുധാകരന് കെ.പി.സി.സി പ്രസിഡണ്ടിന്റെ ചുമതല നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഫ്ളക്സിൽ പറഞ്ഞത് പോലെ ഇനി രക്ഷപ്പെടുമോ കോൺഗ്രസ്. അത് കാത്തിരുന്ന് കാണേണ്ട കാര്യം. എന്നാൽ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടു വരുക എന്നത് മാത്രമല്ല ഈ നീക്കം കൊണ്ട് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അതിലും വലുത് ചിലത് കൂടിയുണ്ട്.
നേതൃമാറ്റമില്ലാതെ തലപ്പത്ത് അഴിച്ചുപണി
ഔദ്ദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടിയെ നയിക്കുന്ന നേതാവ് തന്നെ വിമതനെ ഇറക്കുക. അതാണ് തദ്ദേശതിരഞ്ഞെടുപ്പിൽ വടകരയിലെ കല്ലാമല ഡിവിഷനിൽ കോൺഗ്രസിൽ സംഭവിച്ചത്. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ കെ.പി.സി.സി പ്രസിഡണ്ട് തന്നെ വിമതനെ ഇറക്കി. ഇതിനെതിരെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയപ്പോൾ ഒടുവിൽ മറ്റുഗതിയില്ലാതെ പ്രസിഡണ്ട്, വിമത സ്ഥാനാർത്ഥിയെ പിൻവലിച്ചു. ഇതടക്കമുള്ള വിഷയങ്ങളുയർത്തി കെ.പി.സി.സി പ്രസിഡണ്ട് മാറണമെന്ന ആവശ്യമുയർന്നു തിരഞ്ഞെടുപ്പിന് ശേഷം. എന്നാൽ നേതൃമാറ്റമില്ലെന്ന നിലാപാടാണ് ഹൈക്കമാണ്ട് സ്വീകരിച്ചത്.
advertisement
എന്നാൽ എഐസിസി നേതാക്കൾ സംസ്ഥാനത്ത് നടത്തിയ ചർച്ചകളിലുയർന്ന നിർദ്ദേശം മറിച്ചായി. അങ്ങനെയാണ് ഡൽഹി ചർച്ചയിൽ പുതിയ തീരുമാനമുണ്ടായത്. കെ.പി.സി.സി പ്രസിഡണ്ടിനെ മത്സരിപ്പിക്കാൻ ഇറക്കുക. പകരം താൽക്കാലിക പ്രസിഡണ്ടിനെ കൊണ്ടു വരുക. ഈ ആലോചനയാണ് മുല്ലപ്പള്ളിയെ മത്സരിപ്പിക്കാനും കെ.സുധാകരന് പകരം ചുമതല നൽകാനുമുള്ള തീരുമാനത്തിന് പിന്നിൽ. അങ്ങനെ നേതൃമാറ്റമില്ലാതെ പാർട്ടി തലപ്പത്ത് ഹൈക്കമാണ്ട് അഴിച്ചുപണി നടത്തി. ആരേയും വേദനിപ്പിച്ചുമില്ല, ആവശ്യം നടത്തിയെടുക്കുകയും ചെയ്തു.
മുമ്പ് എതിർത്തവരും ഇപ്പോൾ ഒപ്പം
സമീപകാലത്ത് കെ.പി.സി.സിയിൽ അഴിച്ചു പണിയുണ്ടായപ്പോഴൊക്കെ പ്രസിഡ‍ണ്ട് സ്ഥാനത്തേക്ക് ഉയർന്ന പേരാണ് കെ.സുധാകരന്റെത്. അന്ന് സ്വന്തം ഗ്രൂപ്പിൽ നിന്ന് പോലും എതിർപ്പുകളുണ്ടായി. തന്നിഷ്ടം പോലെ പ്രവർത്തിക്കുന്ന സുധാകരനെ നേതൃത്വം ഏൽപ്പിക്കാനാകില്ലെന്നതായിരുന്നു ഇവരുടെ വാദം. അങ്ങനെ സുധാകരനെ തഴഞ്ഞ് പല പ്രസഡിണ്ടുമാരെ കോൺഗ്രസ് പരീക്ഷിച്ചു. ഇന്ന് ആ വിമർശനം ഉയർത്തിയ നേതാക്കൾക്ക് പോലും ഹൈക്കമാണ്ടിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ആകെ അവശതയിലായ പാർട്ടിക്ക് ഇന്ന് വേണ്ട മരുന്നായി മാറിയിരിക്കുകയാണ് ഇന്ന് കെ.സുധാകരൻ. പക്ഷെ അപ്പോഴും പഴയ ജാതി,മത സമവാക്യങ്ങൾ ഉപേക്ഷിച്ചതുമില്ല.
advertisement
ഐ ഗ്രൂപ്പിന് ആശ്വാസം
പാർട്ടിക്ക് പുതുജീവൻ നൽകുന്നത് തന്നെയാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അണികളെ ആവേശം കൊള്ളിക്കാൻ കെ.സുധാകരനെക്കാൾ നല്ലോരു നേതാവുമില്ല. ഇതൊക്കെയാണെങ്കിലും കെ.സുധാകരൻ കെ.പി.സി.സി നേതൃത്വത്തിലേക്ക് വരുന്നതിൽ ഏറ്റവും ആശ്വാസം ഐ ഗ്രൂപ്പിനാകും. നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഐ ഗ്രൂപ്പ് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചിരിക്കുമ്പോഴാണ് തദ്ദേശതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായത്. രമേശ് ചെന്നിത്തല തൽക്കാലത്തേക്കെങ്കിലും സർക്കാരിനെതിരെയുള്ള ആക്രമണങ്ങളിൽ നിന്ന് പിൻവാങ്ങുക കൂടി ചെയ്തതോടെ ഐ ഗ്രൂപ്പ് പ്രതിരോധത്തിലായി. ഇതിന് പിന്നാലെയാണ് ഉമ്മൻചാണ്ടിയെ നേതാവാക്കി ഹൈക്കമാണ്ട് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി പ്രഖ്യാപിച്ചത്. ഗ്രൂപ്പിനേറ്റ ഈ തിരിച്ചടിയുടെ ക്ഷീണം മാറ്റാൻ ഈ പ്രഖ്യാപനം ഐ ഗ്രൂപ്പിനെ സഹായിക്കും.
advertisement
പിറവിയെടുക്കുമോ പുതിയ ഗ്രൂപ്പ്
ഐ ഗ്രൂപ്പിന്റെ ഭാഗമാണ് കെ.സുധാകരൻ. പക്ഷെ ഗ്രൂപ്പ് നേതൃത്വത്തിന് പിഴവുണ്ടായാൽ അത് ചൂണ്ടികാട്ടാൻ മടിയും കാണിച്ചിരുന്നില്ല. പലപ്പോഴും പരസ്യമായി തന്നെ അത് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന നേതാവെന്ന പഴി കേൾക്കേണ്ടി വന്നതും. പക്ഷെ കെ.സുധാകരനെ കെ.പി.സി.സിയുടെ ചുമതല ഏൽപ്പിക്കാൻ ഹൈക്കമാണ്ട് തീരുമാനിച്ചത് പദവികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വച്ചതിന്റെ ഭാഗമായിട്ടല്ല. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയെ കൈപിടിച്ച് കയറ്റാൻ ഏറ്റവും പ്രാപ്തനായ നേതാവെന്ന നിലയ്ക്കാണ്. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലാത്ത ചില നേതാക്കൾ ഇതിന് മുമ്പും കെ.പി.സി.സി പ്രസിഡണ്ടായിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനും, വി.എം.സുധീരനുമടക്കം. ഇവരിൽ ചിലരെങ്കിലും തലപ്പത്തെത്തിയ ശേഷം പുതിയ ഗ്രൂപ്പിന്റെ നാഥൻമാരാകുകയും ചെയ്തിട്ടുണ്ട്. ഹൈക്കമാണ്ട് ഗ്രൂപ്പെന്ന ഓമനപേരുപോലും ഇത്തരം ഗ്രൂപ്പുകൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. കെ.സുധാകരൻ കെ.പി.സി.സിയുടെ തലപ്പെത്തുമ്പോൾ പുതിയ ഗ്രൂപ്പുണ്ടാകുമെന്ന് കരുതുന്നില്ല. പക്ഷെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചില ഇളക്കങ്ങളുണ്ടാകും. അതിൽ സംശയം വേണ്ട. കണ്ണൂര്‍ നേതാവിൽ നിന്ന് കെ.സുധാകരൻ സംസ്ഥാന നേതാവാകുകയാണ്. മാറ്റം ഐ ഗ്രൂപ്പ് നേതൃത്വത്തിലുമുണ്ടാകും.
advertisement
ജയിച്ചാലും തോറ്റാലും
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി വിജയിച്ചാലും പരാജയപ്പെട്ടാലും താൽക്കാലിക പ്രസിഡണ്ടായ കെ.സുധാകരന് അത് ഗുണമാകുകയേയുള്ള. നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റാൽ, അതുണ്ടാക്കുന്ന ആഘാതത്തിൽ നിന്ന് കരകയറാൻ ശക്തനായ നേതാവ് വേണമെന്നാകും ആവശ്യം. വിജയിച്ചാൽ പാർട്ടിയെ നയിച്ച നേതാവ് തുടരട്ടെ എന്നാകും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം എന്തായാലും താൽക്കാലിക പ്രസിഡണ്ടിൽ നിന്ന് മുഴുവൻ സമയ പ്രസിഡണ്ടിലേക്കുള്ള ദൂരമാകും കെ.സുധാകരന് ഈ തിരഞ്ഞെടുപ്പ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുധാകരനെ വിളിച്ചു; ഇനി കോൺഗ്രസ് രക്ഷപ്പെടുമോ ?
Next Article
advertisement
Love Horoscope December 21 | വീട്ടിൽ ഐക്യം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുക ; അഭിപ്രായവ്യത്യാസങ്ങൾ അനുഭവപ്പെടാം: ഇന്നത്തെ പ്രണയഫലം അറിയാം
വീട്ടിൽ ഐക്യം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുക ; അഭിപ്രായവ്യത്യാസങ്ങൾ അനുഭവപ്പെടാം: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയബന്ധങ്ങളിൽ ക്ഷമയും മനസ്സിലാക്കലും ആവശ്യമാണ്

  • വിവാഹാലോചനകൾ, പുതിയ തുടക്കങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ

  • ബന്ധം ശക്തിപ്പെടുത്താനും വികാരങ്ങൾ തുറന്നു പങ്കിടാനും അവസരങ്ങളുണ്ട്

View All
advertisement